''സമാധാനം ഒരു പുഞ്ചിരിയില് തുടങ്ങുന്നു'', മദര് തെരേസ
ശരിയാണ്. ചിരി എന്നാൽ സമാധാനമാണ്. മനസുതുറന്നൊന്ന് ചിരിക്കാൻ കഴിഞ്ഞാൽ ജീവിതത്തിലെ എത്ര സമ്മര്ദ്ദമേറിയ നിമിഷത്തെയും അതിജീവിക്കാനാകും. ഇങ്ങനെ പറയാൻ എളുപ്പമാണെങ്കിലും ജീവിത സാഹചര്യങ്ങളാലും, മനസികാവസ്ഥകളാലും ചിരിക്കാൻ കഴിയാതെ സമ്മർദത്തിൽപ്പെട്ടുപോകുന്ന മനുഷ്യർ കൂടെ ഉൾപ്പെടുന്നതാണീ ലോകം. ചിരിക്കാന് മറന്നവരെ വര്ഷത്തിലൊരിക്കലെങ്കിലും ഒന്ന് ചിരിപ്പിക്കണ്ടേ. അതിനുള്ള ദിവസമാണിന്ന്. ലോക പുഞ്ചിരി ദിനം.
ചിലരുണ്ട്, നമ്മളെ ആവോളം ചിരിപ്പിക്കും. അവരുടെ അടുത്തെത്തിക്കഴിഞ്ഞാൽ ഒന്ന് ചിരിക്കാമായിരുന്നു എന്ന് പറഞ്ഞുപോകുന്ന ചില വിലപ്പെട്ട മനുഷ്യർ. അങ്ങനെ ചിരിയുടെ അർഥം എന്താണെന്ന് നമുക്ക് ബോധ്യപ്പെടുത്തിത്തരുന്ന ചിരിമനുഷ്യരുള്ള ഇടവും കൂടിയാണിത്. വെറുതെ ചിരിക്കാൻ കാരണമൊന്നും വേണ്ട. ചിരി ആയുസ് കൂട്ടുമെന്ന് കേട്ടിട്ടില്ലേ...!
ചിരിയുടെ മനഃശാസ്ത്രം എന്താണ്? എങ്ങനെയാണ് ചിരി ആയുസ് കൂട്ടുന്നത്? ഇതിനെക്കുറിച്ചുള്ള വിവരങ്ങള് റിപ്പോർട്ടർ ഡിജിറ്റലുമായി പങ്കുവയ്ക്കുകയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്കാട്രിസ്റ്റ് ഡോ. അരുൺ ബി നായർ.
ചിരി ആയുസ് കൂട്ടുമെന്ന്!!!
ഹൃദയത്തിന്റെ ഉള്ളിൽ നിന്നുള്ള ചിരി മനുഷ്യന്റെ ആയുസ് കൂട്ടും. കാരണം നമ്മൾ ഉള്ളിൽ നിന്ന് സന്തോഷം അനുഭവിച്ച് ചിരിക്കുമ്പോൾ ശരീരത്തിൽ ചില രാസവ്യതിയാനങ്ങൾ സംഭവിക്കും. തലച്ചോറിൽ ഡോപ്പമിൻ എന്ന കെമിക്കൽ കൂടുകയും അതുവഴി, ഏകാഗ്രതയും ശ്രദ്ധയും വർധിക്കുകയും ചെയ്യും. തലച്ചോറിന്റെ എൻഡോർഫിൻ ഹോർമോണിന്റെ അളവ് കൂടുന്നതുവഴി വലിയ തോതിലുള്ള ആഹ്ളാദവും ഉന്മേഷവും ഉണ്ടാവും. ഇതോടൊപ്പം നമ്മുടെ ശരീരത്തിൽ ഇൻഫ്ളമേഷൻ അല്ലെങ്കിൽ നീർക്കെട്ട് ഉണ്ടാക്കുന്ന തരത്തിലുള്ള ചില രാസവസ്തുക്കളുടെ അളവ്, ഉള്ളിൽ നിന്നുള്ള ചിരിയുടെ ഫലത്തെത്തുടർന്ന് കുറഞ്ഞുവരും. കോശങ്ങൾ ജീർണിക്കുകയും, പ്രവർത്തനം നിലയ്ക്കുകയും ചെയ്യുന്ന അവസ്ഥ കുറയാനും ഇത് സഹായിക്കും. ഇതുവഴി ആയുസ് കൂടാൻ ചിരി സഹായകമാകും.
