പുറത്തിറങ്ങിയാൽ വെന്തുരുകി തീരുന്ന അവസ്ഥയാണ് ഇപ്പോൾ. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കടുത്ത ചൂടിൽ പലതരം അസുഖങ്ങൾ വ്യാപിക്കാന് തുടങ്ങിയിട്ടുണ്ട്, പലയിടങ്ങളിലും മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സമയങ്ങളിൽ മനുഷ്യന്റെ ശരീരത്തിന് ആവശ്യം വെള്ളമാണ്.
ഈ വേനൽക്കാലത്ത് ശരീരത്തെ സംരക്ഷിക്കാനും കുഴഞ്ഞ് വീഴാതെ പിടിച്ചു നിൽക്കാനും നാം കഴിക്കുന്ന ഭക്ഷണം പ്രധാന പങ്കുവഹിക്കുന്നുണ്ട്. വേനൽചൂടിൽ നമ്മുടെ ശരീരത്തിൽ നിന്നും വെള്ളം അതിവേഗം നഷ്ടപ്പെടും. ജലാംശം നിലിനിർത്താൻ വെള്ളം കുടിക്കേണ്ടതുണ്ട്. വേനൽക്കാലത്ത് വെള്ളത്തിൻ്റെ അംശം കൂടുതലുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കാനാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സീസണൽ പഴങ്ങളിലും പച്ചക്കറികളിലും ധാരാളം പോഷകങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഇതില് ശരീരത്തെ തണുപ്പിക്കുന്ന ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്.
ശരീരത്തിൽ തണുപ്പ് നിലനിർത്താന് സഹായിക്കുന്നതും പോഷകങ്ങൾ നൽകുന്നതുമായ, വേനൽക്കാലത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ ഒഴിവാക്കാൻ പാടില്ലാത്തവയെ പരിചയപ്പെടാം.
തൈര് - നിരവധി ഗുണങ്ങളാൽ സമ്പന്നമായ ഭക്ഷണ പദാർത്ഥമാണ് തൈര്. ധാരാളം വിറ്റാമിനുകളാണ് തൈരിൽ അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന വിഭവമാണിത് . ഇന്ത്യയിലെ പല തീരദേശ സംസ്ഥാനങ്ങളിലും ഭക്ഷണത്തില് പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാനാവാത്തതുമായ വിഭവമാണ് തൈര്. ഇത് ശക്തമായ പ്രോബയോട്ടിക് ആയതിനാൽ തൈര് ദഹനത്തെ സഹായിക്കുന്നു.
തേങ്ങാ വെള്ളം - ഇളം തേങ്ങാവെള്ളം കുടിക്കുന്നതിലൂടെ ഊർജം വർദ്ധിക്കുകയും ശരീരത്തില് ജലാംശം ഉണ്ടാകുകയും ചെയ്യുന്നു. രുചികരമായ പ്രകൃതിദത്ത പാനീയമാണ് തേങ്ങാ വെള്ളം. ഇത് ശരീരത്തിലെ ഇലക്ട്രോലൈറ്റിൻ്റെ അളവ് നിലനിർത്താൻ ആവശ്യമായ നിരവധി അവശ്യ വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞതാണ്.
സ്വീറ്റ് കോൺ- സ്വീറ്റ് കോൺ ഒരു വൈവിധ്യമാർന്ന ഘടകമാണ്. അത് നിരവധി വിഭവങ്ങളിൽ ചേർത്ത് കഴിക്കാം. കൂടാതെ നാരുകളാൽ സമ്പന്നമായതാണ്. ഇതിൽ വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൻ്റെയും മുടിയുടെയും കണ്ണുകളുടെയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
മോര് - മോര് അല്ലെങ്കിൽ ചാച്ച്, വേനൽക്കാലത്ത് ശരീരത്തെ തണുപ്പിച്ച് ജലാംശം നിലനിർത്താൻ മോര് സഹായിക്കുന്നു. ഈ പാനീയം കഴിക്കുന്നത് ഹീറ്റ് സ്ട്രോക്കുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും.
തണ്ണിമത്തൻ- പേര് സൂചിപ്പിക്കുന്നത് പോലെ തണ്ണിമത്തൻ ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കുന്നതിന് നല്ലതാണ്. കാരണം ഈ പഴത്തിൽ നിന്നുള്ള പാനീയങ്ങൾ അവശ്യ പോഷകങ്ങൾ നൽകുന്നതിന് മാത്രമല്ല, വേനൽക്കാലത്ത് തണുപ്പ് നിലനിർത്താനും സഹായിക്കുന്നു. ശരീരത്തിലെ ജലാംശം വർധിപ്പിക്കുന്നതിന് തണ്ണിമത്തൻ കഴിക്കുന്നത് ഗുണകരമാണ്. 95 ശതമാനത്തോളം ജലാംശമുള്ള പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ഈ വേനൽക്കാലത്ത് ധാരാളം കഴിക്കുന്നത് നല്ലതാണ്. നിർജ്ജലീകരണം തടയാൻ ഇത് വളരെയേറെ സഹായിക്കും. തണ്ണിമത്തിനിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹന പ്രക്രിയ സുഗമമാകും. വിറ്റാമിനും ആൻ്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ കഴിക്കുന്നതിലൂടെ രോഗപ്രതിരോധ ശേഷി വർധിക്കും.
മാമ്പഴം- വേനൽക്കാല വിഭവം പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാമ്പഴം ഇരുമ്പിൻ്റെയും മഗ്നീഷ്യത്തിൻ്റെയും മികച്ച ഉറവിടമാണ്.
കുക്കുമ്പർ- ഗുണങ്ങൾ ഏറെയുള്ള പച്ചക്കറി ഇനമാണ് കുക്കുമ്പർ. ഇത് ജലാംശം കൊണ്ട് സമ്പുഷ്ടമാണ്, ശരീരത്തിന് തണുപ്പ് നൽകും. വിറ്റാമിൻ കെ, വിറ്റാമിൻ സി, മഗ്നീഷ്യം, കാത്സ്യം, ഇരുമ്പ്, ഫോസ്ഫറസ്, സിങ്ക് തുടങ്ങിയവയും ഉയര്ന്ന അളവില് നാരുകളും ഇതില് അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണശൈലിയിൽ കുക്കുമ്പര് ഭാഗമാക്കുന്നത് ഗുണകരമാണ്. ദിവസവും കുക്കുമ്പര് കഴിക്കുന്നത് മലബന്ധം അകറ്റാനും അൾസർ, നെഞ്ചെരിച്ചിൽ, ഗ്യാസ്ട്രൈറ്റിസ്, അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള് പരിഹരിക്കാനും സഹായിക്കും.
നാരങ്ങാവെള്ളം- നിമ്പു പാനി എന്നറിയപ്പെടുന്ന നാരങ്ങാവെള്ളം ഉന്മേഷദായകമാണ്. ശരീരവും മനസും തണുക്കാൻ സഹായിക്കുന്ന ഒരു പാനീയമാണ് നാരങ്ങാ വെള്ളം.
ബെറികൾ- ബ്ലൂബെറി, റാസ്ബെറി, നെല്ലിക്ക എന്നിവ ആൻ്റിഓക്സിഡൻ്റുകളാൽ നിറഞ്ഞതാണ്. അവ സ്മൂത്തികളിലോ ലഘുഭക്ഷണമായോ കഴിക്കാം.