മാറിമറിയുന്ന മനോനില, വിഷാദം; എന്താണ് ബൈപോളാര് ഡിസോർഡർ, മരുന്നുകൊണ്ട് ചികിത്സിച്ചാലേ മാറുകയുള്ളോ?

'കൈയില് നയാ പൈസ ഇല്ലാതെ അതുമിതും ഒക്കെ വാങ്ങിച്ചു ചെക്ക് ഒപ്പിട്ടു കൊടുത്തു. അവസാനം അതു പ്രശ്നം ആയി. അങ്ങനെ ആണ് അദ്ദേഹത്തില് രോഗമുണ്ടെന്ന് ആദ്യമായ് തിരിച്ചറിഞ്ഞത് '- ഒരു രോഗിയുടെ ഭാര്യ പറഞ്ഞതാണ്....

കല കൗണ്‍സിലര്‍
4 min read|08 Sep 2024, 12:13 pm
dot image

തീവ്ര ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും തലങ്ങളില് മാറി മാറി ഒരു മനുഷ്യന്റെ മനസ്സ് സഞ്ചരിച്ചുകൊണ്ടിരിക്കുക. ഈ നിമിഷം ഊര്ജ്ജത്തോടെ ആവേശത്തോടെ നിങ്ങളോടൊപ്പം ചേരുന്നവര് പിന്നീട് കുറച്ച് കഴിയുമ്പോള് മറ്റൊരു മാനസികാവസ്ഥയില് എത്തുക. ബൈപോളാര് എന്നാല് രണ്ടു ധ്രുവങ്ങള് ഉള്ള, തീവ്രമായ ഉന്മാദത്തിന്റെയും വിഷാദത്തിന്റെയും തലത്തിലേയ്ക്ക് മാറി മാറി പോകുന്ന രോഗാവസ്ഥ ആണ് .

ബൈപോളാര് രോഗം മരുന്ന് കൊണ്ട് ചികിത്സിക്കണോ?

കൗണ്സിലിങ് കൊണ്ട് സഹായിച്ചൂടെ ?

ഞാന് ഒരു കൗണ്സലിങ്ങ് സൈക്കോളജിസ്റ്റ് ആണ്. എങ്കില് കൂടി ബൈപോളാര് രോഗത്തിന്റെ ചികിത്സയില് തെറാപ്പികളും കൗണ്സിലിങ്ങും കൊടുക്കുന്നതിന് മുന്പ് സൈക്കാട്രിസ്റ്റിന്റെ സഹായത്തോടെ മരുന്നുകള് ആണ് കൊടുക്കേണ്ടത് എന്ന് പറയും.

ഒരേ വ്യക്തിയില് ജീവിതത്തിന്റെ ചില ഘട്ടത്തില്, സന്തോഷം തീവ്രമായി മാസങ്ങള് നിലനില്ക്കും. അമിതമായ ഊര്ജ്ജസ്വലത ആണ് പ്രധാന ലക്ഷണം. രാത്രിയില് ഉറങ്ങില്ല എങ്കില് പോലും പകലും നല്ല ഊര്ജ്ജസ്വലത ആയിരിക്കും.അമിതമായ സംസാരമായിരിക്കും. പരിചയമില്ലാത്ത ആളുകളോട് പോലും ഇടിച്ചു കേറി മിണ്ടും. അമിതമായ ആത്മവിശ്വാസം.തനിക്ക് ദൈവികമായ കഴിവുണ്ടെന്ന് വരെ വിശ്വസിച്ചു പോകുന്ന തരത്തിലായിരിക്കും കാര്യങ്ങൾ. ഒന്നുകില് അമിത സന്തോഷപ്രകടങ്ങള് അല്ലെങ്കില് അമിത ദേഷ്യപ്രകടങ്ങള്. ഇതാണ് ചില ഉന്മാദ ലക്ഷണങ്ങള്.

