എന്തുകൊണ്ട് നമ്മൾ മത്സ്യം കഴിക്കണം? 'ഭാവിയിലെ സൂപ്പർ ഫുഡി'നെക്കുറിച്ച് കൂടുതൽ അറിയാം!

'ഭാവിയുടെ ആഹാരസംവിധാനത്തിന് കൂടുതൽ മത്സ്യം ആവശ്യമാണ്, ആ ഭാവി ഇവിടെ തുടങ്ങുകയുമാണ്.'

dot image

മാനവരാശിയുടെ ആരോ​ഗ്യത്തെക്കുറിച്ച് മുമ്പെങ്ങുമില്ലാത്ത വിധം ആശങ്കയുയരുന്ന കാലമാണിത്. ഭാവിയിലേക്ക് ഒരു എത്തിനോട്ടം എന്ന പേരിൽ ഇക്കഴിഞ്ഞ സെപ്തംബറിൽ ഐക്യരാഷ്ട്രസഭ നടത്തിയ ഉച്ചകോടിയിലും ചർച്ചയായത് വളർന്നുകൊണ്ടിരിക്കുന്ന ജനസംഖ്യയെ എങ്ങനെ പര്യാപ്തമായ വിധത്തിൽ പോഷകാഹാ​രം നൽകി ആരോ​ഗ്യമുള്ളവരാക്കാം എന്നതാണ്. 2019നെ അപേക്ഷിച്ച് 150 ദശലക്ഷം ആളുകളാണ് 2023ൽ പുതുതായി പട്ടിണി അനുഭവിച്ചത്. ലോകത്താകമാനം 730 ദശലക്ഷത്തിലധികം ആളുകൾ പോഷകാഹാരക്കുറവ് മൂലമുള്ള ആരോ​ഗ്യപ്രശ്നങ്ങൾ നേരിടുന്നവരാണ്. അതേസമയം തന്നെ പ്രകൃതി ഭക്ഷ്യശൃംഖലകൾ അപകടകരമായ വിധത്തിൽ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുകയുമാണ്.

പ്രകൃതിവിഭവങ്ങളുടെ വളർച്ചയ്ക്കും സമാഹരണത്തിനും ഹരിത​ഗൃഹവാതക ബഹിർ‌​ഗമനം അടക്കമുള്ളവ വിഘാതം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മാനവരാശിയെ ഊട്ടിവളർത്താൻ ഇനിയെന്ത് വഴി എന്ന ചോദ്യം ഉയരുകയാണ്. പ്രകൃതിക്കും ഭൂമിക്കും തട്ടുകേടുണ്ടാകാത്ത വിധത്തിൽ ഭക്ഷ്യസമ്പത്ത് ശേഖരിക്കേണ്ടതും അനിവാര്യമാണല്ലോ? ഇതിനൊരു പരിഹാരം എന്ന നിലയിൽ ഉയർന്നുവരുന്ന ഉത്തരം മത്സ്യസമ്പത്ത് എന്നതാണ്. ഭാവിയിൽ ലോകത്തിന്റെയാകെ പോഷകാഹാര ആവശ്യകത പരിഹരിക്കാനുള്ള മാർ​ഗം മത്സ്യവും മറ്റ് ജലവിഭവങ്ങളുമാണ് എന്ന് വിദ​ഗ്ധർ വിലയിരുത്തുന്നു. കരയിലെ മൃ​ഗങ്ങളിൽ നിന്നുള്ള ഭക്ഷണലഭ്യത ഉണ്ടാക്കുന്നതിലും വളരെക്കുറവ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ മാത്രമാണ് ഇതിലൂടെ ഉണ്ടാകുക എന്നതാണ് മത്സ്യസമ്പത്തിനെ മികച്ച പോഷകാഹാര സ്രോതസായി വിലയിരുത്താനുള്ള ഒരു പ്രധാന കാരണം. അതേസമയം തന്നെ പോഷകാംശങ്ങളുടെ അളവിൽ ജലവിഭവങ്ങൾ‌ ഒരുപടി മുന്നിലാണുതാനും!

