ഫ്രീ ആയി നല്ല രുചികരമായ ഭക്ഷണം കിട്ടിയാൽ നിങ്ങൾ കഴിക്കില്ലേ? അത് പിന്നെ ആരാ കഴിക്കാത്തത് അല്ലേ… നമ്മുടെ കേരളത്തിൽ അത്തരത്തലുള്ള ഭക്ഷണശാലകളുടെ വാർത്തകള്‍ നേരത്തെയും കേട്ടിട്ടുണ്ട്. ഇത്തരത്തിലൊന്നാണ് വ്യത്യസ്തമായ ഒരു 'ഡൈനിംഗ് ആശയ'വുമായി പത്തനംതിട്ട ജില്ലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന അഞ്ചപ്പം റെസ്റ്റോറന്റ്. കോഴഞ്ചേരി ആസ്ഥാനമാക്കി ഫാദർ ബോബി കട്ടിക്കാട് സ്ഥാപിച്ചതാണ് അഞ്ചപ്പം എന്ന ഒരു ചെറിയ ഹോട്ടൽ. വിശന്ന് വരുന്ന ആർക്കും ഇവിടുന്ന് ഭക്ഷണം നൽകും, അവരുടെ കെെയിൽ പണം ഉണ്ടെങ്കിലും ഇല്ലെങ്കിലും. 'ഭക്ഷണത്തിനുള്ള അവകാശം ഓരോ പൗരൻ്റെയും മൗലികാവകാശമാണ്' എന്നതാണ് റെസ്റ്റോറൻ്റിൻ്റെ ടാഗ്‌ലൈന്‍.
അഞ്ചപ്പത്തിൽ, ആവശ്യമുള്ളവർക്ക് ഭക്ഷണം സൗജന്യമായി നൽകും. എന്നാൽ ഭക്ഷണം കഴിച്ച ശേഷം പണം നൽകാൻ താത്പര്യമുള്ളവർക്ക് തങ്ങളാൽ കഴിയുന്നതോ ഇഷ്ടമുള്ളതോ ആയ പണം നൽകാം. മറ്റൊരു പ്രത്യേകത ഇവിടെ ബില്ലിംഗ് കൗണ്ടർ ഇല്ല എന്നുള്ളതാണ്. കസ്റ്റമേർസിന് സ്വമേധയാ പണമടയ്ക്കാൻ കഴിയുന്ന ഒരു സംഭാവന ബോക്‌സ് അവിടെ സ്ഥാപിച്ചിട്ടുണ്ട്. 15 പേർ അടങ്ങുന്ന ഒരു സംഘമാണ് അഞ്ചപ്പത്തിന്റെ നടത്തിപ്പിന് ചുക്കാന്‍ പിടിക്കുന്നത്.
25 രൂപയ്ക്കുള്ള ഭക്ഷണമാണ് തങ്ങൾ ഇവിടെ വിളമ്പാറുള്ളത്. എങ്കിൽ പോലും അത് നൽകാൻ ആരെയും നിർബന്ധിക്കുന്നില്ല എന്ന് സംരംഭത്തിൻ്റെ ട്രഷറർ പറഞ്ഞു. പണം നൽകാനുള്ള സാമ്പത്തിക സ്ഥിതിയില്ലാത്ത ആളുകൾക്ക് വിശന്നിരിക്കാതെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാം. ഭക്ഷണം കഴിച്ച ശേഷം ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന തുക നല്‍കാം. 25 രൂപയിൽ താഴെയാണെങ്കിലും പണം പൂർണഹൃദയത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണശാല രണ്ട് തലങ്ങളിലാണ് പ്രവർത്തിക്കുന്നത് - ശരീരത്തിന് ഭക്ഷണം, മനസ്സിനുള്ള ഭക്ഷണം. പകൽ സമയത്ത് പോഷകപ്രദമായ ഭക്ഷണം വിളമ്പുന്ന ഒരു ഭക്ഷണശാലയായി ഇത് പ്രവർത്തിക്കുന്നു. വൈകുന്നേരങ്ങളിൽ, ഒരു ലൈബ്രറിയും വ്യക്തിഗത വളർച്ചയ്ക്കുള്ള അവസരങ്ങളും ഉള്ള ഊർജ്ജസ്വലമായ ഒരു കമ്മ്യൂണിറ്റി ഇടമായും ഇവിടം മാറും.
പ്രദേശങ്ങളിൽ വിളവെടുത്ത ജൈവ പച്ചക്കറികൾ കൊണ്ടാണ് ഇവിടെ ഭക്ഷണം തയ്യാറാക്കുന്നത്. നിലവിൽ ഉച്ചഭക്ഷണമാണ് ഇവിടുന്ന് നൽകുന്നതെങ്കിലും ഭാവിയിൽ പ്രഭാതഭക്ഷണം നൽകാനും പദ്ധതിയിടുന്നുണ്ടെന്ന് നടത്തിപ്പുകാർ പറുയുന്നു. പലരില്‍ നിന്നും സംഭാവനയായി ലഭിച്ച മലയാളം പുസ്‌തകങ്ങൾ അടങ്ങിയ ലൈബ്രറി അതിഥികൾക്ക് വായിക്കാനും പഠിക്കാനും വളരാനുമുള്ള ഒരു 'വിഭവ'മായി ഇവിടെ എപ്പോഴും ഉണ്ടാകും. സാഹിത്യം, കവിത, പരിസ്ഥിതിശാസ്ത്രം, യാത്ര തുടങ്ങിയ വിഷയങ്ങളെ കുറിച്ചുള്ള പതിവ് ചർച്ചകളും കഥപറച്ചിലും, അവരവരുടെ കഴിവിനെ പ്രദർശിപ്പിക്കലുമൊക്കെ ലക്ഷ്യമിട്ടുകൊണ്ടാണ് അഞ്ചപ്പം പ്രവർത്തിക്കുന്നത്. എല്ലാവർക്കും ഏറ്റവും അടിസ്ഥാനപരമായ ഭക്ഷണം ആവശ്യമുള്ളവർക്ക് നൽകാൻ മറ്റുള്ളവരെ പ്രചോദിപ്പിക്കുക കൂടിയാണ് അഞ്ചപ്പം ചെയ്യുന്നതെന്നും നടത്തിപ്പുകാർ പഞ്ഞു.
Content Highlights: Anjappam, a remarkable restaurant in Ranni, Kerala, redefines dining with its "pay if you can" model. Spearheaded by Father Boby Kattikkad, this initiative offers free meals to those in need, while others contribute voluntarily. Beyond food, Anjappam fosters growth with evening reading spaces and community discussions, creating a haven of nourishment, dignity, and inclusivity for all.