കുട്ടിയുടെ പല്ലുകള്‍ നിരതെറ്റിയതാണോ? വിഷമിക്കേണ്ട, ശരിയാക്കാന്‍ വഴിയുണ്ട്

കുട്ടികളിലെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് പീഡിയാട്രിക് ദന്തിസ്റ്റായ ഡോ. കവിത വിജിത്ത്...

ഷെറിങ് പവിത്രൻ
4 min read|02 Oct 2024, 11:06 am
dot image

കുട്ടികളിലെ ദന്ത സംരക്ഷണവുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് നിരവധി സംശയങ്ങളുണ്ടായിരിക്കും. പല്ല് കൊഴിയുന്ന കാലയളവിനെക്കുറിച്ച്, പുതിയ പല്ലുകള്‍ നിരതെറ്റി വരുന്നതിനെക്കുറിച്ച്, പല്ലുകള്‍ കേടാകുന്നതിനെക്കുറിച്ച് , എങ്ങനെയാണ് കുട്ടികളുടെ പല്ലുകള്‍ സംരക്ഷിക്കേണ്ടത്. അങ്ങനെ പലതും. ഇക്കാര്യങ്ങളെക്കുറിച്ച് കൂടുതലറിയാം.

കുട്ടികളില്‍ പല്ലുകള്‍ കൊഴിഞ്ഞ് പുതിയവ വരുന്ന പ്രായം? പുതിയ പല്ലുകള്‍ ഉണ്ടാകുമ്പോള്‍ മുന്‍പുണ്ടായിരുന്ന കേടുകള്‍ ഈ പല്ലുകളെയും ബാധിക്കാറുണ്ടോ?

ഒന്നുമുതല്‍ ആറ് വയസുവരെയാണ് പല്ലുകൊഴിയുന്ന ആദ്യത്തെ ഘട്ടം. അതുമല്ലെങ്കില്‍ 12 വയസുവരെ. അതില്‍ ചിലപ്പോള്‍ ഏറ്റക്കുറച്ചിലുകളുണ്ടാവും. പാല്‍പ്പല്ലില്‍ അണുബാധ ഉണ്ടാകുമ്പോള്‍ ഇത് വേര് വഴി അസ്ഥിയിലേക്ക് പടര്‍ന്നാല്‍ അത് പെര്‍മെനന്റ് ടീത്തിന്റെ വളര്‍ച്ചയെ ബാധിച്ചേക്കാം. അതുകൊണ്ട് പാല്‍പല്ല് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്.

ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം 6 അല്ലെങ്കില്‍ 7 വയസാകുമ്പോള്‍ നില്‍ക്കുന്ന പാല്‍പ്പല്ലിന്റെ പിറകില്‍ ഒരു പെര്‍മനന്റ് പല്ല് വരും. ആളുകള്‍ അതിനെ പാല്‍പല്ലാണെന്ന് കരുതി അവഗണിക്കും. അതുകൊണ്ട് കുട്ടികള്‍ക്ക് 6, 7 വയസു പ്രായമാകുമ്പോള്‍ ഒരു ദന്തരോഗവിദഗ്ധന്റെ അടുത്തുപോയി പല്ലിന്റെ ആരോഗ്യം നല്ലതാണോ എന്ന് എപ്പോഴും ഉറപ്പ് വരുത്തേണ്ടതുണ്ട്.

പുതിയ പല്ലുകള്‍ ഉണ്ടാകുമ്പോള്‍ പല കുട്ടികളിലും നിരതെറ്റി കാണാറുണ്ട്. ഇത് പരിഹരിക്കാനും ഭംഗിയാക്കാനും മാര്‍ഗ്ഗമുണ്ടോ?

ക്രമം തെറ്റിയ പല്ലുകള്‍ നന്നാക്കി എടുക്കാന്‍ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ആദ്യംതന്നെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് കണ്ടെത്തണം. മോണയിലെ വലിപ്പ വ്യത്യാസമാണോ, പല്ലിന്റെ പൊസിഷനില്‍ വന്നിരിക്കുന്ന എന്തെങ്കിലും വ്യത്യാസം കൊണ്ടാണോ എന്ന് ആദ്യം കണ്ടുപിടിക്കണം. കുട്ടികളില്‍ പല്ല് നിരതെറ്റിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെറുപ്പത്തില്‍ത്തന്നെ ശരിയാക്കിയെടുക്കാന്‍ സാധിക്കും. പക്ഷേ പ്രായം കൂടുംതോറും സര്‍ജറി കൊണ്ട് കറക്ട് ചെയ്യാന്‍ സാധിക്കുന്ന രീതിയിലേക്ക് നീങ്ങും. ചില കുട്ടികളില്‍ നിര തെറ്റി പല്ലുകള്‍ വരുന്നതിന് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. നാക്കുകൊണ്ട് പല്ല് തളളുന്ന ശീലങ്ങളൊക്കെയുള്ള കുട്ടികളിലും പല്ല് നിരതെറ്റിയതുപോലെ കാണാറുണ്ട്. ഇതൊക്കെ നേരത്തെ കണ്ടെത്തിയാല്‍. വേദനയില്ലാതെതന്നെ പരിഹരിക്കാവുന്ന പ്രശ്‌നങ്ങളാണ്.

കുട്ടികളില്‍ പത്ത് വയസ് ആയാലും ചില പല്ലുകള്‍ കൊഴിയാറില്ല. അങ്ങനെയുളളപ്പോള്‍ എന്ത് ചെയ്യാന്‍ സാധിക്കും?

