അമ്മയ്ക്കും വേണം ശരിയായ സംരക്ഷണം; ഇന്ത്യയിൽ ഏറിവരുന്ന പോസ്റ്റ്പാ‍‍‍‍‍‍‍ർട്ടം സെൻ്ററുകളെക്കുറിച്ച് അറിയാം

അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലും പോസ്റ്റ്പാർട്ടം സെൻ്ററുകളുടെ എണ്ണം വർധിച്ചു വരികയാണ്. കൂടിവരുന്ന അണുകുടുംബ വ്യവസ്ഥയും ഈ വർധനയ്ക്ക് കാരണമാണ്.

dot image

"അതൊക്കെ പണ്ടത്തെ കാലത്തെ സ്ത്രീകൾ, പണിയെ‍ടുത്ത് കൊണ്ടിരിക്കുന്നതിനിടയിൽ പ്രസവിച്ചതിന് ശേഷം പോയി വീണ്ടും പണി എടുത്തിട്ടുണ്ട് " കേട്ടു മടുത്തൊരു ക്ലീഷെ ഡയലോ​ഗാണിത്. സിനിമകളിൽ ഉൾപ്പെടെ ഇത്തരത്തിലുള്ള ഡയലോ​ഗുകൾ തമാശയെന്ന തരത്തിൽ പറയാറുണ്ട്. എന്നാൽ അത്രക്കും സിമ്പിളായി കാണേണ്ട ഒന്നാണോ പ്രസവം? ഒരു കുഞ്ഞ് ജനിക്കുമ്പോൾ ഒരു അമ്മയും ജനിക്കുന്നു എന്ന് പറയുന്നത് വെറുതെയല്ല. മാനസികമായും ശാരീരികമായും ഏറെ വെല്ലുവിളികൾ നേരിടുന്ന സമയമാണത്. ശാരീരികമായും മാനസികമായും പുതിയൊരു ആളായി മാറുന്ന ഈ കാലയളവിൽ പലയിടങ്ങളിലും കുഞ്ഞിന് മാത്രമാണ് ശ്രദ്ധ ലഭിക്കുക. എന്നാൽ കുഞ്ഞിനൊപ്പം തന്നെ ശ്രദ്ധ ലഭിക്കേണ്ടവരാണ് അമ്മമാ‌ർ. പുതിയ അമ്മമാരുടെ പരിചരണത്തിനായി പ്രത്യേക സംവിധാനങ്ങൾ വേണ്ടത് അത്യാവശ്യമാണ്. അത്തരത്തിലൊരു സംവിധാനമാണ് പ്രസവാനന്തര പരിചരണ കേന്ദ്രങ്ങൾ അഥവാ പോസ്റ്റ്പാർട്ടം സെൻ്ററുകൾ. അമ്മമാരുടെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനും അവരുടെ മാനസിക ക്ഷേമം ഉറപ്പ് വരുത്താനും ഈ പരിചരണ കേന്ദ്രങ്ങൾ സഹായിക്കും.

എന്താണ് പോസ്റ്റ്പാർട്ടം സെൻ്ററുകൾ ?

2017-ലെ കണക്ക് അനുസരിച്ച് ജനസംഖ്യയുടെ 22% ശതമാനത്തോളം സത്രീകളാണ് പോസ്റ്റ്പാർട്ടം ഡിപ്രഷനിലൂടെ കടന്നുപോകുന്നത്. ഈ അവസ്ഥയിൽ ഇന്ത്യ പോലെ ഒരു രാജ്യം എത്രത്തോളം അമ്മമാരുടെ ആരോ​ഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട് എന്നത് ശ്രദ്ധേയമാണ്. ആദ്യ 48 ദിവസങ്ങളിൽ നൽകുന്ന പരിചരണം ഭാവിയിലെ ഗർഭധാരണത്തിന് മാത്രമല്ല, ആർത്തവവിരാമ സമയത്ത് അമ്മയുടെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. ഈ സമയത്ത് പാലിക്കേണ്ട ഡയറ്റ്, വ്യായാമം, ഉറക്കം ഉൾപ്പെടെ നിരവധി കാര്യങ്ങളിൽ പോസ്റ്റ്പാർട്ടം സെൻ്ററുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പുതിയ അമ്മമാർക്ക് പ്രായമായ സ്ത്രീകളിൽ നിന്ന് ലഭിച്ചിരുന്ന പ്രസവാനന്തര പരിചരണവും പിന്തുണാ സംവിധാനവും കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബ വ്യവസ്ഥയിലേക്ക് മാറിയപ്പോൾ പലയിടങ്ങളിലും നഷ്‍ടമായി. ഇത്തരത്തിൽ പ്രസവാനന്തര പരിചരണവും പിന്തുണയും നൽകുകയും പ്രസവാനന്തര പരിചരണത്തിലെ അശാസത്രീയമായ പരിചരണ രീതികളെ മാറ്റി കൃത്യമായ പരിചരണം ഉറപ്പാക്കുകയും ചെയ്യാന്‍ പോസ്റ്റ്പാർട്ടം സെൻ്ററുകൾ ലക്ഷ്യം വെക്കുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, ലാക്‌ടേഷൻ കൺസൾട്ടൻ്റുകൾ, മാനസികാരോഗ്യ വിദഗ്ധർ എന്നിവരുൾപ്പെടെ ഉയർന്ന പരിശീലനം ലഭിച്ച പ്രൊഫഷണലുകളാണ് ഈ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നത്. ഇത് അമ്മയുടെ മാത്രമല്ല കുഞ്ഞിൻ്റെയും ക്ഷേമം ഉറപ്പാക്കുന്നു.