'കൈയില് നയാ പൈസ ഇല്ലാതെ അതുമിതും ഒക്കെ വാങ്ങിച്ചു ചെക്ക് ഒപ്പിട്ടു കൊടുത്തു. അവസാനം അതു പ്രശ്നം ആയി. അങ്ങനെ ആണ് അദ്ദേഹത്തില് രോഗമുണ്ടെന്ന് ആദ്യമായ് തിരിച്ചറിഞ്ഞത് '- ഒരു രോഗിയുടെ ഭാര്യ പറഞ്ഞതാണ്..

വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നാണ് ഈ അവസ്ഥ.

'അല്ലെങ്കില് എന്തിനും പിശുക്കാണ്.പക്ഷേ അസുഖം വന്നു കഴിഞ്ഞാല് മക്കളെയും കൊണ്ട് പോയി ധാരാളം തുണി, എനിക്ക് സാരി ഒക്കെ വാങ്ങി തരും'- മറ്റൊരു രോഗിയുടെ ഭാര്യ പറഞ്ഞത്.

ക്രമേണ അതു മാറി സങ്കടത്തിലേക്ക് കടക്കും. ചിലര്ക്ക് ഉന്മാദം മാത്രമാകും, വിഷാദത്തിലേക്ക് പോകില്ല. മറ്റു ചിലര്ക്ക് ചെറിയ ഉന്മാദാവസ്ഥ, കടുത്ത വിഷാദവും ആകാം. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, നിരാശ, ഭാവിയെ കുറിച്ച് ഒരു പ്രതീക്ഷയുമില്ല, ആത്മഹത്യ പ്രവണത ഇതൊക്കെ രണ്ടാഴ്ച കാലം നീണ്ടു നിന്നാല് ആണ് വിഷാദരോഗം എന്ന് പറയാവുന്നത്.

ജീവശാസ്ത്രപരമായ കാരണങ്ങള് കൊണ്ട് തന്നെ ചില വ്യക്തികളില് മനോരോഗ സാദ്ധ്യതകള് കൂടുതലാണ്. അതു ഉന്മാദ വിഷാദരോഗത്തിനും ബാധകമാണ്. പ്രധാനപെട്ട കാര്യം എന്ന് പറയുന്നത് പാരമ്പര്യത്തിന്റെ ഘടകമാണ്. ജനിതകമായിട്ട്, കുറച്ചു സാധ്യത, പാരമ്പര്യം ഇല്ലാത്തവരെ അപേക്ഷിച്ചു അവര്ക്ക് കൂടുതല് ആണെന്ന് പറയാം. ജീവിതത്തിലെ സമ്മര്ദ്ദം മൂലവും വരാം.

തീവ്രമായ വിഷാദം വരുന്ന സന്ദര്ഭത്തില് മസ്തിഷ്കത്തിലെ സിറട്ടോണിന് എന്ന് പറയുന്ന രാസവസ്തുവില് കുറവുണ്ടാകുന്നു. ഇതിനോട് ചേർന്ന് ശാരീരിക ലക്ഷണങ്ങള് ചിലര് പ്രകടിപ്പിക്കും. ചില വേദനകള്, പെരുപ്പ്, തരിപ്പ്, ഒരു ജോലിയും ചെയ്യാന് പറ്റാത്ത അവസ്ഥ. ഇത്തരം ലക്ഷണം ഉള്ള വ്യക്തികളില് മസ്തിഷ്ക്കത്തില് noreprinephrin എന്ന് പറയുന്ന മറ്റൊരു രാസവസ്തുവില് കുറവ് ഉണ്ടാകുന്നു.

രണ്ടാഴ്ച വരെ ഉള്ള സ്ഥായിയായ വിഷാദം, രാവിലെ മുതല് വൈകുന്നേരം വരെ മാറാതെ ഉള്ള അകാരണമായ സങ്കടം, ഒരു ജോലിയും ചെയ്യാന് താല്പര്യം ഇല്ലാതിരിക്കുക,വല്ലാത്ത ക്ഷീണം, ഉറക്കക്കുറവ്, വിശപ്പില്ലായ്മ....ഇതൊക്കെ ആണ് വിഷാദത്തിന്റെ പ്രധാന ലക്ഷണങ്ങള്.

