ന്യൂയോർക്ക്: ക്ഷീണം മാറ്റാൻ ഒരു കോട്ടുവായ ഇട്ടതാണ്. പിന്നെ ഒന്നും ഓർമ്മയില്ല, എട്ടിന്റെ പണിയാണ് സോഷ്യൽ മീഡിയ ഇൻഫ്ളവൻസറായ ജെന്ന സിന്റാര എന്ന അമേരിക്കാരിക്ക് കിട്ടിയത്. കോട്ടുവായിട്ടതിനുശേഷം വായ അടയ്ക്കാൻ കഴിയാതെ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ് ജെന്ന. കോട്ടുവായിട്ടതിനുശേഷം വായ അടയ്ക്കാൻ കഴിയാതായതിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുമുണ്ടായിരുന്നു. നല്ല വേദനയുമുണ്ടെന്ന് ജെന്ന വീഡിയോയിൽ പറയുന്നുണ്ട്.
വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയെങ്കിലും ഏതാനും ടെസ്റ്റുകൾ നടത്തിയതിനുശേഷമാണ് താടിയെല്ലിന്റെ സ്ഥാനം തെറ്റിയത് ആശുപത്രി അധികൃതർ കണ്ടെത്തിയത്. പിന്നീട് താടിയെല്ല് പഴയപടിയാക്കി വീട്ടിലേക്ക് തിരിച്ചുവിടുകയും ചെയ്തു. മുഖത്തിനു ചുറ്റും ബാൻഡേജ് ചുറ്റിയ മറ്റൊരു വീഡിയോയും ജെന്ന പങ്കുവെച്ചിട്ടുണ്ട്. താടിയെല്ല് പഴയപടി ആക്കുന്ന ചികിത്സയുടെ ഭാഗമായിരുന്നു ഇത്. ഇനിയും ഇതേപോലെ സംഭവിച്ചേക്കാമെന്നും ശ്രദ്ധിക്കണമെന്നും ജെന്നയോട് ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. ഇത് 'ജോ ഡിസ് ലൊക്കേഷൻ' എന്ന രോഗമാണ്.
താടിയെല്ലിന്റെ കീഴ്ഭാഗത്തിന് സ്ഥാനചലനം ഉണ്ടാവുകയാണ് ഇവിടെ സംഭവിക്കുന്നത്. അത്തരത്തിലുണ്ടായാൽ തന്നെ സ്വയം ശരിയാക്കാൻ ശ്രമിക്കാതെ വിദഗ്ധസഹായം തേടണം. താടിയെല്ലിന്റെ ഭാഗം ചലിക്കുമ്പോഴുള്ള വേദന, വായ അടയ്ക്കാൻ കഴിയാതിരിക്കുക, സംസാരിക്കാൻ കഴിയാതിരിക്കുക, ഭക്ഷണം കഴിക്കാൻ കഴിയാതിരിക്കുക തുടങ്ങിയവ ലക്ഷണങ്ങളാണ് ഇതിനുള്ളത്. വായ സാധാരണത്തേക്കാൾ കൂടുതൽ തുറക്കുന്ന അവസരങ്ങളിലാണ് ഇത് കണ്ടുവരാറുള്ളത്. ഭക്ഷണം കഴിക്കുക, കോട്ടുവായിടുക, പല്ലിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് വായ തുറക്കുക തുടങ്ങിയ അവസരങ്ങളിൽ പ്രകടമായേക്കാം.