
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട ഫ്രൂട്ടാണ് മാമ്പഴം. മാമ്പഴത്തില്‍ തന്നെ പലതരത്തിലുള്ള വകഭേദങ്ങള്‍ കാണാന്‍ സാധിക്കും. സീസണിലും അല്ലാതെയും മാമ്പഴത്തിന് നല്ല വിലയാണെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. മാമ്പഴത്തിന്റെ തരത്തിന് അനുസരിച്ചാണ് വില ഈടാക്കുന്നത്. ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? ഏറ്റവും വിലകൂടിയ മാമ്പഴമെന്ന് അറിയപ്പെടുന്ന ഫലമാണ് മിയാസാക്കി. ഒരു കിലോ ഗ്രാമിന് രണ്ടര ലക്ഷം രൂപ മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് വില. വില കൊണ്ട് മാത്രം പ്രശസ്തി നേടിയ മാമ്പഴ ഇനമാണ് മിയാസാക്കി.
ജപ്പാനിലെ പ്രധാന പഴങ്ങളില്‍ ഒന്നാണ് മിയാസാക്കി. പഴങ്ങളുടെ രാജാവ് എന്നും പലരും ഈ മാമ്പഴത്തെ വിശേഷിപ്പിക്കാറുണ്ട്. ജപ്പാനിലെ ക്യൂഷു പ്രവിശ്യയിലെ മിയാസാക്കി നഗരത്തില്‍ നിന്നാണ് ഈ മാമ്പഴത്തിന്റെ തുടക്കം. 1980കളില്‍ മിയാസാക്കി സര്‍വകലാശാലയിലെ ഗവേഷകര്‍ പ്രാദേശിക കര്‍ഷകരമായി ചേര്‍ന്നാണ് ഈ മാമ്പഴം വികസിപ്പിച്ചത്. ജപ്പാനില്‍ 1870-കള്‍ക്ക് മുമ്പ് ഈ ഇനം നിലനിന്നിരുന്നതായി ചില റിപ്പോര്‍ട്ടുകളുണ്ട്. മികച്ച രുചിയ്ക്ക് മാത്രമല്ല, ദൈര്‍ഘ്യമേറിയ ആയുസിനും പേരുകേട്ട ഇനമാണിത്.
മറ്റു മാമ്പഴങ്ങളോട് താരതമ്യം ചെയ്യാനാകാത്ത വിധം മധുരമുള്ളതാണ് മിയാസാക്കി മാമ്പഴം. നല്ല സുഗന്ധമാണ് ഈ മാമ്പഴത്തിന്. വളരെ സവിശേഷമായ കാലാവസ്ഥ വേണം ഇതിന് വളരാന്‍. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയാണ് ഇവയുണ്ടാകുന്നത്. സവിശേഷമായ കൃഷിരീതികള്‍ കൊണ്ടാണ് ഈ മാമ്പഴത്തിന് വില കൂടുന്നത്. ചൂടുള്ള കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, ശുദ്ധജലം എന്നിവ ഇവയ്ക്ക് ആവശ്യമാണ്. ചുവന്ന നിറത്തിലുള്ള മാമ്പഴത്തിന്റെ ഉള്ളില്‍ കടും മഞ്ഞ നിറമാണ്. ജപ്പാനിലെ മിയാസാക്കി പ്രിഫെക്ചറില്‍ നിന്നാണ് ഈ പഴം വരുന്നത്. ഈ മാമ്പഴം ഒന്നിന് 350--550 ഗ്രാം വരെ ഭാരമുണ്ട്. ഈ മാമ്പഴത്തെ എഗ് ഓഫ് ദ സണ്‍ എന്നും വിശേഷിപ്പിക്കാറുണ്ട്. മുട്ടയുടെ ആകൃതിയും തിളക്കമുള്ള നിറവുമാണ് ഇതിനെ ഇങ്ങനെ വിളിക്കാന്‍ കാരണം.
Content Highlights: World’s most expensive mango, known as ‘Egg of the Sun’ sells for a shocking Rs 3 lakh per kg