കുട്ടികളില്‍ പാല്‍പല്ല് കൊഴിയുന്നത് 10 വയസുവരെയോ കുറച്ചുകൂടി നീണ്ടുപോയാല്‍ 13 അല്ലെങ്കില്‍ 14 വയസുവരെയോ ആകാം. പല്ല് കൊഴിയാത്തതുമായി ബന്ധപ്പെട്ട് സംശയം തോന്നുന്നുണ്ടെങ്കില്‍ ഡോക്ടറെ കണ്ട് ഒരു എക്‌സറേ എടുത്ത് നോക്കാം. പാല്‍പ്പല്ലിനടിയില്‍ പെര്‍മനന്റ് ടൂത്ത് ഉണ്ടോ എന്ന് എക്‌സറേയില്‍ അറിയാന്‍ കഴിയും. ഇതനുസരിച്ച് കൊഴിയാതെ നില്‍ക്കുന്ന പാല്‍പല്ല് എടുത്തുകളയണോ അല്ലെങ്കില്‍ കുറച്ചുനാള്‍ കൂടി കാത്തിരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ സാധിക്കും. ചില അവസരങ്ങളില്‍ പാല്‍പ്പല്ല് എടുത്ത് കൊടുക്കുന്നതാണ് നല്ലത്. അപ്പോള്‍ അടിയിലെ പല്ല് വേഗം വരും. മറ്റ് ചിലപ്പോള്‍ സാധാരണ പോലെ കൊഴിഞ്ഞ് പോകുന്നതാണ് നല്ലത്.

കുട്ടികളിലെ ദന്തസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

കുട്ടികള്‍ ജനിക്കുമ്പോള്‍ത്തന്നെ ദന്ത സംരക്ഷണം ആരംഭിക്കേണ്ടതുണ്ട്. പല്ല് വരുന്നതിന് മുന്‍പ് തന്നെ വായ നല്ലവണ്ണം വൃത്തിയാക്കി വയ്ക്കാം. തീരെ ചെറിയ കുട്ടികള്‍ക്ക് ഓരോതവണ പാല് കൊടുത്തതിന് ശേഷവും ഒരു മസ്‌ലിന്‍ തുണി ഉപയോഗിച്ചോ ക്ലീനിംഗ് പാടുകള്‍ ഉപയോഗിച്ചോ വായ വൃത്തിയാക്കാവുന്നതാണ്.

ആദ്യത്തെ രണ്ട് പാല്‍പല്ലുകള്‍ വന്നാല്‍ത്തന്നെ ബ്രഷിംഗ് തുടങ്ങാവുന്നതാണ്. ഈ കാലയളവില്‍ അരിമണിയുടെ വലിപ്പത്തില്‍ പേസ്റ്റ് ഉപയോഗിക്കാം. മൂന്ന് വയസിന് മുകളിലുളളവര്‍ക്ക് പീനട്ട് സൈസില്‍ ടൂത്ത് പേസ്റ്റ് ഉപയോഗിക്കാവുന്നതാണ്. ഫ്‌ളൂറിഡേറ്റഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. 100 ccm ഫ്‌ളൂറൈഡാണ് ഇതിനായി ശുപാര്‍ശ ചെയ്യുന്നത്. പല്ലുകള്‍ക്ക് കേട് വരുന്നതിനെ തടയാനും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇതിന് കഴിയും.

ഭക്ഷണവും പല്ലുകളും തമ്മിലുള്ള ബന്ധം?

ഭക്ഷണം നല്‍കുമ്പോള്‍ പഞ്ചസാര അമിതമായി ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ കുട്ടികള്‍ക്കായാലും ജ്യൂസ് , പാല് ഒക്കെ പോലുള്ള ദ്രവരൂപത്തിലുളള ഭക്ഷണം കൈാടുക്കുമ്പോള്‍ അതില്‍ അധികമായി പഞ്ചസാര ചേര്‍ക്കേണ്ടതില്ല. ഭക്ഷണത്തിന്റെ നാച്ചുറല്‍ രുചിയില്‍ത്തന്നെ കൊടുത്ത് വേണം ശീലിപ്പിക്കാന്‍. രണ്ട് മീല്‍സിന്റെ ഇടയില്‍ എന്തെങ്കിലും സ്‌നാക്‌സ് കഴിക്കുന്ന ശീലം കുറയ്ക്കണം. എല്ലാ ഭക്ഷണവും കഴിച്ച ശേഷം വായ കഴുകേണ്ടതുണ്ട്. പ്രത്യേകിച്ച് സ്‌കൂളില്‍ പോകുമ്പോള്‍ ഇടവേളകളില്‍ കഴിക്കുന്ന ഭക്ഷണം കഴിഞ്ഞ് വായ നന്നായി കഴുകണം.

ആദ്യത്തെ പല്ല് വരുമ്പോള്‍ത്തന്നെ ഒരു പീഡിയാട്രിക് ഡന്റിസ്റ്റിനെ കാണുക. പിന്നീട് എല്ലാ ആറ് മാസം കൂടുമ്പോഴും ചെക്കപ്പ് നടത്താം. ഈ സമയത്ത് ന്തെങ്കിലും തകരാറുകളുണ്ടെങ്കില്‍ പരിഹരിക്കാം.

വിവരങ്ങള്‍ നല്‍കിയത്

ഡോ. കവിത വിജിത്ത്
പീഡിയാട്രിക് ദന്തിസ്റ്റ്
ഇന്നസെന്റ് സ്‌മൈല്‍ ദന്തല്‍ ക്ലിനിക്
മാവേലിപുരം
കാക്കനാട്

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us