ഡല്‍ഹി നെഹ്‌റു പ്ലേസിലെ തിരക്കേറിയ റോഡില്‍ ബിഎംഡബ്ല്യു കാറില്‍ നല്ലരീതിയില്‍ വസ്ത്രം ധരിച്ച് അയാള്‍ വന്നിറങ്ങും. പതിയെ കാറിന്റെ ഡിക്കിയില്‍ നിന്ന് സാധനങ്ങള്‍ പുറത്തെടുത്ത് അയാള്‍ തന്റെ ജോലി ആരംഭിക്കും. ഏത് തൊഴിലിനും അതിന്റെ മാന്യതയുണ്ടെന്നും വസ്ത്രധാരണത്തിലൂടെ ആരേയും അളക്കരുതെന്നും ഓര്‍മിപ്പിച്ചുകൊണ്ട് അയാള്‍ ജോലിയില്‍ വ്യാപൃതനാകും. ഡല്‍ഹി നിവാസികള്‍ക്കിടയില്‍ കോടിപതി ചാട്ട് വാല എന്നറിയപ്പെടുന്ന മുകേഷ് ശര്‍മയെ കഠിനാധ്വാനത്തിലൂടെ ജീവിതവിജയം എത്തിപ്പിടിക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച വ്യക്തിയാണ്. അടിപൊളി രുചിക്കൂട്ടുകളിലൂടെ കോടികളാണ് മുകേഷ് ശര്‍മ സമ്പാദിക്കുന്നത്.
1989 ലാണ് ശര്‍മ ചാട്ട് സംരംഭം ആരംഭിക്കുന്നത്. കഠിനാധ്വാനം, സ്ഥിരോത്സാഹം പിന്നെ തന്റേത് മാത്രമായ രഹസ്യ ചേരുവകള്‍ ഇവ മൂന്നുമാണ് മൂലധനം. ആദ്യകാലത്ത് അദ്ദേഹം വിറ്റിരുന്ന സ്വാദിഷ്ടമായ ദഹി ബല്ലയുടെ ഒരു പ്ലേറ്റിന് രണ്ട് രൂപയായിരുന്നു വില. ഇന്നതിന് 40 രൂപയാണ്. മുകേഷ് ശര്‍മയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ സൂക്ഷ്മമായ തയ്യാറെടുപ്പാണ്. വീട്ടില്‍ത്തന്നെ തയ്യാറാക്കുന്ന തൈരും മസാലക്കൂട്ടുകളും ആണ് വേറിട്ട രുചി മുകേഷിന്‍റെ ചാട്ടിന് സമ്മാനിക്കുന്നത്.
മറ്റുളള കച്ചവടക്കാരില്‍നിന്ന് വ്യത്യസ്തനായി വൃത്തിയുള്ള വസ്ത്രധാരണത്തില്‍ കാറില്‍ കച്ചവടത്തിനെത്തുന്ന മുകേഷിന് തുണയായത് ചേരുവകളുടെ വ്യത്യാസം മുതല്‍ ശുചിത്വം വരെയാണ്. ദഹി ബല്ലയുടെ ഓരോ പ്ലേറ്റും ശര്‍മ്മാജിയെ സംബന്ധിച്ചിടത്തോളം ഒരു മാസ്റ്റര്‍പീസാണ്. ആദ്യം ഒരു വിഭവം മാത്രമേ ഉണ്ടായിരുന്നുളളൂ എങ്കിലും ഗോല്‍ഗപ്പയും സമൂസയും പോലെയുള്ള മറ്റ് ഭക്ഷണങ്ങളും ഇപ്പോള്‍ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെക് ഹബ്ബിനും തിരക്കേറിയ മാര്‍ക്കറ്റുകള്‍ക്കും പേരുകേട്ട ഡല്‍ഹിയിലെ ഒരു തെരുവില്‍ ഒരു സാധാരണ കച്ചവടക്കാരന് ഉയര്‍ന്നുവരാന്‍ സാധിക്കുമെങ്കില്‍ അതൊരു ചെറിയ കാര്യമല്ല. മനസുണ്ടെങ്കില്‍ വിജയങ്ങള്‍ കൈപ്പിടിയിലൊതുക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് മുകേഷ് ശര്‍മയുടെ ജീവിതം.
Content Highlights :The success story of Mukesh Sharma, a famous chat seller in Delhi