
അലുമിനിയം ഫോയില്‍ സുരക്ഷിതമോ? ഈ പച്ചക്കറികളും ചേരുവകളും അലുമിനിയം ഫോയിലില്‍ പാചകം ചെയ്യരുത്
പാചകം ചെയ്യുന്നതിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കാമോ? പലരുടെയും സംശയമാണിത്. അലുമിനിയം ഫോയില്‍ ഉപയോഗിച്ച് പാചകം ചെയ്താല്‍ നിങ്ങളുടെ ഭക്ഷണത്തില്‍ അലുമിനിയത്തിന്റെ അംശം ചെന്നുചേരുമെന്നും അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അഭിപ്രായമുണ്ട്. അതേസമയം പാചകത്തിന് അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.
പാകം ചെയ്ത ഭക്ഷണം പാകം ചെയ്യുന്നതിനും ചൂടുള്ള ഭക്ഷണം പൊതിഞ്ഞുസൂക്ഷിക്കുന്നതിനും അലുമിനിയം ഫോയില്‍ സാധാരണയായി ഉപയോഗിച്ച് വരാറുള്ളതാണ്. വൃത്തിയാക്കല്‍ എളുപ്പമാക്കുന്നകതിന് വേണ്ടി ഭക്ഷണം പാകം ചെയ്യുമ്പോള്‍ പാത്രങ്ങളിലെ ലൈനിങ്ങായി ഉപയോഗിക്കാറുമുണ്ട്. 400 ഡിഗ്രി ഫാരന്‍ഹീറ്റുവരെ ഇതുസുരക്ഷിതമാണെന്നാണ് പറയുന്നത്. എന്നാല്‍ അലുമിനിയം ഫോയില്‍ സ്ഥിരമായി പാചകത്തിന് ഉപയോഗിക്കുന്നത് റിസ്‌കാണെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അലുമിനിയം ഫോയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഉപയോഗിക്കാമെങ്കിലും അസിഡിക് ഭക്ഷണങ്ങളായ തക്കാളി, സിട്രസ്, വിനഗര്‍ മുതലായവ പാകം ചെയ്യുന്നത് അലുമിനിയം ഭക്ഷണത്തില്‍ കലരുന്നതിന് കാരണമാകും. പ്രത്യേകിച്ചും ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍. കാബേജ്, ഉപ്പ്, മസാല എന്നീ ചേരുവകളുള്ളതും മാംസവും അലുമിനിയം ഫോയിലില്‍ വച്ച് പാചകം ചെയ്താല്‍ അലുമിനിയം ഭക്ഷണത്തില്‍ കലരാന്‍ സാധ്യതയുള്ളതായി പഠനങ്ങള്‍ പറയുന്നു.
ചെറിയ അളവിലുള്ള അലുമിനിയം ശരീരത്തില്‍ എത്തുന്നതില്‍ തരാറൊന്നുമില്ലെങ്കിലും കൂടിയ അളവിലോ അല്ലെങ്കില്‍ പതിവായോ അലുമിനിയം ശരീരത്തിലെത്തുന്നത് ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും. അലുമിനിയം ശരീരത്തില്‍ അമിതമായ അളവിലുള്ളത് അല്‍ഷിമേഴ്‌സിന് കാരണമായി. കുറഞ്ഞ താപനിലയില്‍ പാചകം ചെയ്യുന്നതിനോ ബേക്ക് ചെയ്യുന്നതിനോ ആയി അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നത് സുരക്ഷിതമായാണ് കരുതുന്നത്.
എന്താണ് അലുമിനിയം ഫോയില്‍ ?
അലുമിനിയം മെറ്റലിന്റെ വളരെ നേര്‍ത്ത പാളിയാണ് ഇത്. 0.2 മില്ലിമീറ്റര്‍ മാത്രമായിരിക്കും ഇതിന്റെ കനം. പാക്കിങ്, ഇന്‍സുലേഷന്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി പലവിധ കാര്യങ്ങള്‍ക്കായിട്ടാണ് ഇത് ഉപയോഗിക്കുന്നത്. വീട്ടാവശ്യത്തിനായി പലചരക്ക് കടയില്‍ നിന്ന് ഇത് നമുക്ക് വാങ്ങാനും ലഭിക്കും.
Content Highlights: Cooking With Aluminum Foil May Increase the Aluminum Content of Foods