എണീറ്റാൽ ഉടൻ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കണമെന്ന് പറയാറില്ലേ, അത് വെറുതെയാണെന്ന് കരുതേണ്ട. അങ്ങനെ പറയുന്നതിന് പിന്നിൽ വ്യക്തമായ കാരണങ്ങളുണ്ട്. നല്ല ആരോഗ്യം നിലനിർത്താൻ ഈ വെള്ളംകുടി വളരെ ആവശ്യമാണ്. ദഹനം, രക്തചംക്രമണം, താപനില നിയന്ത്രണം, വിഷാംശം ഇല്ലാതാക്കൽ തുടങ്ങിയ സുപ്രധാന ശാരീരിക പ്രവർത്തനങ്ങളെ ഇത് സഹായിക്കുന്നുണ്ട്. എണീറ്റാൽ ഉടൻ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ശീലമാണ്. രാവിലെ വെള്ളം കുടിക്കുന്നത് മണിക്കൂറുകളോളമുള്ള ഉറക്കത്തിന് ശേഷം ശരീരത്തിലെ ജലാംശം വർധിപ്പിക്കുകയും, മെറ്റബോളിസത്തെ വേഗത്തിലാക്കാന്‍ സഹായിക്കുകയും ചെയ്യും. ദിവസം മുഴുവൻ ശരീരത്തില്‍ ആരോഗ്യകരമായ ടോൺ സജ്ജീകരിക്കാനുള്ള മികച്ച മാർഗമാണ് വെള്ളം കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നത്. രാവിലെ എഴുന്നേറ്റാലുടന്‍ വെള്ളം കുടിക്കുന്നതിലൂടെ എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുന്നതെന്ന് അറിയണ്ടേ ?
ഒരുപാട് നേരം ഉറങ്ങിയതിന് ശേഷം എണ്ണീക്കുമ്പോൾ നിങ്ങളുടെ ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാഹചര്യം ഏറെയാണ്. രാവിലെ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ജലാംശം വർധിപ്പിക്കാന്‍ സഹായിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കും.
രാവിലെ വെള്ളം കുടിക്കുന്നത് അടുത്ത കുറച്ച് മണിക്കൂറുകളിൽ നിങ്ങളുടെ മെറ്റബോളിസത്തെ 30% വരെ വേഗത്തിലാക്കും. ദിവസം മുഴുവനും കൂടുതൽ കലോറി എരിച്ച് കളയാനും ശരീരഭാരം നിയന്ത്രിക്കാനും മൊത്തത്തിലുള്ള ഊർജ്ജം നൽകാനും ഇത് നിങ്ങളെ സഹായിക്കും.
രാത്രിയിൽ ശരീരത്തില്‍ ശേഖരിക്കപ്പെടുന്ന വിഷവസ്തുക്കളെ പുറന്തള്ളാൻ വെള്ളം സഹായിക്കും. രാവിലെ വെള്ളം കുടിക്കുമ്പോള്‍ ഈ വസ്തുക്കള്‍ പുറന്തള്ളപ്പെടുകയും വൃക്കകളുടെ പ്രവർത്തനത്തെ സഹായിക്കുകയും ചെയ്യും.
രാവിലെ വെള്ളം കുടിക്കുന്നത് മലബന്ധം തടയുകയും ശോധന എളുപ്പത്തിലാക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആമാശയത്തെ ഭക്ഷണം കഴിക്കാൻ തയ്യാറാക്കുകയും ദിവസം മുഴുവൻ പോഷകങ്ങളെ ശരീരത്തിലേക്ക് എടുക്കുന്നത് വർദ്ധിക്കാന്‍ കാരണമാകുകയും ചെയ്യും.
ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ ജലാംശം വളരെ പ്രധാനപ്പെട്ടതാണ്. രാവിലെ വെള്ളം കുടിക്കുന്നത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും, ചുളിവുകൾ കുറയ്ക്കാനും, മാലിന്യങ്ങൾ പുറന്തള്ളിക്കൊണ്ട് ചർമ്മത്തിന് സ്വാഭാവിക തിളക്കം നിലനിര്‍ത്താനും സഹായിക്കും.
മനുഷ്യൻ്റെ തലച്ചോറിൻ്റെ 75 ശതമാനവും വെള്ളമാണ്, ജലാംശം കുറയുന്നത് തലച്ചോറിൻ്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തിയേക്കാം. രാവിലെ ആദ്യം വെള്ളം കുടിക്കുന്നത് ഏകാഗ്രത, ഉണർവ്, ഓർമശക്തി എന്നിവ മെച്ചപ്പെടുത്താനും ദിവസത്തിന് പോസിറ്റീവ് ടോൺ ക്രമീകരിക്കാനും സഹായിക്കുന്നു.
ജലാംശം നിങ്ങളുടെ ലിംഫാറ്റിക് സിസ്റ്റത്തെ സന്തുലിതമാക്കി നിർത്താൻ സഹായിക്കുന്നു, ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. രാവിലെ വെള്ളം കുടിക്കുന്നത് ലിംഫ് ദ്രാവകങ്ങളുടെ ശരിയായ രക്തചംക്രമണത്തെ പിന്തുണയ്ക്കുകയും, വിഷവസ്തുക്കളെ നീക്കം ചെയ്യുകയും ചെയ്യുന്നു.
നിർജ്ജലീകരണം ക്ഷീണത്തിനും കാരണമാകും. രാവിലെ വെള്ളം കുടിക്കുന്നത് ജലാംശം പുനഃസ്ഥാപിക്കുന്നു, ഊർജ്ജ നിലകൾ വർധിപ്പിക്കുകയും ചെയ്യും, ഇത് മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും, ഉന്മേഷദായകമായ ദിവസം നിങ്ങൾക്ക് നൽകുകയും ചെയ്യുന്നു.
വെള്ളം സ്വാഭാവിക വിശപ്പിനെ കുറയ്ക്കും. രാവിലെ ഭക്ഷണത്തിന് മുമ്പ് വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും അതിലൂടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
രാവിലെ ശരിയായ ജലാംശം നിങ്ങളുടെ ഹൃദയത്തിൻ്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യകരമായ രക്തസമ്മർദ്ദം നിലനിറുത്താനും രക്തചംക്രമണം മെച്ചപ്പെടുത്താനും ഓക്സിജനും പോഷകങ്ങളും സുപ്രധാന അവയവങ്ങളിലേക്ക് എത്തിക്കാനും ഇത് സഹായിക്കുന്നു, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇത് കുറയ്ക്കുന്നു.
ഇത്തരത്തിൽ വെള്ളം ഉപയോഗിച്ച് നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിലൂടെ, നിങ്ങളുടെ ശരീരം മൊത്തം റീസ്റ്റാര്‍ട്ട് ചെയ്യപ്പെടുകയും ദിവസം മുഴുവൻ നിങ്ങളുടെ ശരീരം മികച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു.