ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയ പഴവർഗമാണ് ഓറഞ്ച്. ഫലമായും ജ്യൂസ് അടിച്ചുമെല്ലാം ഓറഞ്ച് കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരാണ് പലരും. അതിനാൽ ഇവ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരു ഗ്യാസ് ഓറഞ്ച് ജ്യൂസിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് വിറ്റാമിൻ സി വലിയ പങ്കാണ് വഹിക്കുന്നത്. അതിനാൽ ഓറഞ്ച് കഴിക്കുന്നത് ആരോഗ്യം വർദ്ധിപ്പിക്കാനും മുഖസൗന്ദര്യം വർദ്ധിപ്പിക്കാനും സഹായിക്കും. ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കാനും മൃദുവായി നിലനിർത്താനും സഹായിക്കുന്നു. വിറ്റാമിൻ സി, വിറ്റാമിൻ എ എന്നിവയുടെയും പൊട്ടാസ്യം, മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുടെയും ഉറവിടമാണ് ഓറഞ്ചിലുള്ളത്. ഓറഞ്ച് ജ്യൂസിൽ ഈ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സാന്നിധ്യം ചർമ്മത്തിൻ്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്.
എന്നാൽ നമ്മുടെ ആരോഗ്യത്തിന് ഗുണകരമായ നല്ല ഓറഞ്ചുകൾ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് അറിയാമോ? പലപ്പോഴും നല്ല നിറമുള്ള ഓറഞ്ച് ആണെങ്കിലും വാങ്ങിക്കുമ്പോൾ നീരില്ലാത്തതും അമിതമായി ചീഞ്ഞിരിക്കുന്നതും പുളിയുള്ളതുമാവാനാണ് സാധ്യത. പലർക്കും എങ്ങനെ ശരിയായ രീതിയിൽ ഓറഞ്ച് തിരഞ്ഞെടുക്കണമെന്ന് അറിയില്ല. എന്നാൽ നല്ല ഓറഞ്ച് എങ്ങനെ തിരഞ്ഞെടുക്കണമെന്ന് നോക്കിയാലോ…
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ഓറഞ്ച് വാങ്ങുന്ന സമയത്ത് കടക്കാർ എടുത്ത് തരുന്നതിന് പകരം നിങ്ങൾ തന്നെ തിരഞ്ഞെടുക്കാൻ ശ്രമിക്കണം. ശേഷം ഓറഞ്ച് കെെയിൽ എടുത്ത് അതിന്റെ തൂക്കം നോക്കണം. കൈയിലുള്ള ഓറഞ്ചിന് ഭാരം തോന്നുന്നുണ്ടെങ്കിൽ അത് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കാരണം ഇത്തരം ഓറഞ്ചിൽ നല്ല നീര് ഉണ്ടാകാൻ സാദ്ധ്യത കൂടുതലാണ്. നീര് വറ്റിയ ഓറഞ്ചിന് തൂക്കം കുറവാകാനാണ് സാധ്യത. അതിനാൽ ഭാരമുള്ളത് തന്നെ തിരഞ്ഞെടുക്കുക.
എപ്പോഴും ഓറഞ്ച് വാങ്ങുമ്പോൾ അത് എടുത്ത് ചെറുതായി ഞെക്കി നോക്കുക. അമിതമായി ഞെങ്ങാത്തതും ഒട്ടും ഞെങ്ങാതിരിക്കുന്നതുമായ ഓറഞ്ച് എടുക്കരുത്. അമിതമായി ഞെങ്ങുന്ന ഓറഞ്ചാണെങ്കിൽ അത് പഴുത്ത് ചീത്തയാവാനും സാധ്യത ഏറെയാണ്.
ഒരിക്കലും ഓറഞ്ച് നിറം നോക്കി തിരഞ്ഞെടുക്കരുത്. ഒരുപാട് നിറമുള്ള ഓറഞ്ചുകൾ ചീത്തയാകാൻ സാധ്യതകൾ ഏറെയാണ്. ചില പച്ച നിറമുള്ള ഓറഞ്ചുകൾക്ക് നല്ല സ്വാദും നീരും ഉണ്ടായിരിക്കാം. ഓറഞ്ചിന്റെ തൊലിക്ക് നല്ല കട്ടിയുണ്ടെങ്കിൽ അത്തരം ഓറഞ്ച് വാങ്ങാതിരിക്കുക. കാരണം തൊലിക്ക് കട്ടി വന്നിട്ടുണ്ടെങ്കിൽ ആ ഓറഞ്ചിന്റെ ഗുണം നശിച്ചു തുടങ്ങിയെന്നാണ് അർത്ഥം.
ഇനി മുതൽ ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഓറഞ്ച് വാങ്ങണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
Content Highlights: Vitamin C plays a major role in a healthy immune system. Therefore, eating oranges can help increase health and increase facial beauty.