ഉന്മാദാവസ്ഥ ഉള്ള ആളുകളില് തലച്ചോറില് ഡോപ്പാമിന് എന്ന് പറയുന്ന രാസതന്മാത്ര കൂടുതലായി കാണപ്പെടുന്നു. മരുന്നുകള് കൊടുത്തു ഇതിന്റെ അളവിനെ ക്രമീകരിക്കുക എന്നതാണ് പ്രധാനമായും ചികിത്സ കൊണ്ട് ഉദ്ദേശിക്കുന്നത്. മൂഡ് സ്റ്റെബിലൈസര് എന്ന് പറയുന്ന മരുന്നുകള് ആണ് ഇതിനു ഉപയോഗിക്കുന്നത്. വളരെ സുരക്ഷിതമായ, പാര്ശ്വഫലങ്ങള് ഇല്ലാത്ത മരുന്നുകള് ഉണ്ട്. എന്നാല് തുടര്ച്ചയായി മരുന്നു കഴിക്കേണ്ടി വരും. ഡോക്ടറുടെ നിര്ദേശപ്രകാരം അല്ലാതെ മരുന്ന് കുറയ്ക്കുകയും നിര്ത്തുകയും ചെയ്യരുത്. രോഗത്തിന്റെ തുടക്കം രോഗിക്കും തൊട്ടടുത്ത ബന്ധുവിനും അറിയാന് പറ്റിയാല് വളരെ സാധാരണഗതിയില് മരുന്നുകള് എടുത്ത് ജോലിക്കും മറ്റു സാമൂഹിക കാര്യങ്ങളില് പോലും ഇടപെട്ടു സന്തോഷകരമായ ജീവിതം നയിക്കാവുന്നതാണ്. മാനസിക സംഘര്ഷം ഒഴിവാക്കാന് പറ്റണം.

മനശാസ്ത്ര ചികിത്സകള്

ഇതിന് മനഃശാത്രപരമായ ചികിത്സകളുണ്ട് .Interpersonal സൈക്കോതെറാപ്പി ഉണ്ട്.. കോഗ്നിറ്റീവ് തെറാപ്പി ഉണ്ട്. ഇതൊക്കെ രണ്ടാമത് വരുന്ന കാര്യങ്ങളാണ്.

ഹിപ്നോട്ടിസം കൊണ്ട് മാറ്റാന് കഴിയുമോ

Hypnotism എന്നത് ഒരു relaxation രീതി ആണ്.

അത് ഈ രോഗാവസ്ഥയില് പ്രയോജനം ചെയ്യില്ല.

മരുന്ന് കഴിച്ചുകൊണ്ടുളള ചികിത്സ

ഒന്പതു മാസം എങ്കിലും മരുന്ന് എടുക്കണം. ചികിത്സ എടുത്ത് ഒരാഴ്ച്ച കൊണ്ട് ചിലപ്പോള് ലക്ഷണങ്ങള് മാറും. പക്ഷേ മരുന്ന് നിര്ത്തരുത്.

മസ്തിഷ്കത്തിലെ രാസവസ്തുക്കള് മരുന്നുകളുടെ സഹായം ഇല്ലാതെ ക്രമമായി നിലനില്ക്കണം എങ്കില് ചുരുങ്ങിയത് ഒന്പതു മാസമെങ്കിലും എടുക്കും.