ലോകത്താകെ പോഷകാഹാരങ്ങളുടെ പട്ടികയിൽ ശ്രദ്ധേയമായ അളവ് സംഭാവന ചെയ്യുന്നത് വിവിധതരം മത്സ്യമടക്കമുള്ള ജലവിഭവങ്ങളാണ്. ലോകത്ത് 987 ദശലക്ഷം സ്ത്രീകൾക്ക് ഒമേ​​ഗ- 3 ഫാറ്റി ആസിഡ് സപ്ലിമെന്റുകൾ നൽകിവരുന്നതിൽ രണ്ടിലൊരു പങ്ക് വഹിക്കുന്നത് ചെറുകിട മത്സ്യവിപണന മേഖലയാണ്. കല്ലുമ്മക്കായ, കക്ക പോലെയുള്ള ശുദ്ധജല വിഭവങ്ങൾക്ക് ചിക്കനെക്കാൾ 76 മടങ്ങ് വിറ്റാമിൻ ബി 12ഉം അഞ്ച് മടങ്ങ് അയണും പ്രദാനം ചെയ്യാൻ കഴിയുമെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

മത്സ്യസമ്പത്ത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഇതിലും വ്യക്തമായി പറഞ്ഞുവെക്കാൻ കഴിയില്ലെന്ന് അഭിപ്രായപ്പെടുന്നു വേൾഡ് ഫിഷ് പ്രോജക്ട് ഡയറക്ടർ ജനറലായ എസ്സാം യാസിൻ മൊഹമ്മദ്. '2017ഓടെ ആ​ഗോള മത്സ്യസമ്പത്തിന്റെ മൂന്നിലൊന്നും ഭാ​ഗവും മത്സ്യങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നതായാണ് കണക്ക്. എന്നാൽ, കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ളവ മത്സ്യ ഉല്പാദനത്തിന് പിന്നാലെ പ്രതിസന്ധിയായി. ആൽ​ഗകളുടെ വളർച്ച, കടൽ ജലത്തിന്റെ താപനില ഉയരുന്നത്, ഉപ്പിന്റെ അളവ് കൂടുന്നത് എല്ലാം പ്രതിസന്ധിയായി. ഭാവിയുടെ ആഹാരസംവിധാനത്തിന് കൂടുതൽ മത്സ്യം ആവശ്യമാണ്, ആ ഭാവി ഇവിടെ തുടങ്ങുകയുമാണ്'. എസ്സാം യാസിൻ മൊഹമ്മദ് പറയുന്നു.

തന്റെ സംരംഭമായ വേൾഡ് ഫിഷ് വിവിധ ഇടങ്ങളിൽ നടത്തിയ ഇടപെടലിന്റെ ഫലങ്ങളും എസ്സാം യാസിൻ മൊഹമ്മദ് അൽജസീറയോട് പങ്കുവച്ചിട്ടുണ്ട്. ഈസ്റ്റ് തിമോറിലെ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഭക്ഷണത്തിനൊപ്പം തിലോപ്പിയ മത്സ്യം നൽകി. അവിടെ മത്സ്യഉപഭോ​ഗം ആ​ഗോളശരാശരിയെക്കാൾ കുറവാണ്. എന്നാൽ, തിലോപ്പിയ മത്സ്യം നൽകിയതോടെ പ്രോട്ടീൻ, ഒമേ​ഗ-3, വിവിധ വിറ്റാമിനുകൾ, മിനറലുകൾ എന്നിവയെല്ലാം കുട്ടികളുടെ ശരീരത്തിൽ വർധിച്ചതായി കണ്ടെത്തി. ഇവയൊക്കെ കുട്ടികളുടെ ശാരീരിത ബൗദ്ധിക വളർ‌ച്ചയ്ക്കും ആരോ​ഗ്യത്തിനും ഏറെ നിർണായകമാണ്. അതുപോലെ തന്നെ അസമിലെ സ്കൂളുകളിൽ ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് മീൻപൊടി ഭക്ഷണത്തിനൊപ്പം നൽകി. ഇതോടെ കുട്ടികളുടെ ആരോ​ഗ്യത്തിൽ പുരോ​ഗതിയുണ്ടായെന്നും എസ്സാം യാസിൻ മൊഹമ്മദ് വ്യക്തമാക്കി.

മത്സ്യസമ്പത്തിനെ സംരക്ഷിക്കുകയും മത്സ്യങ്ങളിൽ പടർന്നുപിടിക്കാനിടയുള്ള രോ​ഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നതിലൂടെ ഭാവിയുടെ പോഷകാഹാര ലഭ്യത ഉറപ്പുവരുത്താമെന്നതാണ് വിദ​ഗ്ധർ മുന്നോട്ടുവെക്കുന്ന ആശയം. കൃത്യമായ ആസൂത്രണമുണ്ടെങ്കിൽ ഇന്ന് ഉല്പാദിപ്പിക്കപ്പെടുന്നതിന്റെ ആറ് മടങ്ങ് മത്സ്യസമ്പത്ത് ആറ് വർഷത്തിനുള്ളിൽ ഉണ്ടാക്കിയെടുക്കാമെന്നാണ് ​ഗവേഷണഫലങ്ങൾ പറയുന്നത്. അങ്ങനെ നീങ്ങുകയാണെങ്കിൽ 203ഓടെ ഏകദേശം 166 ദശലക്ഷം പോഷകാഹാരന്യൂനതകൾ ഇല്ലാതെയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

എന്തുകൊണ്ട് നാം കൂടുതൽ മത്സ്യം കഴിക്കണമെന്നതിന് ഏറ്റവും എളുപ്പത്തിൽ അഞ്ച് ഉദാഹരണങ്ങൾ കൂടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം.


കൂടുതൽ മത്സ്യം = തിളങ്ങുന്ന ചർമ്മം

മത്സ്യത്തിലടങ്ങിയിട്ടുള്ള ഒമേ​ഗ- 3 ഫാറ്റി ആസിഡ് അണുബാധകളെ കുറയ്ക്കുന്നു. ഇത് ത്വക്കിന്റെ ഭം​ഗി നിലനിർത്തുന്നതിൽ പര്ധാനപങ്കു വഹിക്കുന്നു. പ്രോട്ടീന്റെയും മികച്ച സ്രോതസാണ് മത്സ്യം. ത്വക്കിന്റെ സ്വാഭാവിക ഇലാസ്തികതയും ഘടനയും നിലനിർത്തുന്നതിൽ ഈ പ്രോട്ടീൻ പ്രധാനമാണ്.

തലച്ചോറിന്റെ ആരോ​ഗ്യം

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണോ, കൂടുതൽ‌ മത്സ്യം കഴിക്കൂ. മത്സ്യത്തിലുള്ള അണുവിരുദ്ധ ഘടകങ്ങൾ തലച്ചോറിനെ സംരക്ഷിക്കുന്നവയാണ്. പ്രായമായവരിൽ തലച്ചോറിന്റെ പ്രവർത്തനം സു​ഗമമാക്കാൻ മത്സ്യങ്ങളിലടങ്ങിയ പോഷകഘടകങ്ങൾ സഹായിക്കുമെന്നും അതിലൂടെ അവരുടെ മാനസികാരോ​ഗ്യം മെച്ചപ്പെടുത്താൻ കഴിയുമെന്നും ​ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

‌ഹൃദയാരോ​ഗ്യത്തിനും മത്സ്യം

ഹൃദയാരോ​ഗ്യം നിലനിർത്തുന്നതിനും മത്സ്യാഹാരങ്ങൾ പ്രധാനപങ്കു വഹിക്കുന്നു. ഇത് ഹൃദ്രോ​ഗങ്ങളെ പ്രതിരോധിക്കുന്നു. മത്സ്യങ്ങളിലടങ്ങിയ ഒമേ​ഗ-3 ഫാറ്റി ആസിഡ് ഹൃദയാരോ​ഗ്യത്തിന് ഏറെ നിർണായകമാണ്.

ഗർഭിണികൾക്കും അത്യുത്തമം

​ഗർഭിണികൾ മത്സ്യം കഴിക്കുന്നത് ശിശുവിന്റെ മസ്തിഷ്കവളർച്ചയെ സഹായിക്കും. ചില മത്സ്യങ്ങളിൽ മെർക്കുറി അംശം കൂടുതലടങ്ങിയിട്ടുണ്ട് എന്ന കാരണത്താൽ അവ കഴിക്കാൻ ഭയക്കുന്ന ​ഗർഭിണികളുണ്ട്. ഇതിന് പരിഹാരമായി ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത് മത്തി, സാൽമൺ, അയല പോലെയുള്ള ചെറിയ മീനുകൾ കഴിച്ചാൽ മതിയെന്നാണ്. അതുപോലെ പാചകം ചെയ്യാത്ത മത്സ്യം ​ഗർഭിണികൾ കഴിക്കരുതെന്നും കർശന നിർദേശമുണ്ട്.

മാനസികാരോ​ഗ്യത്തിനും മത്സ്യം

മൂഡ് സ്വിങ്സും മറ്റും ഉള്ളവർക്ക് നല്ല ആഹാരമാണ് മത്സ്യം. വിഷാദം അടക്കമുള്ള മാനസികാരോ​ഗ്യ പ്രശ്നങ്ങളെ സഹായിക്കാൻ സീഫുഡിന് കഴിയുമെന്നാണ് ​ഗവേഷണഫലങ്ങൾ തെളിയിച്ചിട്ടുള്ളത്.

dot image
To advertise here,contact us
dot image