ത്വക്കിനെ ബാധിക്കുന്ന വിറ്റിലിഗോ രോഗ ബാധിതനാണ് താനെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളീവുഡ് നടൻ വിജയ് വർമ്മ. ലസറ്റ് സ്റ്റോറി, ഗള്ളി ബോയ് തുടങ്ങിയ സിനിമകളിലൂടെ ഏറേ ശ്രദ്ധേയമായ താരമാണ് വിജയ് വർമ്മ. കരിയറിന്റെ തുടക്കത്തിൽ താൻ രോഗത്താൽ ഏറെ ബുദ്ധിമുട്ടിയിരുന്നെന്നും എന്നാൽ പിന്നീട് ഇത് തന്റെ കോൺഫിഡൻസിനെ ബാധിക്കാതെ ആയെന്നും വിജയ് പറയുന്നു. വിറ്റിലിഗോ പതിയെ വ്യാപിക്കുന്ന ഒരു രോഗമാണെന്നും താനിപ്പോൾ പുറത്ത് പോകുമ്പോൾ ഇത് മറയ്ക്കാനായി ഒന്നും ചെയ്യാറില്ല എന്നും വിജയ് പറഞ്ഞു. സിനിമകളിൽ ഇത് മറയ്ക്കുന്നത് പ്രേക്ഷകരുടെ ശ്രദ്ധ അതിലേക്ക് പോവാതിരിക്കാനാണെന്നും വിജയ് കൂട്ടി ചേർത്തു.
എന്താണ് വിറ്റിലിഗോ രോഗം ?
ചർമ്മത്തിന് നിറം നൽകുന്ന മെലാനിൻ ഉല്പാദിപ്പിക്കുന്ന മെലാനോസൈറ്റിസിനെ ബാധിക്കുന്ന അസുഖമാണ് വിറ്റിലിഗോ. ഇതൊരു ഓട്ടോ ഇമ്മ്യൂൺ അസുഖമാണ്. മെലാനോസൈറ്റുകളെ നശിപ്പിച്ചുകൊണ്ട് ചർമ്മത്തിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുത്തുന്ന അവസ്ഥയാണ് വിറ്റിലിഗോ. ചർമ്മത്തിൽ ചെറിയ പാടുകളായി കാണപ്പെടുന്ന ഇവ പതിയെ ശരീരം മുഴുവൻ വ്യാപിച്ചേക്കാം. വിറ്റിലിഗോ ഒരിക്കലും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന അസുഖമല്ല. വെളുത്ത നിറത്തിലുള്ള ചെറിയ പാടുകളായി ആവും ഇവ തുടക്കത്തിൽ കാണപ്പെടുക. ഈ പാടുകൾ കാണപ്പെടുന്ന ഇടങ്ങളിലെ രോമങ്ങൾക്കും കറുത്ത നിറം നഷ്ടപ്പെടാനും, വെളുത്ത രോമങ്ങളായി ഇവ മാറാനും സാധ്യത ഉണ്ട്. പ്രത്യേകിച്ച് വലിയ ടെസ്റ്റുകളൊന്നും ഇല്ലാതെ തന്നെ ഒരു ത്വക്ക് രോഗ വിദഗ്ധന് രോഗം കണ്ടെത്താൻ സാധിക്കും. വിറ്റിലിഗോ ഉള്ള ചില ആളുകൾക്ക് പ്രമേഹം, സോറിയാസിസ്, തൈറോയ്ഡ് തുടങ്ങിയ രോഗാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
മരുന്നുകൾ വഴിയും പിഗ്മെന്റ് ട്രീറ്റ്മെന്റ് വഴിയും ചർമ്മത്തിലെ നിറവ്യത്യസത്തെ ചികിത്സിക്കാനാകും, പാടുകളുടെ വലുപ്പം, അവ നിലകൊള്ളുന്ന സ്ഥലങ്ങൾ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാവും ചികിത്സയുടെ ഫലപ്രാപ്തിയുണ്ടാവുക. പാരമ്പര്യമായും വിറ്റിലിഗോ പകരാനുള്ള സാധ്യതകൾ ഏറെയാണ്. മുൻപ് നടി മമത മോഹൻദാസും തന്റെ വിറ്റിലിഗോ രോഗാവസ്ഥയെ പറ്റി തുറന്നു പറച്ചിൽ നടത്തിയിരുന്നു.