ദിവസവും പാൽ ഉപയോഗിക്കാറുള്ളവരാണല്ലോ നമ്മൾ, ചായക്കും കാപ്പിക്കും ഒപ്പം മാത്രമല്ല പാൽ ഉത്പ്പന്നങ്ങളായും എല്ലാം നമ്മൾ പാൽ ഉപയോഗിക്കാറുണ്ട്. എന്നാൽ നമ്മൾ ഉപയോഗിക്കുന്ന പാൽ എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? പലപ്പോഴും അൽപ്പം വെള്ളം ചേർത്താണ് നമ്മൾ പാൽ ഉപയോഗിക്കാറുള്ളത്. ഇത്തരത്തിൽ പാലിൽ വെള്ളം ചേർക്കുന്നത് ശരീരത്തിന് ഗുണമോ ദോഷമോ. ചിന്തിച്ച് നോക്കിയിട്ടുണ്ടോ?
വെള്ളം ഉപയോഗിക്കുന്നതിലൂടെ പാലിൻ്റെ പോഷകമൂല്യം കുറയുമെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അഭിപ്രായം. ഇനി അഥവാ വെള്ളത്തിന് എന്തെങ്കിലും തരത്തിൽ കുഴപ്പം ഉണ്ടെങ്കിൽ അത് ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കുമെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. അടുത്തിടെ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. നിങ്ങൾ ഉപയോഗിക്കുന്ന പാലിൽ വെള്ളം കലർന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള ഒരു ലളിതമായ പരിശോധനയാണ് വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നു. വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, "നിങ്ങളുടെ പാലിൽ വെള്ളം കലർന്നിട്ടുണ്ടോ? ഒരു ലളിതമായ പരിശോധനയിലൂടെ നിങ്ങൾക്ക് ഇത് എങ്ങനെ പരിശോധിക്കാം എന്ന അടിക്കുറിപ്പോടെ പാലിൽ വെള്ളം ചേർത്തോയെന്ന് എങ്ങനെയാണ് പരിശോധിക്കുന്നതെന്ന് കാണിച്ചായിരുന്നു എഫ്എസ്എസ്എഐ വീഡിയോ പങ്കുവെച്ചത്.
പാലിൽ വെള്ളം ചേർത്തിട്ടുണ്ടോ എന്ന് തിരിച്ചറിയാനുള്ള മാർഗ്ഗം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പങ്കുവെച്ചിരുന്നത് ഇങ്ങനെയാണ്.
വൃത്തിയുള്ള ഒരു ഗ്ലാസ് സ്ലൈഡ് അല്ലെങ്കിൽ പ്ലേറ്റ് എടുക്കുക. 1 മുതൽ 2 മില്ലി പാൽ ഗ്ലാസ് പ്ലേറ്റിലോ സ്ലൈഡിലോ ഒഴിക്കുക. പാൽ സാവധാനത്തിൽ നീങ്ങുന്നു എങ്കിൽ പാൽ ശുദ്ധമാണ്. എന്നാൽ പാൽ അതിവേഗം ഒഴുകുന്നുവെങ്കിൽ, അതിനർത്ഥം അതിൽ വെള്ളം കലർന്നിട്ടുണ്ട് എന്നാണ്.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മറ്റൊരു വീഡിയോയിൽ പാലിൽ യൂറിയയുടെ അളവ് എത്രത്തോളം ഉണ്ടെന്ന് കണ്ടെത്താനുള്ള വഴിയും പറഞ്ഞ് തരുന്നുണ്ട്. യൂറിയ ഉപയോഗം വൃക്കകൾക്കും ദഹനപ്രക്രിയക്കും ഹാനികരമാണ്. ഇനി എഫ്എസ്എസ്എഐ പാലിൽ യൂറിയ കലർന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ടീസ്പൂൺ പാൽ എടുക്കുക.
ടെസ്റ്റ് ട്യൂബിൽ അര ടീസ്പൂൺ സോയാബീൻ അല്ലെങ്കിൽ അർഹർ ദാൽ പൊടി ചേർക്കുക.
ടെസ്റ്റ് ട്യൂബ് കുലുക്കി നന്നായി മിക്സ് ചെയ്യുക. അഞ്ച് മിനിറ്റ് കാത്തിരിക്കുക.
ഒരു ചുവന്ന ലിറ്റ്മസ് പേപ്പർ മിശ്രിതത്തിലേക്ക് മുക്കുക. അര മിനിറ്റ് കാത്തിരിക്കുക, തുടർന്ന് ചുവന്ന ലിറ്റ്മസ് പേപ്പർ നീക്കം ചെയ്യുക. മായം കലരാത്ത പാലിൽ ആണെങ്കിൽ ചുവന്ന ലിറ്റ്മസ് പേപ്പർ നിറം മാറില്ല. മായം കലർന്ന പാലിലെ ചുവന്ന ലിറ്റ്മസ് പേപ്പർ നീലയായി മാറും.
വീട്ടിൽ പാലിൻ്റെ പരിശുദ്ധി പരിശോധിക്കുന്നതിനും മായം കലരാനുള്ള സാധ്യത തടയുന്നതിന് വിശ്വസനീയവും ആധികാരികവുമായ സ്രോതസ്സുകളിൽ നിന്നാണ് പാൽ വാങ്ങുന്നതെന്ന് ഉറപ്പാക്കാൻ ഈ ഘട്ടങ്ങൾ പാലിക്കാം. ഇനി മുതൽ സുരക്ഷിതമായി കഴിക്കൂ. ശരിയായി കഴിക്കൂ എന്നാണ് വീഡിയോ പങ്കുവെച്ചു കൊണ്ട് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ പാൽ ഉപഭോക്താക്കൾക്ക് നൽകുന്ന സന്ദേശം.
നിങ്ങള്ക്ക് 'ഇഡിയറ്റ് സിന്ഡ്രോം' ഉണ്ടോ, നിസാരമായി കാണരുത്!