നവജാത ശിശുക്കൾക്ക് ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണം മുലപ്പാലാണ് എന്ന കാര്യത്തിൽ സംശയമില്ലല്ലോ. എന്നാൽ അമ്മമാർക്ക് മുലപ്പാൽ കൊടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ എന്തു ചെയ്യും? നവജാതശിശുക്കൾക്കായുള്ള ഫോർമുല മിൽക്കുകളാണ് ഇത്തരം സാഹചര്യങ്ങളിൽ മുൻപ് ഒക്കെ കുഞ്ഞുങ്ങൾക്ക് നൽകികൊണ്ടിരുന്നത്. എന്നാൽ ബ്രസ്റ്റ് പമ്പ് ഉപയോഗിച്ച് പാൽ ശേഖരിച്ച് സൂക്ഷിച്ച് വയ്ക്കാനും പിന്നീട് ഉപയോഗിക്കാനും കഴിഞ്ഞതോടെ ജോലിക്ക് പോകുന്ന അമ്മമാർക്ക് ഉൾപ്പടെ ഇതൊരു ആശ്വാസമായി. ആശുപത്രികളില് ബ്ലഡ് ബാങ്ക് പോലെ മുലപ്പാൽ ബാങ്കുകളും ഇന്ന് പ്രവർത്തിക്കുന്നുണ്ട്. താത്പര്യമുള്ള അമ്മമാർക്ക് മുലപ്പാൽ ദാനം ചെയ്യാനും കഴിയും.
എന്നാൽ മുലപ്പാൽ വാണിജ്യ അടിസ്ഥാനത്തിൽ വിൽപന നടത്തുന്നതിന് നമ്മുടെ രാജ്യത്ത് അനുവാദമില്ല. ഇതൊരു സേവനം മാത്രമാണ്. മുലപ്പാല് അനധികൃതമായി വാണിജ്യാടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നവർക്ക് എതിരെ കർശന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഓഫ് ഇന്ത്യ (FSSAI). വാണിജ്യാടിസ്ഥാനത്തിലുള്ള മുലപ്പാൽ വിൽപ്പന പൂർണ്ണമായും നിർത്തി വയ്ക്കണമെന്ന് ഈ മാസം 24 ന് പുറപ്പെടുവിച്ച ഉത്തരവില് അധികൃതര് അറിയിച്ചിട്ടുണ്ട്.
എഫ്എസ്എസ് ആക്ട് 2016 പ്രകാരം മുലപ്പാല് സംസ്ക്കരിക്കുന്നതിനോ വില്ക്കുന്നതിനോ നമ്മുടെ രാജ്യത്ത് അനുവാദമില്ല. പാലുൽപ്പന്നങ്ങളുടെ മറവിൽ ചില കമ്പനികൾ മുലപ്പാൽ കച്ചവടം നടത്തുന്നുണ്ടെന്നാണ് എഫ്എസ്എസ്എഐയുടെ കണ്ടെത്തല്. അതിനാല് മുലപ്പാലിന്റെയോ മുലപ്പാല് അധിഷ്ഠിത ഉല്പ്പന്നങ്ങളുടെയോ വാണിജ്യവില്പ്പന ഉടന് നിര്ത്തിവെയ്ക്കണമെന്ന് ഫുഡ് റെഗുലേറ്ററുടെ നിര്ദേശത്തില് പറയുന്നു.
മുലപ്പാല് സംസ്ക്കരിക്കുന്നതിനോ വില്ക്കുന്നതിനോ ആര്ക്കും ലൈസന്സ് നല്കിയിട്ടില്ലെന്ന് ഉറപ്പാക്കാന് സംസ്ഥാന, കേന്ദ്ര ലൈസന്സിങ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുലപ്പാൽ ദാനം ചെയ്യാനേ കഴിയൂ, ഇതിന് പകരമായി പണമോ മറ്റ് ആനുകൂല്യമോ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണ്. മുലപ്പാൽ വിൽക്കാനോ വാണിജ്യപരമായി ഉപയോഗിക്കാനോ കഴിയില്ലെന്നും എഫ്എസ്എസ്എഐ അറിയിച്ചു. നിയമം ലംഘിച്ചാല് 5 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക