പ്രായമാകുന്നത് സ്വാഭാവികം, എന്നാല്‍ ചെറുപ്പത്തില്‍ത്തന്നെ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലോ! ആര്‍ക്കായാലും അതൊരു ടെന്‍ഷന്‍ തന്നെയാണ്. എന്തുകൊണ്ടാണ് ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ വേഗത്തില്‍ പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്? അകാലനര ചെറുപ്പക്കാരെ ബാധിക്കുന്നത് എന്തുകൊണ്ടാണ് . പരിഹാരം എന്താണ്?
ഇക്കാലത്ത് 20 കളിലും 30 കളിലുമുള്ളവര്‍ അകാലനരയെക്കുറിച്ചുളള ആശങ്കകള്‍ നേരിടുന്നവരാണ്.
അകാല നരയുടെ കാരണങ്ങളില്‍ 30 ശതമാനവും ജനിതകമോ ഓക്‌സിഡേറ്റീവ് സമ്മര്‍ദ്ദംമൂലമോ, അള്‍ട്രാവൈലറ്റ് വികിരണം പോലെയുളള പാരിസ്ഥിതിക ഘടകങ്ങളോ ആണ്. പോഷകാഹാരക്കുറവ്, വിറ്റിലിഗോ, അലോപ്പീസിയ ഏരിയറ്റ, തൈറോയിഡ് തകരാറുകള്‍ തുടങ്ങിയ രോഗാവസ്ഥയും അകാല നരയിലേക്ക് നയിച്ചേക്കാം.
ശാരദ കെയര്‍, എച്ച്ഒഡി, ഡെര്‍മറ്റോളജി, എന്‍സിആര്‍ ഡോ.ഷിതിജ് ഗോയല്‍, ബെംഗളൂരുവിലെ റെയിന്‍ബോ ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഡെര്‍മറ്റോളജിസ്റ്റ് ഡോ. രചന ശില്‍പാകര്‍ എന്നിവര്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ വിവരങ്ങളില്‍ പറയുന്നത് ഇങ്ങനെയാണ്.
വിട്ടുമാറാത്ത സമ്മര്‍ദ്ദം- ജീവിതശൈലി ഒരു പരിധിവരെ അകാല നരയ്ക്ക് കാരണമാകാറുണ്ട്. പഠനത്തിലെ ടെന്‍ഷനും, ഓഫീസിലെ ടെന്‍ഷനും ഒപ്പം ഉറക്കക്കുറവും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദം നോറെപിനെഫ്രിന്‍ റിലീസിന് കാരണമാകുകയും മെലാനില്‍ ഉത്പാദനം കുറച്ച് മുടി നരയ്ക്കാനിടയാക്കുകയും ചെയ്യുന്നു. സമ്മര്‍ദ്ദം മൂലമുളള ഹോര്‍മോണ്‍ മാറ്റങ്ങള്‍ മുടിവളര്‍ച്ചയെയും മുടിയുടെ നിറത്തെയും ബാധിക്കും.
സമ്മര്‍ദ്ദംകുറച്ചാല്‍ നരച്ച മുടിക്ക് മാറ്റമുണ്ടാവില്ല. പകരം കൂടുതല്‍ നരയുണ്ടാകുന്നത് തടയാനും മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും സഹായിക്കും. യോഗ, ചിട്ടയായ വ്യായാമം, മതിയായ ഉറക്കം തുടങ്ങിയ സ്‌ട്രെസ് മാനേജ്‌മെന്റ് ടെക്‌നിക്കുകള്‍ മുടിയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും
പുകവലി-പുകവലിയും നരയുമായി വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു. പുകയിലയിലടങ്ങിയിരിക്കുന്ന വിഷ പദാര്‍ഥങ്ങള്‍ മെലാനിന്‍ ഉത്പാദനത്തെ തടസപ്പെടുത്തുകയും നരയ്ക്ക് കാരണമാവുകയും ചെയ്യും.
പോഷക ഘടകങ്ങളുടെ കുറവ് -ഫാസ്റ്റ് ഫുഡ്ഡിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തെ കൂടുതല്‍ മോശമാക്കി. അയണ്‍, കോപ്പര്‍, വിറ്റാമിന്‍ ബി12 എന്നിവയുടെ കുറഞ്ഞ അളവ് അകാലനരയുമായി ബന്ധപ്പെട്ട് കിടക്കുന്നു. രോമകൂപങ്ങളിലെ ഡിഎന്‍എ സമന്വയത്തിന് അയണ്‍ നിര്‍ണായകമാണ്. അതേസമയം മെലാനിന്‍ ഉല്‍പാദനത്തിന് ചെമ്പ് അത്യന്താപേക്ഷിതമാണ്. വിറ്റാമിന്‍ ബി 12 ന്റെ കുറവ് മെലാനിനെ ബാധിക്കുന്ന വിനാശകരമായ അനീമിയയ്ക്ക് കാരണമാകുന്നു.
തൈറോയിഡും മുടികൊഴിച്ചിലും
തൈറോയിഡിന്റെ അസന്തുലിതാവസ്ഥയും ഹൈപ്പര്‍ തൈറോയിഡിസവും ഹൈപ്പോ തൈറോയിഡിസവും മുടിവളര്‍ച്ചയെ തടസ്സപ്പെടുത്തുകയും പിഗ്മെന്റേഷനെ തടസ്സപ്പെടുത്തുകയും ചെയ്യും.
കാറ്റലേസ്, കോപ്പര്‍ പെപ്‌റ്റൈഡുകള്‍ അല്ലെങ്കില്‍ മെലാനിന്‍-ഉത്തേജക സംയുക്തങ്ങള്‍ എന്നിവ അടങ്ങിയിരിക്കുന്ന ആന്റി-ഗ്രേ ടോപ്പിക്കല്‍ ചികിത്സകള്‍, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും മെലനോസൈറ്റ് പ്രവര്‍ത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. നരച്ച മുടി കൂടുതലായി ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ എന്ന നിലയില്‍ മുകളില്‍ പറഞ്ഞവയൊക്കെ ഫലപ്രദമായ രീതികളാണ്.
പണ്ടുകാലങ്ങളില്‍ പിന്‍തുടര്‍ന്നുവന്നിരുന്നതുപോലെ നെല്ലിക്ക, കറിവേപ്പില, മൈലാഞ്ചി എന്നിവയെല്ലാം മുടിയുടെ ആരോഗ്യത്തെ ഗുണകരമായി സ്വാധീനിക്കുന്നവയാണ്. സമ്മര്‍ദ്ദം നിയന്ത്രിക്കുക, സമീകൃത ആഹാരം കഴിക്കുക, പുകവലിയും പാരിസ്ഥിതിക മാലിന്യങ്ങളും ഒഴിവാക്കുക എന്നിവ ഉള്‍പ്പടെ ജീവിതശൈലിമാറ്റങ്ങള്‍ കൊണ്ടുവന്നാല്‍ ഒരുപരിധിവരെ അകാല നരയെ നമുക്ക് തടഞ്ഞുനിര്‍ത്താന്‍ സാധിക്കും.