പച്ചക്കറിവില കുതിച്ചുയരുകയാണ്, എന്നുകരുതി കറി വെക്കണ്ടേ!! ഇതാ പച്ചക്കറി വേണ്ടാത്ത ഒരു അടിപൊളി 'കൂട്ടാന്‍'

പച്ചക്കറികളൊന്നും ഇല്ലാതെ 'വെറും പുളിങ്കറി' എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

dot image

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുകയാണ്. തിരുവനന്തപുരത്ത് 27 കിലോയുള്ള ഒരു പെട്ടി തക്കാളിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപയുടെ വ്യത്യാസമാണ് ഒറ്റദിവസം ഉണ്ടായത്. അതായത് 600 രൂപ 800 രൂപ ആയി. ചെറുനാരങ്ങ, സവാള, വെളുത്തുള്ളി, വെണ്ടയ്ക്ക, തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നിട്ടുണ്ട്. സ്വര്‍ണ്ണം തൂക്കുന്ന ജാഗ്രതയോടെ ഉളളി കച്ചവടം നടത്തണമെന്നാണ് കച്ചവടക്കാരും പറയുന്നത്. കുതിച്ചുയരുന്ന ഈ പച്ചക്കറി വില സാധാരണക്കാരെ ബാധിക്കുന്നത് ചെറിയ രീതിയില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഭക്ഷണം കഴിക്കാതിരിക്കാന്‍ പറ്റില്ലല്ലോ. പച്ചക്കറികള്‍ ഒന്നും ഇല്ലാതെയും ചോറിന് കറിയുണ്ട്. പച്ചക്കറികള്‍ ഒന്നും ചേര്‍ക്കാതെ സിമ്പിളായി തയ്യാറാക്കാവുന്ന ഒരു പുളിങ്കറിയുടെ റസിപ്പി പറഞ്ഞുതരികയാണ് പാചകവിദഗ്ധനും പഴയിടം മോഹനന്‍ നമ്പൂതിരിയുടെ മകനുമായ യദു പഴയിടം.

വെറും പുളിങ്കറി

ആവശ്യമുളള സാധനങ്ങള്‍
സാമ്പാര്‍ പരിപ്പ് -2 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ് -2 ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് -2 ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്
വറ്റല്‍ മുളക്
മുഴുവന്‍ മല്ലി
(പുളിങ്കറിക്ക് വേണ്ട പ്രധാന ചേരുവകള്‍ ഇവയാണ്)
ഉപ്പ് - പാകത്തിന്
കറിവേപ്പില - ആവശ്യത്തിന്
വാളന്‍പുളി - (ഒരു നെല്ലിക്കാവലിപ്പം)
മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍
വെളിച്ചെണ്ണ -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വാളന്‍പുളി വെളളത്തില്‍ കുതിരാന്‍ വച്ച ശേഷം ഒരു കല്‍ച്ചട്ടിയിലേക്ക് അരിച്ചൊഴിക്കുക. ശേഷം കല്‍ച്ചട്ടി അടുപ്പില്‍ വച്ച് തീ കത്തിച്ച് ആവശ്യത്തിന് മഞ്ഞള്‍പ്പൊടി 1/2 ടീസ്പൂണ്‍ ഉപ്പും ചേര്‍ത്ത് അടച്ച് വച്ച് തിളപ്പിക്കുക. ഒരു പാന്‍ അടുപ്പില്‍ വച്ച് ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാകുമ്പോള്‍ തേങ്ങ ചിരകിയത് വറ്റല്‍ മുളക് മല്ലി, ഉഴുന്നുപരിപ്പ്,സാമ്പാറ് പരിപ്പ്, കടലപ്പരിപ്പ് ഇവ ചേര്‍ക്കുക. കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക. തേങ്ങ സ്വര്‍ണ്ണനിറമാകുന്നത് വരെ ഇളക്കണം. ചൂടാറുമ്പോള്‍ ഒരു മിക്‌സിയുടെ ജാറില്‍ അല്‍പ്പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം.

ഇത് കല്‍ച്ചട്ടിയിലെ പുളിവെള്ളത്തിലേക്ക് ഒഴിച്ച് ഇളക്കി യോജിപ്പിച്ച് ചൂടാക്കുക. കുറുകിവരുമ്പോള്‍ അടുപ്പ് കെടുത്താം. കുറച്ച് വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത് താളിച്ച് പുളിങ്കറിയിലേക്ക് ചേര്‍ക്കാം.

Content Highlights : how to make vegetable pulincurry without vegetables

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us