ആവര്ത്തന സ്വഭാവം ഉള്ള ഒരു അസുഖം ആണ് ബൈപോളാര് ഡിസോര്ഡര്. തലച്ചോറിലെ രാസവ്യതിയാനങ്ങള് വീണ്ടും ബാക്കി നില്ക്കുക ആണ്. അപ്പോള് ചെറിയ ഒരു സമ്മര്ദ്ദം മാത്രം മതി. അല്ലേല് ഒരു ദിവസം ഒന്ന് ഉറക്കം കുറഞ്ഞാല് മതി അടുത്ത എപ്പിസോഡിലേക്ക് കടക്കും. രാസവസ്തുക്കള് ക്രമീകരിച്ചാല് മാത്രമേ ഈ അസുഖത്തിന്റെ തീവ്രത കുറയാനും സാധാരണ ജീവിതം നയിക്കാനും പറ്റൂ.

കൗണ്സിലിങ് കൊണ്ട് രോഗം മാറുന്നതെപ്പോള്

എങ്ങനെ ആണ് മരുന്നുകള് ഇല്ലാതെ കൗണ്സലിംഗ് കൊണ്ട് രോഗം മാറുക എന്നതിനെക്കുറിച്ച് പറയാം. മരുന്ന് എടുത്ത് ഒരു ഘട്ടം എത്തിയതിനു ശേഷം കൗണ്സലിംഗ് & തെറാപ്പി ഫലപ്രദമാണ്. പല വ്യാജന്മാര് പരസ്യം ചെയ്യുന്നുണ്ട്. ദൂരെ ഇരുന്നു അസുഖം മാറ്റി കൊടുക്കുന്ന രീതികള് വരെ അന്ധമായി ചില അഭ്യസ്ത വിദ്യര് വിശ്വസിക്കുന്നു. പ്രമേഹം വന്നാല്, അത് തീവ്രമായാല് മരുന്ന് എടുക്കേണ്ടേ? അത് പോലെയേ ഉള്ളൂ ഇതും.

അധികം തിരക്കില്ലാത്ത മിടുക്കനായ സൈക്കാട്രിസ്റ്റിന്റെ സേവനം ആണ് ഫലപ്രദം. കാരണം. രോഗാവസ്ഥയുടെ ആദ്യാവസാനകാര്യങ്ങള് കൂടെ ഉള്ളവര്ക്കും രോഗിക്കും വിശദമായി പറഞ്ഞു കൊടുക്കാന് ഡോക്ടർ സമയം കണ്ടെത്തണം. അവര്ക്കു ശുഭാപ്തി വിശ്വാസം നല്കണം. ഡോക്ടറുടെ പുഞ്ചിരിയില് അവര്ക്ക് ആശ്വാസം കണ്ടെത്താന് കഴിയണം.

ബൈപോളാര് രോഗികള്ക്ക് വിവാഹം കഴിക്കാമോ?

ഒരു അനുഭവത്തിലൂടെ അക്കാര്യത്തിലേക്ക് വരാം.

'മകള് ബൈപോളാര് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്..അവളെ വിവാഹം കഴിപ്പിച്ചു വിടുന്നതില് തെറ്റുണ്ടോ... രോഗമുണ്ടെന്ന് പറഞ്ഞാല് വിവാഹം നടക്കില്ല, മറച്ചു വെച്ച് നടത്തിയാല് കുഴപ്പമുണ്ടോ'...

നിസ്സഹായായ ഒരു അമ്മയുടെ ശബ്ദമാണ്..

എനിക്ക് അവരുടെ അവസ്ഥ മനസ്സിലാകും..

പക്ഷേ ഒറ്റയടിക്ക് ഒരു മറുപടി ഫോണില് കൂടി നല്കാന് വയ്യല്ലോ...