ചിരികൾ പലതുണ്ട്
പലതരം ചിരികൾ നിലവിലുണ്ട്. അവയിൽ പ്രത്യേക തരത്തിലുള്ള ചിരികളാണ് പോസിറ്റിവിറ്റി ഉണ്ടാക്കുന്നത്. അതിലൊന്നാണ് ഉള്ളിൽ നിന്ന് വരുന്ന ചിരി. ഇതിന് പലതരത്തിലുള്ള വകഭേദങ്ങളുണ്ട്.
1. മനസിൽ സന്തോഷമെന്ന വികാരം വരുന്നതിന്റെ പ്രതിഫലമായിട്ടുള്ള ചിരി
2. സൗഹൃദത്തിലൂടെ, ഇഷ്ടപ്പെട്ട സുഹൃത്തിനെ അല്ലെങ്കിൽ ഒരു വ്യക്തിയെ കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തിലൂടെയുണ്ടാകുന്ന ചിരി
3. നാമെന്തെങ്കിലുമൊരു നല്ല പ്രവർത്തി ചെയ്യുന്നതിലൂടെ ലോകത്തിനോ ഒരു വ്യക്തിക്കോ സന്തോഷമുണ്ടാവുകയും അതിലൂടെ സന്തോഷം കണ്ടെത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന ചിരി
4. നമ്മുടെ ജീവിതത്തിൽ നമുക്ക് പറ്റിയ അബദ്ധങ്ങൾ, അല്ലെങ്കിൽ അമളികൾ ഓർത്തുള്ള ചിരി
ഇത്തരത്തിലുള്ള ചിരികൾ തീർച്ചയായും ജീവിതത്തിൽ പോസിറ്റിവിറ്റി തരും. കാരണം ഇപ്പറഞ്ഞ ചിരികൾ നമ്മളും മറ്റുള്ളവരുമായുള്ള ഊഷ്മളമായ ബന്ധത്തിന്റെ പ്രതിഫലനങ്ങളായി വർത്തിക്കുന്നു. മറ്റൊന്ന് നമ്മുടെ ഈഗോയെ മറികടക്കാൻ ഇത്തരത്തിലുള്ള ചിരിയിലൂടെ കഴിയുന്നു എന്നതാണ്.
ചിരിക്കാൻ പറ്റുന്നില്ലേ?
ഒന്ന് മനസുതുറന്നു ചിരിച്ചിട്ട് നാളുകളായി എന്ന് പലരും പറയാറുണ്ട്. ചിരിക്കാൻ തടസമാകുന്ന ചില കാരണങ്ങളുണ്ട്. ഏറ്റവും വലിയ പ്രശ്നം ഉണ്ടാകുന്നത് ഏകാന്തതയിലൂടെയാണ്. മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെട്ടുപോകുന്ന അവസ്ഥ.
മറ്റൊന്ന് മറ്റുള്ളവരുടെ ഇടയിൽ ജീവിക്കുമ്പോൾ തന്നെ താൻ മറ്റുള്ളവരെക്കാൾ വലുതാണ് അല്ലെങ്കിൽ മറ്റുള്ളവരാരും തന്നെക്കാൾ വലുതാകാൻ പാടില്ല എന്ന ഈഗോയിൽ നിന്നുള്ള പ്രശ്നങ്ങളാണ്. രണ്ടു പ്രശ്നങ്ങളെയും മറികടക്കാൻ ചിരിക്ക് സാധിക്കുമ്പോൾ സ്വാഭാവികമായും അത് വലിയ രീതിയിലുള്ള പോസിറ്റിവിറ്റി തരും.
