ആരോഗ്യകരമായ ജീവിതത്തില് ഉറക്കത്തിന് വളരെയേറെ പ്രാധാന്യമുണ്ടെന്ന് നമുക്കറിയാം. തലേദിവസം രാത്രി വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കിൽ പലർക്കും ജോലിയിൽ കാര്യമായി ശ്രദ്ധിക്കാൻ കഴിയാതെവരും. ഇപ്പോൾ ഉറക്കത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് മേധാവി ബിൽ ഗേറ്റ്സ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ചെറുപ്പത്തിൽ ഉറക്കം അലസവും അനാവശ്യവുമാണെന്ന് കരുതിയിരുന്നതായാണ് ബിൽ ഗേറ്റ്സ് പറഞ്ഞിരിക്കുന്നത്.
എന്നാൽ അൽഷിമേഴ്സ് രോഗം ബാധിച്ച് 2020-ൽ പിതാവ് മരിച്ചതിനാൽ ഉറക്കത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം മാറ്റേണ്ടിവന്നുവെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു. തുടർന്ന് ഉറക്കത്തിന്റെ ദൈർഘ്യവും ഗുണനിലവാരവും മെച്ചപ്പെടുത്താൻ ശ്രമിച്ചുവന്നതും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പോഡ്കാസ്റ്റിനിടെയാണ് ബിൽ ഗേറ്റ്സ് മനസ് തുറന്നത്.
ബിൽ ഗേറ്റ്സ് ഉറക്കത്തെക്കുറിച്ചു സംസാരിക്കുന്നത് ഇതാദ്യമായല്ല. ന്യൂറോ സയന്റിസ്റ്റ് മാത്യു വാക്കറിന്റെ 'വൈ വി സ്ലീപ്പ്' എന്ന പുസ്തകം എല്ലാവരും വായിക്കണമെന്ന് ഗേറ്റ്സ് 2019-ൽ 'ഗേറ്റ്സ് നോട്ട്സ്' എന്ന ബ്ലോഗിൽ പറഞ്ഞിരുന്നു. ആ പുസ്തകത്തിൽനിന്നും താൻ ചില ടിപ്സുകൾ സ്വീകരിച്ചിരുന്നതായും ഗേറ്റ്സ് വ്യക്തമാക്കി. ഇപ്പോൾ ഒരു രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങാൻ ലക്ഷ്യമിടുന്നതായും ഗേറ്റ്സ് വെളിപ്പെടുത്തുന്നു.