കേരളത്തില്‍ ആത്മഹത്യനിരക്ക് വര്‍ധിക്കുന്നു; കൂടുതലും വിവാഹിതരായ പുരുഷന്മാര്‍

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായി കണക്കുകള്‍

dot image

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ ആത്മഹത്യകള്‍ വര്‍ധിച്ചതായി കണക്കുകള്‍. ഇതില്‍ കൂടുതലും വിവാഹിതരായ പുരുഷന്മാരാണെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ സ്ത്രീ-പുരുഷ ആത്മഹത്യാ അനുപാതം 20: 80 ആണ്. 2022ല്‍ 8490 ല്‍ നിന്ന് 2023 ആയപ്പോഴേയ്ക്കും ആത്മഹത്യകളുടെ എണ്ണം 10,972 ആയി ഉയര്‍ന്നു. ഇതില്‍ 8811 പേരും പുരുഷന്‍മാരാണ്. കൂടുതല്‍ ആത്മഹത്യകളും കുടുംബപ്രശ്‌നത്തിന്റെ പേരിലാണ്. വിവാഹിതരായ പുരുഷന്‍മാരാണ് ആത്മഹത്യ ചെയ്തവരില്‍ കൂടുതലും. 56 ശതമാനം പേരും 45 വയസിന് മുകളിലുള്ളവരാണ്. അവരില്‍ 76.6ശതമാനം പേരും വിവാഹിതരായിരുന്നു.

ആത്മഹത്യയുടെ കാര്യത്തില്‍ അപകടകരമായ സാഹചര്യമാണെന്ന് സീനിയര്‍ കണ്‍ട്ടള്‍ട്ടന്റ് സൈക്കോളജിസ്റ്റ് ഡോ പി എന്‍ സുരേഷിനെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ്‌ റിപ്പോർട്ട് ചെയ്തു. 'പാശ്ചാത്യ രാജ്യങ്ങളില്‍ അവിവാഹിതരിലാണ് ആത്മഹത്യ കൂടുതലായി കാണുന്നത്. എന്നാൽ കേരളത്തിലെ കണക്കുകൾ മറ്റൊരു ചിത്രമാണ് നൽകുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, 2022-ല്‍ ദേശീയ ആത്മഹത്യാ നിരക്ക് 100,000 പേര്‍ക്ക് 13 എന്ന കണക്കിലാണെങ്കില്‍ കേരളത്തില്‍ അത് 28.81 ആയിരുന്നുവെന്നും അടിയന്തര പ്രതിരോധ നടപടികള്‍ സ്വീകരിക്കാനുള്ള മുന്നറിയിപ്പാണിതെന്നും അദ്ദേഹം പറഞ്ഞു. 45 വയസിന് മുകളിലുള്ള പുരുഷന്‍മാരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ക്ഷയിക്കുന്നതായും ഡോ. സുരേഷ് പറയുന്നു. പുരുഷന്‍മാര്‍ക്കിടയില്‍ ആത്മഹത്യകള്‍ പെരുകുന്നതിന് പിന്നില്‍ കുടുംബ ഭാരവും സാമ്പത്തിക ഭാരവുമാണെന്നാണ് കോഴിക്കോട് തണല്‍ ആത്മഹത്യ നിവാരണ കേന്ദ്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ രാജഗോപാലന്‍ പി പറയുന്നത്.

സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്താണ്. 1,611 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്തത്. വയനാട്ടിലാണ് ഏറ്റവും കുറവ് കേസുകള്‍, 354. എന്നാല്‍ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോള്‍ വയനാട് നാലാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ നിരക്ക് മലപ്പുറത്തും( 10.78 ശതമാനം) ആത്മഹത്യ ചെയ്തവരില്‍ 37.2ശതമാനം പ്രതിദിന വേതന തൊഴിലാളികളും 19.9 ശതമാനം തൊഴില്‍ രഹിതരുമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us