അതേസമയം, തന്നെ മറ്റുതരത്തിലുള ചിരികൾ നെഗറ്റീവ് അവസ്ഥകൾ സൃഷ്ടിക്കുകയും ചെയ്യും. ഉദാഹരണത്തിന് പരിഹാസച്ചിരി. മറ്റൊരുവ്യക്തിയെ പരിഹസിച്ചോ പുച്ഛിച്ചോ ഉള്ള ചിരി നെഗറ്റിവിറ്റി സൃഷ്ടിക്കും. മറ്റൊന്ന് മറ്റൊരാൾ വേദനിക്കുന്നതോ പ്രയാസപ്പെടുന്നതോ വീഴുന്നതോ കണ്ട് അതാസ്വദിച്ചു ചിരിക്കുന്ന അവസ്ഥ. അത് നെഗറ്റീവായുള്ള അവസ്ഥയാണ്.
ചിരിക്കാം, സ്ട്രെസ് കുറയ്ക്കാം
സ്ട്രെസ് കുറയ്ക്കാൻ ചിരി വളരെയേറെ സഹായിക്കും. കാരണം സ്ട്രെസിന് കാരണമാകുന്ന ചില ഹോർമോണുകളുണ്ട്. പ്രധാനമായും അഡ്രിനാലിൻ, നോർ അഡ്രിനാലിൻ തുടങ്ങിയവയാണ് അവ. മാനസിക സമ്മർദം വരുമ്പോൾ ഈ ഹോർമോണുകൾ രക്തത്തിലേക്ക് റിലീസ് ചെയ്യപ്പെടുകയും അതിനെത്തുടർന്ന് രക്ത സമ്മർദം കൂടുക, ഹൃദയമിടിപ്പ് കൂടുക, ഗ്ലൂക്കോസിന്റെ അളവുകൂടുക എന്നിങ്ങനെയുള്ള വ്യത്യാസങ്ങൾ സംഭവിക്കുകയും ചെയ്യും. നിരന്തരമായി ഇത്തരം സ്ട്രെസ് ഉള്ള അവസ്ഥ വരുമ്പോൾ ഹോർമോണുകൾ രക്തത്തിലേക്ക് അധികമായി വിന്യസിക്കപ്പെടുന്നതുമൂലം പ്രമേഹം, അമിത രക്തസമ്മർദം, രോഗപ്രതിരോധ ശേഷി കുറയുന്ന അവസ്ഥ തുടങ്ങിയ ഒരുപാട് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. എന്നാൽ ഉള്ളിൽ നിന്നുവരുന്ന ഹൃദ്യമായ ചിരി അഡ്രിനാലിൻ, നോർ അഡ്രിനാലിൻ തുടങ്ങിയ രാസവസ്തുക്കളുടെ അളവ് കുറയ്ക്കാൻ സഹായകമാകും. സ്വാഭാവികമായും ജീവിതത്തിൽ ഒരു പ്രതിസന്ധി ഘട്ടം വന്നാൽപ്പോലും അഡ്രിനാലിൽ, നോർ അഡ്രിനാലിൻ തുടങ്ങിയ രാസവസ്തുക്കൾ രക്തത്തിലേക്ക് കലരുന്നതിന്റ അളവ് കുറയ്ക്കാൻ സഹായിക്കും. അതിലൂടെ മേൽപ്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യാം.
മനസ് തുറന്ന് ചിരിക്കണ്ടേ?