ഹോർമോണുകളുടെ വ്യതിയാനവും, ഉറക്കകുറവും, മുലയൂട്ടൽ പ്രശ്നങ്ങളും എല്ലാം പുതിയ അമ്മമാരെ ബുദ്ധിമുട്ടിലാക്കിയേക്കാം. ഈ ഘടകങ്ങൾ ഉത്കണ്ഠ, വിഷാദമുൾപ്പടെയുള്ളവയിലേക്ക് നയിച്ചേക്കാം. തൻ്റെ കുഞ്ഞിനെ ശരിയായി പരിപാലിക്കാന്‍ കവിയുന്നുണ്ടോ എന്നതിനെക്കുറിച്ചുള്ള നിരന്തരമായ കുറ്റബോധത്തിലേക്ക് ഇത് നയിച്ചേക്കാം. ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടാൻ അമ്മമാരെ സഹായിക്കുക എന്നതാണ് ഈ സെൻ്ററുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികവും മാനസികമായും ഈ അവസ്ഥകളെ നേരിടുകയും സമ്മർദങ്ങളെ തരണം ചെയ്യുകയും ചെയ്യുമ്പോൾ അത് അമ്മയ്ക്ക് സഹായകമാവുക മാത്രമല്ല കുഞ്ഞും അമ്മയും തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തെ പരിപോഷിപ്പിക്കുകയും ചെയ്യും.

ദക്ഷിണ കൊറിയയിലെ സിയോളിലാണ് ഏറ്റവും കൂടുതൽ പോസ്റ്റ്പാർട്ടം സെൻ്ററുകൾ സ്ഥിതി ചെയ്യുന്നത്. ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ഈ പരിചരണം അവിടെ സർവ സാധാരണമായ ഒന്നാണ്. എന്നാൽ അടുത്തിടെ പുറത്തുവന്ന കണക്കുകൾ പ്രകാരം ഇന്ത്യയിലും പോസ്റ്റ്പാർട്ടം സെൻ്ററുകളുടെ എണ്ണം വർധിച്ചു വരികയാണ്. കൂടിവരുന്ന അണുകുടുംബ വ്യവസ്ഥയും, പ്രസവാനന്തര ശുശ്രൂഷയെക്കുറിച്ച് വര്‍ധിച്ചുവരുന്ന അവബോധവുമെല്ലാം ഈ വർധനയ്ക്ക് കാരണങ്ങളായേക്കാം. മുപ്പതിനായിരം മുതൽ ഒരു ലക്ഷത്തിന് മുകളിൽ വരെ ഫീസ് ഈടാക്കുന്ന സർവീസുകളാണ് നിലവിൽ ഈ രംഗത്ത് നില നിൽക്കുന്നത്. ആരോ​ഗ്യമുള്ള അമ്മമാരുണ്ടെങ്കിൽ മാത്രമേ ആരാ​ഗ്യമുള്ള കുട്ടികളും കുടുംബവും ഉണ്ടാവുകയുള്ളു. അതിനാൽ അമ്മമാരുടെ പരിചരണത്തിനായുള്ള പോസ്റ്റ്പാർട്ടം സെൻ്ററുകളെ പ്രോത്സാഹിപ്പിക്കേണ്ടത് ഭാവിതലമുറയുടെ ആരോഗ്യത്തിനും സുപ്രധാനമാണ്.

dot image
To advertise here,contact us
dot image