
കണികാണലിനും കൈനീട്ടത്തിനുമൊപ്പം വിഭവ സമൃദ്ധമായ സദ്യയും വിഷുകട്ടയുമൊക്കെ തയ്യാറാക്കിയുള്ള ആഘോഷമാണ് വിഷു. മാങ്ങയുടേയും ചക്കയുടേയും സീസണ്‍ കൂടിയായതിനാൽ വിഷുവിഭവങ്ങൾക്ക് സ്വാദ് കൂടും. വിഷുദിനത്തില്‍ കണികാണലും കൈനീട്ടവും കഴിഞ്ഞാല്‍ വിഷുപ്രാതലാണ് പ്രധാനം. വിഷുക്കട്ടയായിരിക്കും വിഭവം. പച്ചരിയും തേങ്ങാപ്പാലും ശര്‍ക്കരയും ചേര്‍ത്താണ് വിഷുക്കട്ട തയ്യാറാക്കുക. ഒപ്പം അവല്‍ നനച്ചതോ ഉണ്ടാകും. തൃശ്ശൂർക്കാരുടെ വിഷുദിന സ്പെഷ്യൽ വിഭവമാണ് വിഷുക്കട്ട. അതുകൊണ്ട് തന്നെ വിഷു സദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് മാങ്ങക്കറി, വിഷുക്കട്ടയോടൊപ്പം മാങ്ങക്കറിയാണ് കോംമ്പോയായി തയ്യാറാക്കുന്നത്. വിഷുകഞ്ഞിക്കൊപ്പം ചക്കപുഴുക്കും പപ്പടവുമാണ്. ഇത്തവണത്തെ വിഷു വിഭവസമൃദ്ധമായി നമുക്ക് തയ്യാറാക്കിയാലോ..
വിഷുക്കട്ട
തൃശ്ശൂര്‍ക്കാരുടെ പ്രധാന വിഭവമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്ക് ശര്‍ക്കര പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും മാങ്ങാക്കറിയുമാണ് കോമ്പിനേഷനായി വരുന്നത്.
തയ്യാറാക്കുന്ന വിധം
തേങ്ങ ചിരകിയത് പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാം പാലും വേര്‍തിരിക്കുക. രണ്ടാം പാലും ഉപ്പും ചേര്‍ത്തിളക്കി അതിലേക്ക് പച്ചരി ചേര്‍ക്കുക. വെന്തു കഴിയുമ്പോള്‍ ജീരകവും ഒന്നാംപാലും ചേര്‍ത്തിളക്കി വെള്ളം വറ്റിക്കുക. ശേഷം ഒരു പാത്രത്തില്‍ വേവിച്ച വിഷുക്കട്ട നിരത്തുക. നെയ്യില്‍ അണ്ടിപരിപ്പും മുന്തിരിയും വറുത്ത് മുകളില്‍ വിതറി കട്ടകളാക്കി മുറിക്കുക.
വിഷുസദ്യയിലെ പ്രധാനപ്പെട്ടതാണ് മാമ്പഴ പുളിശ്ശേരി.
തയ്യാറാക്കുന്ന വിധം
മാമ്പഴവും അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും പച്ചമുളകും ഉപ്പും അല്‍പം ശര്‍ക്കരയും ചേര്‍ത്ത് മാമ്പഴം മുങ്ങിക്കിടക്കാന്‍ പാകത്തിന് വെള്ളം ഒഴിച്ച് വേവിക്കുക. അതിലേക്ക് ഒരുമുറി തേങ്ങ ചിരകിയത്, ഒരു ടീസ്പൂണ്‍ ജീരകം ചേര്‍ത്ത് മഷിപോലെ അരച്ച് കറിയിലേക്ക് ഒഴിച്ച് തിളയ്ക്കുമ്പോള്‍ തീ ഓഫ് ചെയ്യുക. ഒരു കപ്പ് കട്ട തൈര് ഉടച്ച് കറിയിലേക്ക് ചേര്‍ക്കാം. വെളിച്ചെണ്ണയില്‍ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളക്കും താളിച്ച കറിയില്‍ ഒഴിച്ചുകൊടുക്കുക.
ഇടിച്ച ചക്ക തോരന്‍
വിഷു സദ്യയില്‍ ചക്ക വിഭവങ്ങള്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ്. ചക്ക സീസണായതിനാല്‍ ഇടിച്ചക്കതോരനും ചക്ക അവിയലും സദ്യയുടെ ഭംഗി കൂട്ടുന്നുണ്ട്.
തയ്യാറാക്കുന്ന വിധം
ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞുവെച്ച ഇടിച്ചക്ക ആവിയില്‍ വേവിച്ചെടുക്കുക. ചൂടാറിയ ശേഷം മിക്‌സിയിലിട്ട് ഇട്ട് ചതച്ചെടുക്കുക. തേങ്ങ, പച്ച കുരുമുളക്, ഒരു ടീസ്പൂണ്‍ ജീരകം, രണ്ടു അല്ലി വെളുത്തുള്ളി, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് ചതച്ചെടുക്കുക. ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കി, കടുകും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് ചതച്ച ചക്കയും അരക്കപ്പ് വേവിച്ച വന്‍പയറും തേങ്ങ ചതച്ചതും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കി യോജിപ്പിച്ച് എടുക്കുക.
ചക്ക അവിയല്‍
തയ്യാറാക്കുന്ന വിധം
ചക്ക ചുളയും ചക്കകുരുവും ചക്കയുടെ എല്ലാഭാഗങ്ങളും ഉള്‍പ്പെടുത്തിയുള്ള വിഭവമാണ് ചക്ക അവിയല്‍. ചക്കചുള, ചക്കകുരു, വെള്ളരിക്ക, പടവലങ്ങ, കാരറ്റ്, മുരിങ്ങക്ക, അല്പം പച്ചമങ്ങ, പച്ചമുളക് ഇവയെല്ലാം നീളത്തില്‍ അരിഞ്ഞുവെക്കുക.
ശേഷം ഒരു പാത്രത്തില്‍ രണ്ടു കപ്പ് വെള്ളം തിളപ്പിച്ച് ചക്കകുരു, അരടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ഒരു ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ത്ത് അടച്ചുവെച്ച് അഞ്ച് മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചക്ക ഒിഴികേയുള്ള പച്ചക്കറികള്‍ ചേര്‍ക്കുക. ആവശ്യത്തിനും ഉപ്പും ചേര്‍ത്ത് 10 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. ശേഷം ചക്ക കൂടി ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം വീണ്ടും അഞ്ച് മിനിറ്റ് വേവിക്കുക.
തേങ്ങ ചിരകിയതിലേക്ക് ഒരു ടീസ്പൂണ്‍ ജീരകം, അഞ്ച് അല്ലി ചുവന്നുള്ളി, കറിവേപ്പില ഇവ ചേർത്ത് ചതച്ചെടുത്ത് ചേര്‍ത്ത് യോജിപ്പിക്കുക. വീണ്ടും അടച്ചുവെച്ച് അല്‍പസമയം വച്ചതിന് ശേഷം നന്നായി യോജിപ്പിച്ച് കറിവേപ്പിലയും പച്ചവെളിച്ചെണ്ണയും ചേര്‍ത്ത് വഴറ്റുക.
സാമ്പാര്‍
തയ്യാറാക്കുന്ന വിധം
ഒരു കുക്കറില്‍ മുക്കാല്‍ കപ്പ് തുവര പരിപ്പും മുരിങ്ങക്ക, സവാള, ഉരുളക്കിഴങ്, കാരറ്റ്, വെള്ളരി തുടങ്ങി സാമ്പാറിലേക്ക് ആവശ്യമായ പച്ചക്കറികളിട്ട് അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ഒരു ചെറിയ കായവും ഒരു നെല്ലിക്ക വലുപ്പത്തില്‍ പുളി പിഴിഞ്ഞതും ഒരു ടീസ്പൂണ്‍ ശര്‍ക്കരയും ചേര്‍ത്ത് ഒരു വിസില്‍ വരുന്നതുവരെ വേവിക്കുക.
അരക്കപ്പ് തേങ്ങ ചിരകിയതും ഒന്നര ടേബിള്‍ സ്പൂണ്‍ മല്ലിയും നാല് ഉണക്കമുളകും നാല് അല്ലി ചുവന്നുള്ളിയും കാല്‍ ടീസ്പൂണ്‍ ഉലുവയും ഒരു കതിര്‍പ്പ് കറിവേപ്പിലയും കൂടി ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്തെടുക്കുക. അതിലേക്ക് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് നന്നായി അരച്ചെടുത്ത് സാമ്പാറില്‍ ചേര്‍ത്തുകൊടുക്കുക.
ഇനി ഇതിലേക്ക് അല്‍പം വെളിച്ചെണ്ണ ചൂടാക്കി, വെണ്ടക്കയും വഴുതനയും വഴറ്റി അതുകൂടി ചേര്‍ത്തുകൊടുക്കണം. ചെറിയ തീയില്‍ എല്ലം കൂടി വേവുന്നതുവരെ തിളപ്പിക്കുക. അവസാനം വെളിച്ചെണ്ണയില്‍ കടുകും കറിവേപ്പിലയും ചെറിയുള്ളിയും ഉലുവയും താളിച്ച് ഒഴിക്കുക.
പച്ചടി
വിഷു സദ്യയിലെ പച്ചടി പഴങ്ങള്‍ ചേര്‍ത്തതായിരിക്കും. കണിവെള്ളരി ഉപയോഗിച്ചും പച്ചടി തയ്യാറാക്കാറുണ്ട്. തലേന്നെ തയ്യാറാക്കി വെക്കാവുന്ന വിഭവമാണിത്. മാമ്പഴം, നേന്ത്രപ്പഴം, പൈനാപ്പിള്‍ എന്നിവ ചേര്‍ത്ത് മധുര പച്ചടി തയ്യാറാക്കാം. ബീറ്റ് റൂട്ട് ഉപയോഗിച്ചും പച്ചടി ഉണ്ടാക്കാം. ആദ്യം ഏതാണ് ഉണ്ടാക്കേണ്ടതെന്ന് തീരുമാനിക്കുക.
ആവശ്യമായ ചേരുവകള്‍:
പച്ചടിക്കായി ആവശ്യമുള്ള തേങ്ങ ഒന്നിച്ച് അരച്ചെടുക്കുക. അല്പം ജീരകം ചേര്‍ത്ത് അരച്ച ശേഷം ചതച്ച കടുക് ചേര്‍ക്കണം. ഏത് പച്ചടിയാണോ തയ്യാറാക്കുന്നത് അതിന് ആവശ്യമായ വെള്ളം ചേര്‍ത്ത് വറ്റിച്ച് തീ ഓഫ് ചെയ്തു കട്ടിത്തൈര് ചേര്‍ത്ത് യോജിപ്പിക്കാം.
ഇനി മധുരമുള്ള പച്ചടിയാണ് തയ്യാറാക്കുന്നതെങ്കില്‍, അല്‍പം മധുരത്തിനായി ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ത്ത് കൊടുക്കാം. ശേഷം വെളിച്ചെണ്ണയില്‍ കറിവേപ്പിലയും കടുകയും പൊട്ടിച്ച് കറിയില്‍ ഒഴിച്ച് കൊടുക്കുക.
ചക്കപ്രഥമന്‍
ചക്ക വരട്ടിയതിലേക്ക് ശര്‍ക്കരപാനി, രണ്ട് കപ്പ് കട്ടികുറഞ്ഞ തേങ്ങാപ്പാല്‍ ഇവ ചേര്‍ത്ത് തിളപ്പിക്കുക. നന്നായി കുറുകി വരുമ്പോള്‍ അരടീസ്പൂണ്‍ ഏലക്കാപ്പൊടി എന്നിവ ചേര്‍ക്കുക. നന്നായി കുറുകി കഴിയുമ്പോള്‍ മുക്കാല്‍ കപ്പ് ഒന്നാം തേങ്ങാപ്പാല്‍ ചേര്‍ക്കുക. തിളവരുമ്പോള്‍ തീ ഓഫ് ചെയ്യുക. ഇതിലേക്ക് അര ടേബിള്‍ സ്പൂണ്‍ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും തേങ്ങാക്കൊത്തും ഇളം ബ്രൗണ്‍ നിറത്തില്‍ വറുത്ത് പായസത്തില്‍ ഒഴിച്ചുകൊടുക്കുക.
Content Highlights: Vishu day special recipes