ഓര്ലാന്ഡോ: പേഴ്സണലൈസ്ഡ് ടെലിമെഡിസിന് പ്രമേഹ ചികിത്സയില് വരുത്താവുന്ന ഗുണകരമായ മാറ്റങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച് ഡോ.ജ്യോതിദേവ് കേശവദേവ്. അമേരിക്കന് ഡയബെറ്റിസ് അസോസിയേഷന്റെ (എഡിഎ) 84-ാ മത് വാര്ഷിക സമ്മേളനത്തിലാണ് ഡോ.ജ്യോതിദേവ് കേശവദേവ് പ്രഭാഷണം നടത്തിയത്.
ആശുപത്രിയില് ചികിത്സയ്ക്കു നേരിട്ട് വരുന്നത് കൂടാതെ ഒരു മാസം രണ്ടു പ്രാവശ്യമെങ്കിലും ടെലിമെഡിസിനിലൂടെ ആരോഗ്യ വിദ്യാഭ്യാസവും ചികിത്സാ നിര്ദ്ദേശങ്ങളും സ്വീകരിക്കുകയാണെങ്കില് പ്രമേഹം കാരണം വന്നു ചേരാവുന്ന കണ്ണിലെ റെറ്റിനോപ്പതി, കാല്പ്പാദങ്ങളിലെ ന്യൂറോപ്പതി, പക്ഷാഘാതം, ഹൃദ്രോഗം, വൃക്കരോഗം, തുടങ്ങിയ അനുബന്ധരോഗങ്ങള് 48.4 ശതമാനത്തോളം കുറയ്ക്കുവാന് കഴിയും എന്നാണ് കണ്ടെത്തല്. ഈ കണ്ടെത്തല് ഏവരുടെയും ശ്രദ്ധ ആകര്ഷിച്ചുവെങ്കിലും ഡോക്ടര്ക്ടമാര്ക്കും ചികിത്സകര്ക്കും ചിലവഴിക്കേണ്ടി വരുന്ന അധികസമയം , ഇന്ഷുറന്സ് കവറേജ് ഇല്ലായ്മ തുടങ്ങിയ പരിമിതികള് ഇതിനുണ്ട്.
കാല്നൂറ്റാണ്ടിലേറെയായി നടന്ന നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പഠനം. 90 മുതല് 95 ശതമാനം പ്രമേഹരോഗികള്ക്കും അനുബന്ധരോഗങ്ങള് വന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില് ഡയബെറ്റിസ് ടെലി മാനേജ്മെന്റ് സിസ്റ്റം (ഡി ടി എം എസ്) ഉപയോഗിച്ചുള്ള ഘടനാപരമായ പേര്സണലൈസ്ഡ് ടെലി മെഡിസിന് പദ്ധതിക്ക് ഗണ്യമായ സാമൂഹിക സാമ്പത്തിക പ്രസക്തിയാണുള്ളത് എന്ന് ഡോ. ജ്യോതിദേവ് അഭിപ്രായപ്പെട്ടു.
ഡോ. ജ്യോതിദേവ് കേശവദേവും സംഘവും (ഡോ. അരുണ് ശങ്കര്, ഗോപി കൃഷ്ണന്, ഡോ. ആശ ആഷിക്, അഞ്ജന ബസന്ത്, ബ്രിജിറ്റ് ജോണ്സണ്, സൗരവ് രാജ്, ജോഫി , രമ്യ ജോസ്, സുനിത ജ്യോതിദേവ്) മൂന്ന് ഗവേഷണങ്ങള് കൂടി കേരളത്തില് നിന്ന് അവതരിപ്പിച്ചു. 120 രാജ്യങ്ങളില് നിന്നും 10000-ല് അധികം പ്രതിനിധികള് ഒത്തുചേരുന്ന ആഗോളതലത്തിലുള്ള ഏറ്റവും ബൃഹത്തായ പ്രമേഹ വൈദ്യശാസ്ത്ര സമ്മേളനമാണ് എ ഡി എ കണ്വെന്ഷന്.