
സിപ് അപ് എന്നത് നമ്മൾ സ്ഥിരം വാങ്ങിക്കഴിക്കുന്ന ചെറുപാനീയമാണ്. സ്‌കൂളും മറ്റും വിട്ടുവരുമ്പോഴും കൂട്ടുകാരുമായി ഒരു കളിയൊക്കെ കഴിഞ്ഞ് വരുമ്പോഴും ഒരു സിപ് അപ് നമുക്ക് നിർബന്ധമാണ്. കൂട്ടുകൂടി ഇരുന്ന്, ചിരിയും കളിയുമായി സിപ് അപ് നുണയുന്ന ഒരു ബാല്യം നമുക്ക് പലർക്കും മധുരമായ ഒരു ഓർമയുമാണ്.
എന്നാൽ ഈ സിപ് അപ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമ്മൾ അറിയുന്നുണ്ടോ? പലരും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവ ഉണ്ടാക്കുക. വേണ്ട സംവിധാനങ്ങളില്ലാതെ, നമ്മൾ തട്ടിക്കൂട്ടെന്ന് വിശേഷിപ്പിക്കുന്ന സാഹചര്യങ്ങളിലാണ് ഇവ ഉണ്ടാക്കുക. അത്തരമൊരു സിപ് അപ് നിർമാണ വീഡിയോയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഈറ്റ് വിത്ത് ഡൽഹി എന്ന ഫുഡ് വ്‌ളോഗറാണ് ഇൻസ്റ്റാഗ്രാമിലെ തന്റെ ഒരു വീഡിയോയിലൂടെ ഒരു സിപ് അപ് നിർമാണം പങ്കുവെച്ചിരിക്കുന്നത്. വൃത്തിഹീനമായ ഒരു വീപ്പയിലാണ് ഈ സിപ് അപിന് വേണ്ട പാൽ സൂക്ഷിച്ചിരിക്കുന്നത്. ആ വീപ്പ കണ്ടാൽ തന്നെ അറപ്പ് തോന്നേണ്ടതാണ്. ശേഷം സിറപ്പും മറ്റും ഒഴിച്ച് ഇവ ഒരു 'കലക്ക് കലക്കും'.
ശേഷം സിപ് അപ് കവറിലേക്ക് ആക്കുകയാണ്. വീപ്പയിൽ പിടിപ്പിച്ചിട്ടുള്ള ഒരു പൈപ്പിലൂടെയാണ് ഈ പ്രക്രിയ. ശേഷം അവ ഒരു കലക്കവെള്ളത്തിൽ കഴുകി വൃത്തിയാക്കും. എന്നിട്ട് നേരെ തണുപ്പിക്കും. പ്രശ്നം ഇതൊന്നുമല്ല, കഴുകാത്ത നിലത്തിലിരുന്നും, ഷർട്ട് ഇടാതെയുമെല്ലാമാണ് ഇവർ ഇത് ഉണ്ടാക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ വീഡിയോ കാണുമ്പോൾ തന്നെ നമുക്ക് ഛർദ്ദിൽ വരുന്ന അവസ്ഥയായിരിക്കും.
നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. ഇത് വിഷമാണെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. ചിലരാകട്ടെ ഇത് ഉണ്ടാക്കുന്ന രീതിയെ ഭയങ്കരമായി വിമർശിക്കുന്നുണ്ട്. എങ്ങനെയാണ് ഇത് കഴിക്കുന്നതെന്നും, ഇവ കഴിച്ച് ജീവനോടെ ഉള്ളത് ഭാഗ്യമെന്നുമാണ് മറ്റ് ചില കമന്റുകൾ.
Content Highlights: Dirty sipup making video makes people vomit