മനസ് തുറന്ന് ചിരിക്കാൻ നമുക്ക് കഴിയാതെ പോകുന്നത് ചില അവസ്ഥകൾ മൂലമാണ്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചുള്ള ചില വ്യാകുലതകൾ, വരാനിരിക്കുന്ന നാളയെക്കുറിച്ചോർത്തുള്ള ആശങ്കകൾ തുടങ്ങിയവ മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് പലരും. ഈ രണ്ടുകാര്യങ്ങളും മാറ്റി വർത്തമാനകാലത്തിലേക്ക് പരിപൂർണമായും മുഴുകാൻ കഴിഞ്ഞാൽ നമുക്ക് മനസുതുറന്നു ചിരിക്കാൻ കഴിയും. ഇതിന് സഹായകമായ ഒരു പരിശീലനമാണ് മനോനിറവ് പരിശീലനം (mindfulness training). കഴിഞ്ഞുപോയ കാര്യത്തിനെക്കുറിച്ചും വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുമുള്ള ചിന്തകളിൽ നിന്ന് മനസിനെ മോചിപ്പിച്ച് വർത്തമാനകാലത്തിലെ ഓരോ നിമിഷത്തിലേക്കും ഒരുതരത്തിലുമുള്ള മുൻ വിധികളുമില്ലാതെ പൂർണമായും മുഴുകുന്ന ഒരവസ്ഥയാണ് മനോനിറവ്. ഇത് പലതരത്തിലുള്ള വ്യായാമങ്ങളിലൂടെ നമുക്ക് പരിശീലിക്കാനാകും.
ചില ദീർഘ ശ്വസന വ്യായാമം മുതൽ ചില ധ്യാനരീതികളും ചിന്തകൾ ക്രമീകരിക്കുന്ന പരിശീലനങ്ങളുമടക്കം മനോനിറവിന്റെ വിവിധ വശങ്ങളായി വരുന്നു. ഏറ്റവും പ്രധാനപ്പെട്ട കാര്യം ചിരിക്കാൻ ഒട്ടേറെ കാരണങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ട് എന്നതാണ്. നമ്മുടെ ജീവിതത്തിൽ നമുക്ക് പറ്റിയ അബദ്ധങ്ങൾ ഓർത്തുചിരിക്കാം. അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലുമൊരു നല്ലകാര്യം നമ്മൾ ആർക്കെങ്കിലും ചെയ്തോ എന്നതോർത്ത് സന്തോഷത്തോടെ ചിരിക്കാം. നമുക്ക് പരിചയമുള്ള ഒരാളിനെ കാണുമ്പോഴുണ്ടാകുന്ന സന്തോഷത്തിലൂടെ ചിരിക്കാം. അല്ലെങ്കിൽ നമ്മുടെ ഏതെങ്കിലുമൊരു കഴിവ് വ്യത്യസ്തമായ രീതിയിൽ ഏതെങ്കിലുമൊരു അവസ്ഥയിൽ പ്രയോഗിച്ചു എന്നതോർത്ത് നമുക്ക് ചിരിക്കാം. ഇത്തരത്തിൽ ചിരിക്കാൻ ഒട്ടേറെ കാരണങ്ങളുണ്ട്.
ചിരിക്കും ചികിത്സയോ?
ചിരി ചികിത്സ എന്നൊരു രീതിയുണ്ട്. ജെലറ്റോളജി(gelotology) എന്നാൽ ചിരി ശാസ്ത്രം എന്ന് തർജ്ജിമ ചെയ്യാം. ചിരി എങ്ങനെയൊക്കെ ശരീരത്തിനെ മാറ്റിമറിക്കുന്നു എന്നുള്ളതിന്റെ ആഴത്തിലുള്ള പഠനമാണ് ജെലറ്റോളജി. ജലറ്റോളജി ഇന്നത്തെക്കാലത്ത് വിവിധ തരത്തിലുള്ള രോഗാവസ്ഥകളുടെ ചികിത്സകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. 100% ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ഒരു ചികിത്സാ രീതിയല്ല ഇത്. എന്നാൽ ചില ജീവിതശൈലീജന്യ രോഗങ്ങളുടെ തീവ്രത കുറയ്ക്കാൻ പരീക്ഷണാടിസ്ഥാനത്തിൽ ഈ രീതി ഉപയോഗിക്കുന്നുണ്ട്. ചില പഠനങ്ങൾ വളരെ ഗുണകരമായ ഫലങ്ങൾ പുറത്തുവിട്ടിട്ടുമുണ്ട്. പ്രത്യേകിച്ച് പ്രമേഹം. പ്രമേഹത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതൽ പരീക്ഷങ്ങൾ നടന്നിട്ടുള്ളത്. ഉള്ളിന്റെ ഉള്ളിൽ നിന്നും വരുന്ന ചിരി നമുക്ക് ഇടയ്ക്കിടെ ഉപയോഗിക്കാൻ കഴിഞ്ഞാൽ പ്രമേഹം വർധിക്കാൻ കാരണമാകുന്ന ഹോർമോണുകളെ കുറയ്ക്കാനും അതിലൂടെ സാധിക്കും.
