സൗന്ദര്യം നിലനിർത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ് വിശേഷിച്ചും റമദാൻ മാസത്തിൽ. വേനലിന് നടുവിലെ ദീർഘ നേരത്തെ ഉപവാസത്തിനിടയിൽ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. ഈ കാലയളവിൽ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യമാണ് ആഹാരക്രമവും തിരഞ്ഞെടുക്കുന്ന ആഹാര പദാർത്ഥങ്ങളും ശരീരത്തിനാവശ്യമായ വെള്ളത്തിന്റെ അളവും. ഉപവാസ മാസത്തിൽ ശരീരത്തെ സംരക്ഷിക്കേണ്ടതിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
ഇഫ്താറിനും സുഹൂറിനും (അത്താഴം) ഇടയിൽ ധാരാളം വെള്ളം കുടിക്കണം. ചർമ്മം പുതുമയുള്ളതും തിളക്കമുള്ളതുമായി നിലനിർത്താൻ വെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുകൊണ്ട് തന്നെ റമദാൻ മാസത്തിൽ നോമ്പ് തുറന്ന ശേഷവും അത്താഴത്തിനും ജലസമൃദ്ധമായ ഭക്ഷണങ്ങൾ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കണം.
ഇഫ്താറിനും സുഹൂറിനും ഇടയിൽ ആൻ്റിഓക്സിഡൻ്റുകളുള്ള ഭക്ഷണം ധാരാളമായി കഴിക്കുന്നത് ചർമ്മത്തിൻ്റെ തിളക്കം വർദ്ധിപ്പിക്കും. ബെറി ഇനത്തിൽപ്പെടുന്ന പഴങ്ങൾ, ഈന്തപ്പഴം, ബദാം, ഡാർക്ക് ചോക്ലേറ്റ്, മാതളനാരങ്ങ എന്നിവ ഉൾപ്പെടുത്തുക. ഉപവാസത്തിന് ശേഷം പഴങ്ങൾ ധാരാളം കഴിക്കുക. ഇത് ചർമ്മത്തിന് ഗുണം ചെയ്യും.
എണ്ണമയമുള്ള ഭക്ഷ്യ വസ്തുക്കൾ, ഫാസ്റ്റ് ഫുഡ്, പഞ്ചസാര കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. ഫാറ്റി ആസിഡുകളും ആൻ്റിഓക്സിഡൻ്റുകളും നിറയ്ക്കാൻ പ്രോട്ടീനുകൾ, പച്ചക്കറികൾ, നട്സ് എന്നിവ കഴിക്കുക. ഹെൽത്തിയായ ഭക്ഷ്യ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലൂടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കുന്നതിന് സഹായിക്കും.
ദിവസത്തിൽ രണ്ടുതവണ ചർമ്മം മോയ്സ്ചറൈസിംഗ് ചെയ്യുന്നത് പ്രധാനമാണ്. ചർമ്മത്തിന് ആവശ്യമുള്ള പോഷണം നൽകാൻ ഹൈലൂറോണിക് ആസിഡും സ്ക്വാലീനും അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. അധിക ജലാംശം വർദ്ധിപ്പിക്കുന്നതിന് ഫേസ് സ്പ്രേയും എണ്ണയും ഉപയോഗിക്കുക. സൺസ്ക്രീൻ നിത്യേന ഉപയോഗിക്കാൻ ശ്രമിക്കുക.
റമദാൻ മാസത്തിൽ അമിതമായി മേക്കപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ മൃദുവായ ക്ലെൻസറുകൾ തിരഞ്ഞെടുക്കുക, അമിതമായി മുഖം കഴുകുന്നത് ഒഴിവാക്കുക. കെമിക്കലുകളുടെ സാന്നിധ്യമില്ലാത്ത ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളും മേക്കപ്പ് ഉൽപ്പന്നങ്ങളും തിരഞ്ഞെടുക്കുക. ജലാംശവും നേരിയ കവറേജും നൽകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതാവും ചർമ്മം ആരോഗ്യത്തോടെ നിലനിർത്താൻ നല്ലത്.