ജോലിയെടുപ്പിക്കാം പക്ഷെ പ്രാണനെടുക്കരുതേ

തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ എന്ത് ചെയ്യാം

ഷെറിങ് പവിത്രൻ
2 min read|20 Sep 2024, 03:01 pm
dot image

ജോലി ഭാരവും മാനസിക സമ്മര്‍ദ്ദവും മൂലം മരണത്തിന് കീഴടങ്ങിയ കൊച്ചി സ്വദേശിനിയായ 26 വയസ്സുകാരി അന്നയെക്കുറിച്ച് വളരെ വിഷമത്തോടെയാണ് നമ്മളെല്ലാവരും കേട്ടത്. സ്‌കൂളിലും കോളജിലും ടോപ്പറായ അന്ന മികച്ച കരിയര്‍ പ്രതീക്ഷിച്ചാണ് ഏണസ്റ്റ് ആന്‍ഡ് യങ് കമ്പനിയില്‍ ജോലിക്ക് കയറിയത്. പക്ഷേ അമിത ജോലി ഭാരവും മനസിക സമ്മര്‍ദ്ദവും മൂലം ഈ പെണ്‍കുട്ടി ആത്മഹത്യ ചെയ്തുവെന്നാണ് ആരോപണം ഉയരുന്നത്. ജോലി ഭാരം ജീവനെടുത്ത ആദ്യത്തെ വ്യക്തിയല്ല അന്ന. മുന്‍പ് പലരും ഈ കാരണം കൊണ്ട് മരണത്തിന് കീഴടങ്ങിയിട്ടുണ്ട്.

statista.com അടുത്തിടെ പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2022 ല്‍ സ്വകാര്യ കമ്പനികളില്‍ ശമ്പള അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന 11,486 പേര്‍ തൊഴില്‍ സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്തുവെന്ന് പറയപ്പെടുന്നു. ജീവനക്കാര്‍ നിലവിലെ ജോലി സാഹചര്യം, നീണ്ട ജോലി സമയം, തൊഴില്‍ സുരക്ഷിതത്വമില്ലായ്മ, കുറഞ്ഞ വേതനം, വര്‍ദ്ധിച്ചുവരുന്ന മത്സരം എന്നിവമൂലം സമ്മര്‍ദ്ദമനുഭവിക്കുന്നുണ്ട്.

എന്തുകൊണ്ടാണ് തൊഴിലിടങ്ങളില്‍ ജോലിക്കാര്‍ ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം നേരിടുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? അതിന് കാരണങ്ങള്‍ പലതാണ്. വളരെ കുറഞ്ഞ ശമ്പളം ലഭിക്കുക, ജോലി നഷ്ടപ്പെടുമോ എന്ന ഭയം, ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കാനോ ഉയര്‍ന്നുവരാനോ ശ്രമിച്ചിട്ടും നടക്കാതെ വരിക, വലിയ മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന തരത്തിലുള്ളതും വെല്ലുവിളികള്‍ നിറഞ്ഞതുമായ തൊഴില്‍ സാഹചര്യങ്ങള്‍, ലിംഗ വിവേചനം, ചെയ്യാന്‍ കഴിയാത്ത ടാസ്‌കുകളോട് 'നോ' പറയാനുള്ള ധൈര്യമില്ലായ്മ, കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാനുളള ബുദ്ധിമുട്ട്, ലൈംഗിക അതിക്രമങ്ങള്‍, അര്‍ഹമായ അംഗീകാരം ലഭിക്കാതിരിക്കുക, മേലധികാരിയുമായോ സഹപ്രവര്‍ത്തകരുമായോ പൊരുത്തപ്പെട്ട് പോകാന്‍ സാധിക്കാതെ വരിക ഇവയൊക്കെ ജോലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ്.

ജോലിയുമായി ബന്ധപ്പെട്ട മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ എന്ത് ചെയ്യാം

