ഇന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനം. ആത്മഹ്യാ ചിന്തകളെ പ്രതിരോധിച്ച് ശുഭകരമായ ചിന്തകളിലൂടെ ജീവിതം സന്തോഷകരമാക്കുക എന്ന ചിന്തയാണ് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ഉയർന്ന് വരേണ്ടത്. ഇത്തരത്തിൽ പ്രചോദനമാകുന്ന അനുഭവങ്ങളാണ് കാലെബ് വു എന്ന ചെറുപ്പക്കാരന് പറയാനുള്ളത്. ജീവിതത്തിലെ പ്രതിസന്ധികളെ പ്രതിരോധിച്ച് ആത്മഹത്യ എന്ന ചിന്തയെ മറികടന്ന ഒരു 22കാരനുണ്ട് അമേരിക്കയിലെ കണക്ടികട്ടിലെ ഹാർട്ട്ഫോർഡിൽ. മികച്ച ഫുട്ബോൾ കളിക്കാരനാണ് 22 -കാരനായ കാലെബ് വു. 30 സെക്കൻഡിനുള്ളിൽ ട്രെഡ്മില്ലിൽ കാലുകൾ കൊണ്ട് മാറിമാറി കൂടുതൽ തവണ പന്തുകൾ തട്ടിയതിൻ്റെ ഒരു പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് കാലെബ് വു വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എന്നാൽ ഈ വിജയത്തിന് എല്ലാം പിന്നിൽ വലിയൊരു കഥ പറയാനുണ്ട് കാലെബ് വുവിന്.
ട്രെഡ്മില്ലിൽ നിന്ന് പന്തുകൾ കൊണ്ട് 75 ടച്ചുകൾ നടത്തിയാണ് വു ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. ഗുരുതരമായ വിഷാദവും ആത്മഹത്യ പ്രവണതയും തന്നെ മാറ്റി മറിച്ച ഒരു കാലത്തെ പറ്റി വു ഓർമ്മിച്ചെടുക്കുന്നുണ്ട്. മാനസിക വെല്ലുവിളി നേരിടുമ്പോഴും വിജയം ലക്ഷ്യം വെച്ച് അതിൽ ഉറച്ച് നിന്ന് കൊണ്ട് നേടിയെടുത്തതാണ് കാലെബ് വു ഈ ബഹുമതി. ഫൂട്ബോൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന കാലെബ് വു ഇതിൽ തന്നെ പുതിയ രീതികൾ കണ്ട് പിടിക്കാൻ ശ്രമിക്കുമായിരുന്നു. ഏറ്റവും വിഷമ നിമിഷങ്ങളിൽ പോലും ധൈര്യത്തിൻ്റെയും ആശ്വാസത്തിൻ്റെയും ഉറവിടമായി മാറിയത് ഫുട്ബോൾ തന്നെയാണെന്നാണ് കാലെബ് വുവിൻ്റെ പക്ഷം.
എന്നാൽ കൂടെയുള്ള ടീം അംഗങ്ങളിൽ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിച്ചിരുന്നില്ല. ഒരിക്കൽ പരിശീലനസമയത്ത് ഒരു വീഡിയോ എടുത്ത് അവരെ കാണിച്ചിരുന്നെങ്കിലും ഇതൊന്നും സാധിക്കില്ല എന്ന് പറഞ്ഞുകൊണ്ട് അവർ തന്നെ നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന് കാലെബ് വു ഓർമ്മിച്ചു. അത് കൊണ്ട് തന്നെ അവരുടെ മുൻപിൽ വിജയിച്ചു കാണിക്കുക, അവർ പറഞ്ഞത് തെറ്റാണെന്ന് തെളിയിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു മനസ്സിൽ. തൻ്റെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്താനും തനിക്ക് അതിശയകരമായ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് സ്വയം തെളിയിക്കാനും വേണ്ടിയാണ് ഇത്രയും പരിശ്രമിച്ചതെന്നാണ് കാലെബ് വു പറയുന്നത്.
തടസ്സങ്ങളെ മറികടന്ന് എന്തും ചെയ്യാൻ പ്രാപ്തരാണെന്ന് മറ്റുള്ളവരെ കാണിക്കാനും അവരെ പ്രചോദിപ്പിക്കാനും നമുക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ കാലഘട്ടത്തിൽ നിരവധി അവഗണനകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ ആ സമയത്ത് പോലും അവരെയെല്ലാം അത്ഭുതപ്പെടുത്തി നാല് വർഷം കോളേജ് ടീമിൽ കളിക്കാൻ കഴിഞ്ഞു. ഒരു വർഷം ടീം ക്യാപ്റ്റനുമായിരുന്നെന്നും അദ്ദേഹം ഓർമ്മിച്ചെടുത്തു. പുതിയ ഒരു കഴിവ് ആർജ്ജിക്കുന്നതിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിക്കാനും സഹായിക്കാനുമാണ് ആഗ്രഹിച്ചത്. ആ ലക്ഷ്യം മുൻനിർത്തിയാണ് താൻ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചതെന്നും അദ്ദേഹം പറഞ്ഞു.
(ജീവിതത്തിലെ വിഷമസന്ധികള്ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്ദ്ദങ്ങള് അതിജീവിക്കാന് സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. 1056 എന്ന നമ്പറില് വിളിക്കൂ, ആശങ്കകള് പങ്കുവെയ്ക്കൂ)