
ഭക്ഷണം പാകം ചെയ്യുന്നതിനൊപ്പം തന്നെ അടുക്കള വൃത്തിയാക്കലും ഒരു പ്രധാനപ്പെട്ട ഘടകമാണ്. എത്ര വൃത്തിയാക്കിയാലും ചിലപ്പോഴൊക്കെ വൃത്തിയാകാത്ത ചിലതുണ്ട് അടുക്കളയില്‍. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അടുക്കളയിൽ ഉപയോഗിക്കുന്ന തുണികളും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്പഞ്ചും. ഇത് പലപ്പോഴും ദുർഗന്ധത്തിന് കാരണമാകാറുണ്ട്.
പലപ്പോഴും സ്പഞ്ചിൽ നിന്ന് ദുർഗന്ധം വരുന്നതിന് കാരണം അതിലെ ബാക്ടീരിയകളുടെ സാന്നിധ്യമാണ്. വിദഗ്ധരുടെ അഭിപ്രായത്തിൽ, സ്‌പഞ്ചിലോ തുണിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന ഭക്ഷണകണികകൾ ബാക്ടീരിയയുടെ വളർച്ചയിലേക്ക് നയിക്കുന്നു, ഇത് ദുർഗന്ധവും വൃത്തിയില്ലായ്മയും ഉണ്ടാക്കുന്നു. ഏകദേശം 362 വ്യത്യസ്ത ഇനം ബാക്ടീരിയകളാണ് ഒരു പാത്രം കഴുകുന്ന സ്‌പഞ്ചിൽ ഉണ്ടാവുക എന്നാണ് സയന്റിഫിക് റിപ്പോർട്ട്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. അടുക്കളയിൽ ഉപയോഗിക്കുന്ന സ്പഞ്ചുകളും, തുണികളും വൃത്തിയായി സൂക്ഷിക്കാൻ ചില ടിപ്സ് കൂടി പരിശോധിക്കാം,
സാധാരണ രീതിയിൽ നമ്മൾ തുണികൾ സോപ്പ് വെള്ളത്തിൽ കഴുകി എടുക്കാറാണ് പതിവ്. എന്നാൽ പഠനം പറയുന്നത് അനുസരിച്ച് സോപ്പും വെള്ളവും ഒരിക്കലും അണുക്കളെ നശിപ്പിക്കില്ല എന്നാണ്. അവ കഴുകിക്കളയുക മാത്രമാണ് ചെയ്യുന്നത്, അതായത് കുറച്ച് സമയത്തിന് ശേഷം വീണ്ടും തുണികളിലും സ്‌പഞ്ചുകളിലും അണുക്കൾ വളരാൻ തുടങ്ങും. അടുക്കളയിലെ സ്‌പഞ്ചുകളും പാത്രങ്ങൾ കഴുകുന്ന തുണികളും ചൂടുവെള്ളത്തിൽ തിളപ്പിക്കുകയാണെങ്കിൽ ഒരു പരിധിവരെ ദുർഗന്ധം ഇല്ലാതാകും. ഒപ്പം ഒരൽപ്പം സോപ്പ് പൊടി കൂടി ഉപയോഗിക്കാം.
മറ്റൊന്ന്, നനഞ്ഞ സ്‌പഞ്ചുകൾ പ്രീഹീറ്റ് ചെയ്ത ഓവനിൽ വയ്ക്കുക, കുറഞ്ഞത് രണ്ട് മിനിറ്റെങ്കിലും മൈക്രോവേവ് ചെയ്യുക. അതുകഴിഞ്ഞ് പുറത്തെടുക്കുന്നതിന് മുമ്പ് അവ തണുക്കാൻ അനുവദിക്കണം. ഇതും നല്ലൊരു മാർഗമാണ്. ജ്വലന സാധ്യത ഒഴിവാക്കാൻ ഉണങ്ങിയ തുണികൾ മൈക്രോവേവ് ഓവനിൽ ഇടരുതെന്ന് എപ്പോഴും ഓർക്കുക. ചൂടുവെള്ളം, വിനാഗിരി, ഉപ്പ് എന്നിവയുടെ മിശ്രിതത്തിൽ രാത്രി മുഴുവൻ സ്‌പഞ്ചും തുണിയും മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ, അവ നന്നായി കഴുകി ഉണക്കിയെടുക്കാം. ഇതും ഉചിതമായ ഒരു രീതിയാണ്.
ബ്ലീച്ചിംഗ് ആണ് മറ്റൊന്ന്. ബ്ലീച്ചും വെള്ളവും കലർത്തി തുണികളും സ്‌പഞ്ചുകളും അതിൽ മുക്കുക. കുറഞ്ഞത് അഞ്ച് മുതൽ ഏഴ് മിനിറ്റ് വരെ മുക്കിവയ്ക്കണം,ശേഷം നന്നായി കഴുകുക. അണുനാശിനി പ്രയോഗിക്കുന്നത് രോഗാണുക്കളെ നശിപ്പിക്കുക മാത്രമല്ല തുണികൾക്കും സ്‌പഞ്ചിനും നല്ല സുഗന്ധം നൽകുകയും ചെയ്യും.
നിങ്ങളുടെ അടുക്കള വൃത്തിയായും ദുർഗന്ധരഹിതമായും നിലനിർത്താൻ ഈ ഐഡിയകൾ പരീക്ഷിച്ചുനോക്കാവുന്നതാണ്. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആഴ്ചയിൽ ഒരിക്കൽ വൃത്തിയാക്കൽ ആവർത്തിക്കണം എന്നതാണ്. അതിനൊപ്പം , രണ്ട് മാസം കൂടുമ്പോൾ സ്‌പഞ്ചുകളും തുണികളും മാറ്റുകയും ചെയ്യണം.
Content Highlights : Does the dishwashing sponge smell bad? Then remember this