പലരുടെയും തെറ്റിദ്ധാരണയാണ് ഒരു വിവാഹം കഴിച്ചാല് രോഗമൊക്കെ അങ്ങ് മാറുമെന്ന്. അതൊരു ശുദ്ധ അബദ്ധം ആണ്. തീര്ച്ചയായും വിവാഹം എന്നത് സാധാരണ ഒരു വ്യക്തിയെ പോലെ ബൈപോളാര് അസുഖം ഉള്ളവര്ക്കും ആകാം, പങ്കാളി സഹകരിക്കാന് ഒരുക്കമാണെങ്കില്. രോഗം മാറ്റാന് ഉള്ള ഉപായം ആകരുത് എന്നേയുള്ളു. രോഗം മറച്ചു വെച്ചു വിവാഹം കഴിക്കുന്നതാണ് അപകടം. രോഗിയില് പെട്ടന്ന് അതു വരെ ഉണ്ടായിരുന്ന സാഹചര്യങ്ങളില് നിന്നൊരു പറിച്ചു നടലും മരുന്നുകള് മുടങ്ങുകയും ചെയ്താല് രോഗം മൂർച്ഛിയ്ക്കും.

രോഗത്തെ കുറിച്ച് ബോധവാനായ വ്യക്തിയാണെങ്കില് മരുന്നുകള് സ്വന്തം ആയി എടുക്കാന് പറ്റും. അങ്ങനെയും വ്യക്തികള് ഉണ്ട്. പങ്കാളിയെ അറിയിക്കാതെ ഉള്ള ജീവിതം കഠിനമാകും. ഓരോ തരത്തിലും പ്രശ്നം ഉണ്ടായേക്കാം. ബൈപോളാര് രോഗാവസ്ഥയില് ലൈംഗികമായ പെരുമാറ്റങ്ങളില് പോലും പ്രശ്നങ്ങള് പ്രകടമാകാറുണ്ട്. അത്തരം കാര്യങ്ങളെ കുറിച്ച് വിവാഹം കഴിക്കുന്ന ആളിനെ കൂടെ ഇരുത്തി വിവാഹത്തിന് മുമ്പ് തന്നെ, ഡോക്ടര് ഒരു വിശദീകരണം നല്കുന്നത് നല്ലതാണ്. അടുത്ത തലമുറയിലേക്ക് ഈ രോഗം വരാന് സാധ്യത ഉണ്ടോ എന്നൊരു സംശയം പലരും പ്രകടിപ്പിക്കാറുണ്ട്. അങ്ങനെ നിര്ബന്ധമില്ല. ഗര്ഭാവസ്ഥയില് കഴിക്കുന്ന മരുന്നുകള് ഡോക്ടറുടെ നിര്ദേശം അനുസരിച്ചു ആകണമെന്നുള്ളത് പ്രധാനമാണ്..

ഡോക്ടര്ക്കു അസുഖത്തെ കുറിച്ചുള്ള വിശദീകരണം നല്ക്കാമെന്നല്ലാതെ വിവാഹം കഴിക്കണമെന്നോ അരുതെന്നോ പറയാന് പറ്റില്ല.. അതു രണ്ടു കുടുംബങ്ങള് അല്ലെങ്കില് സ്ത്രീയും പുരുഷനും ചേര്ന്ന് എടുക്കേണ്ട തീരുമാനം ആണ്. രോഗം എന്താണെന്നും മരുന്നുകള് എങ്ങനെ എടുക്കണമെന്നും രോഗലക്ഷണങ്ങള് എങ്ങനെ എന്നും ഒക്കെ കൃത്യമായി ഡോക്ടര് പറഞ്ഞു മനസ്സിലാക്കി കൊടുത്ത ശേഷം അവര് തീരുമാനിക്കണം.

ബൈപോളാര് രോഗികളായ ഒരുപാട് വ്യക്തികള്, സ്വന്തം പരിശ്രമത്തില്, കുടുംബത്തിന്റെ പിന്തുണയില്, ഔദ്യോഗിക മേഖലയില് വിജയം നേടി പോലും ഡോക്ടറുടെ സഹായത്തോടെ സാധാരണ ജീവിതം നയിക്കുന്നുമുണ്ട്.

*കൗണ്സലിംഗ് സൈക്കോളജിസ്റ്റ് ആണ് ലേഖിക.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us