  • ജോലിഭാരം മൂലം മരണപ്പെട്ട അന്നയുടെ മാതാപിതാക്കള്‍ പറഞ്ഞത് അവള്‍ക്ക് 'നോ' പറയാന്‍ മടിയായിരുന്നു എന്നാണ്. തനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യത്തിനോട് നോ പറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല ഇമേജ് സൃഷ്ടിക്കുക എന്നതിലുപരി പ്രത്യേകിച്ച് ജോലിസ്ഥലങ്ങളില്‍ മേലധികാരിക്ക് അനിഷ്ടമുണ്ടാക്കുമോ എന്നോര്‍ത്താണ് പലരും നോ പറയാത്തത്.
  • ഏറ്റവും പ്രധാനപ്പെട്ട കാര്യം മാനസിക സംഘര്‍ഷമുണ്ടാക്കുന്ന സാഹചര്യങ്ങളെയും കാര്യങ്ങളേയും കൃത്യമായി മനസിലാക്കിയെടുക്കുക എന്നതാണ്. അത്തരത്തില്‍ കാര്യങ്ങള്‍ മനസിലാക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് സ്വയം നിയന്ത്രിക്കാന്‍ സാധിക്കും. പലരും പറയാറുണ്ട്, ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഓഫീസില്‍ ഉപേക്ഷിച്ച് വേണം വീട്ടിലേക്ക് പോകാന്‍ എന്ന്. പക്ഷേ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ ചിലപ്പോഴൊക്കെ ജോലിയെ തലയിലേറ്റാതെ പറ്റില്ല എന്ന അവസ്ഥയുണ്ട്. എങ്കിലും കഴിയുന്നതും വിശ്രമിക്കാനും സ്വയം സന്തോഷിപ്പിക്കാനുമുള്ള സാഹചര്യം കണ്ടെത്തുക.
  • ചെയ്യാനുള്ള ഓഫീസ് ജോലികളും വീട്ടിലെ കാര്യങ്ങളുമെല്ലാം ഒരു ഓര്‍ഡര്‍ തയാറാക്കി ചെയ്യാന്‍ ശീലിക്കുക.
  • ചെയ്തു തീര്‍ക്കാന്‍ സാധിക്കും എന്ന് ഉറപ്പുള്ള ജോലികള്‍ ഏറ്റെടുക്കുക. അതല്ലാതെ സമയപരിധി കഴിഞ്ഞാലും നിങ്ങളെക്കൊണ്ട് പറ്റില്ല എന്ന് തോന്നുന്ന ജോലികളെ ഏറ്റെടുക്കരുത്.
  • പലരും ജോലി ഭാരം ലഘൂകരിക്കാനായി മദ്യപാനത്തിലേക്കും മറ്റും തിരിയുന്നതായി കാണാറുണ്ട്. ഇത് സ്വയം അറിഞ്ഞുകൊണ്ട് ചെയ്യുന്ന പ്രവൃത്തിയായതുകൊണ്ടുതന്നെ അവരവരുടെ പ്രശ്‌നം എന്താണെന്ന് മനസിലാക്കി പരിഹാരം കണ്ടെത്തുകയാണ് വേണ്ടത്.
  • നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുളള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ മേലധികാരിയോടോ കൂടെ ജോലി ചെയ്യുന്ന ആരോടെങ്കിലുമോ അക്കാര്യം പങ്കുവയ്ക്കാവുന്നതാണ്. അത് ഒരു ആശ്വാസം ലഭിക്കുന്നതിന് കാരണമാകും.
  • ജോലിചെയ്യുന്ന സ്ഥാപനങ്ങളില്‍ എല്ലാവരുമായി സൗഹൃദ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ ശ്രദ്ധിക്കുക. 'ഈഗോ' പോലുളള കാര്യങ്ങള്‍ മാറ്റിവച്ച് സ്വന്തം കഴിവില്‍ വിശ്വസിച്ച് മുന്നോട്ടു പോകാം.
  • ഇഷ്ടപ്പെട്ട ജോലി, മനസില്‍ ആഗ്രഹിച്ച അന്തരീക്ഷത്തില്‍ പലര്‍ക്കും ലഭിച്ചുവെന്ന് വരില്ല. അത് മനസിലാക്കാനും മനസിന് കരുത്തു നല്‍കാനുമാണ് ശ്രമിക്കേണ്ടത്. സ്വയം അറിയാനും ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാനും കിട്ടിയ അവസരമാണ് ഇപ്പോഴുളള പ്രശ്‌നങ്ങളെന്ന് കരുതുക.

മേലധികാരി തൊഴിലാളിളോട് പെരുമാറേണ്ടത്

ജോലി സ്ഥലങ്ങളില്‍ ഒരു ജീവനക്കാരന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് പറയുമ്പോഴും ഒരു മേലധികാരി എങ്ങനെ തന്റെ കീഴ്ജീവനക്കാരോട് പെരുമാറണം എന്നതിനെക്കുറിച്ചും പറയേണ്ടതുണ്ട്.

  • 1ജോലി സ്ഥലത്തെ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക.
  • എങ്ങനെയാണ് ജോലി ചെയ്യേണ്ടത്, അവരില്‍നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് ജീവനക്കാര്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക.
  • എത്ര നന്നായി ജോലി ചെയ്താലും ഒരു നല്ല വാക്ക് പോലും കേള്‍ക്കാറില്ല എന്നത് പല ജീവനക്കാരുടെയും പ്രധാന പരാതിയാണ്. ജോലിയില്‍ മികവ് കാണിക്കുന്ന ജീവനക്കാര്‍ക്ക് അംഗീകാരം നല്‍കാന്‍ മടികാണിക്കരുത്.
  • ജീവനക്കാരുമായി നല്ല ആശയവിനിമയം സൂക്ഷിക്കുക.
  • ജീവനക്കാരുടെ പെര്‍ഫോമന്‍സിനെക്കുറിച്ച് അവരെ അറിയിക്കുമ്പോള്‍ അതിന് സ്വകാര്യത സൂക്ഷിക്കേണ്ടതുണ്ട്. എല്ലാവരുടെയും മുന്നില്‍ വച്ച് ജഡ്ജ് ചെയ്ത് സംസാരിക്കാതിരിക്കുക.
  • തൊഴിലാളികള്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനും മനസിലാക്കാനും ശ്രമിക്കുക.
  • എല്ലാത്തിനുമുപരി അവരെ അടിമകളായി കാണാതിരിക്കുക.

വിവരങ്ങള്‍ നല്‍കിയത്
ഗോപിക എസ്
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ്
കലൂര്‍

dot image
To advertise here,contact us
dot image