ചിരിക്കാം, ചിരിച്ചുകൊണ്ടേയിരിക്കാം
ചിരി ഒരു വ്യക്തിയുടെ മാനസിക നിലയെ വളരെ പോസിറ്റീവായി സ്വാധീനിക്കും. കാരണം രാവിലെ ഉറങ്ങിയെഴുന്നേറ്റ് കഴിയുമ്പോൾ നമ്മുടെ ജീവിത അവസ്ഥയെ ഓർത്ത് ചിരിക്കുകയാണെങ്കിൽ ആ ദിവസം മുഴുവൻ അതിന്റെ പോസിറ്റിവിറ്റി നിലനിർത്താൻ സാധിക്കും. പലപ്പോഴും രാവിലെ ഉണർന്നെഴുന്നേറ്റാൽ ആദ്യം ചെയ്യുന്നത് മൊബൈലിൽ നോക്കുക എന്നതാണ്. സാമൂഹ്യമാധ്യമങ്ങളിൽ വരുന്ന നെഗറ്റീവായ വർത്തകളൊക്കെ കണ്ട് ഒരു ദിവസം നെഗറ്റീവായി തുടങ്ങിയാൽ ആ നെഗറ്റിവിറ്റി ദിവസത്തിലുടനീളം ബാധിക്കും. മറിച്ച് രാവിലെ എഴുന്നേറ്റശേഷം കുറച്ചു സമയം അവരവർക്കായി മാറ്റിവെച്ച് നോക്കൂ. നമുക്ക് ജീവനുണ്ട്, ചുറ്റിലുമുള്ള പലകാര്യങ്ങളും ആസ്വാദിക്കാൻ നമുക്ക് കഴിയുന്നുണ്ട് എന്ന് മനസിലാക്കി നിങ്ങൾക്ക് ചിരിക്കാൻ കഴിയണം.
ചിരി തരും ആരോഗ്യം
ചിരി ശാരീരികാരോഗ്യം മെച്ചപ്പെടുത്താൻ വളരെയേറെ സഹായിക്കും. നിരന്തരമായി ആരോഗ്യകരമായ ചിരിയിൽ ഏർപ്പെട്ടുകഴിഞ്ഞാൽ ശരീരത്തിലെ സമ്മർദം വർദ്ധിപ്പിക്കുന്ന തരത്തിലുള്ള ഹോർമോണുകളുടെ അളവ് കുറയ്ക്കുകയും അതുവഴി ജീവിതശൈലീജന്യരോഗങ്ങൾ കുറയ്ക്കാം. കൂടുതൽ ചിരിക്കുന്ന ആൾ ശാരീരികമായി കൂടുതൽ സജീവമായിരിക്കും. കൂടുതൽ വ്യായാമം ചെയ്യാനുള്ള ക്ഷമതയുണ്ടാകും. ഇതുവഴി ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ വഴക്കം വർധിപ്പിക്കാനും ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കും.
സന്തോഷം തേടിയുള്ള യാത്രയാണ് മനുഷ്യജീവിതം. ആ യാത്രയിൽ ചിരിക്കാതിരിക്കാൻ നമുക്കാവില്ലല്ലോ. മനസിന്റെ ഭാരം കുറയ്ക്കാൻ ഇഷ്ടമുള്ളവർക്കൊപ്പം ചേർന്ന് ചിരിക്കാം. ചിരിയിലൂടെ പ്രതീക്ഷ കൈവിടാതിരിക്കാം, സമാധാനമായി ജീവിക്കാം.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക