ഇത് പൊളിക്കും... ഈസ്റ്ററിന് തയ്യാറാക്കാന്‍ ഇതാ രണ്ട് അടിപൊളി ബീഫ് റെസിപികള്‍

ഈസ്റ്ററിന് തയ്യാറാക്കാം സ്‌പെഷ്യല്‍ ബീഫ് വിഭവങ്ങള്‍...

dot image

ഈസ്റ്റര്‍ പാചകങ്ങളില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ബീഫ് വിഭവങ്ങള്‍. ഇത്തവണ ബീഫ് മപ്പാസും ക്രഷ്ഡ് ബീഫ് മസാലയും സ്‌പെഷ്യലായി തയ്യാറാക്കി വിളമ്പി നോക്കൂ.

ബീഫ് മപ്പാസ്

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് ചെറിയ ചതുരകഷണങ്ങളായി മുറിച്ചത് - 1/2 കിലോ
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
മല്ലിപ്പൊടി - 4 ടേബിള്‍ സ്പൂണ്‍
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് - ഒരു ടേബിള്‍ സ്പൂണ്‍
വെളുത്തുളളി - 10 അല്ലി
തേങ്ങ ചിരകിയത് - 2 കപ്പ്(കുറച്ച് വെള്ളം ചേര്‍ത്ത് പിഴിഞ്ഞ് ഒന്നാം പാലും രണ്ടാം പാലും എടുക്കുക.)
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 2 ടേബിള്‍ സ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിച്ച് അടുപ്പില്‍ നിന്നിറക്കിയ ശേഷം ബീഫ് അതിലിട്ട് അഞ്ച് മിനിറ്റ് വാട്ടിയെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി അരിഞ്ഞുവച്ചിരിക്കുന്ന ഉള്ളി ബ്രൗണ്‍ നിറമാകുന്നതുവരെ വഴറ്റി മാറ്റിവയ്ക്കുക.


ഒരു സോസ് പാനില്‍ എണ്ണയൊഴിക്കാതെ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി ഇവയെടുത്ത് ചെറിയ തീയില്‍ വറുക്കുക. ഇതിലേക്ക് ബീഫ്, ഇഞ്ചി, വെളുത്തുള്ളി, ഉപ്പ് എന്നിവ ചേര്‍ത്ത് രണ്ടാം പാലും ഒഴിച്ച് വേവിക്കുക. ഇറച്ചി വെന്ത് കുറുകുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് തീയണയ്ക്കുക. ഇതിലേക്ക് വറുത്ത ഉള്ളിചേര്‍ത്ത് കടുകും കറിവേപ്പിലയും താളിച്ച് വിളമ്പാം.

ക്രഷ്ഡ് ബീഫ് മസാല

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് - 1/2 കിലോ
വെളുത്തുള്ളി ചതച്ചത് - 3 തുടം
ഇഞ്ചി - ഒരു കഷണം
സവാള - ഒരെണ്ണം വലുത്
കറിവേപ്പില- 2 തണ്ട്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - 250 ഗ്രാം
മുളകുപൊടി - 2 ടേബിള്‍ സ്പൂണ്‍
ഇറച്ചി മസാല - ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം


ഇറച്ചി നന്നായി കഴുകി വൃത്തിയാക്കി മസാലയും ഉപ്പും ഇഞ്ചിയും ചേര്‍ത്ത് ഇളക്കി കുക്കറിലിട്ട് വേവിക്കുക. ചൂടാറിയ ശേഷം വെന്ത ഇറച്ചി മിക്സിയിലിട്ട് അല്‍പ്പമൊന്ന് ചതച്ചെടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി വെളുത്തുള്ളി, സവാള, ഇവ ചേര്‍ത്ത് മൂപ്പിക്കുക. മൂത്തുവരുമ്പോള്‍ കറിവേപ്പിലയും ചതച്ച ഇറച്ചിയും ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി ചേര്‍ത്ത് വറുത്തുകൊരിയെടുക്കാം.

Content Highlights :Special beef dishes to prepare for Easter

dot image
To advertise here,contact us
dot image