ടീനേജ് പ്രായത്തിലൂടെ കടന്നു പോയവർക്കോ കടന്നു പോകുന്നവർക്കോ പലപ്പോഴായി തോന്നിയിട്ടുള്ള പരാതിയാണ് തന്നെ മനസ്സിലാക്കാൻ ആരുമില്ലായെന്നത്. വൈകാരികമായി ഒട്ടും സ്ഥിരതയില്ലാത്ത ഈ കാലയളവിൽ പല തരത്തിലുള്ള പരാതികൾ മുതിർന്നവരും കേൾക്കാറുണ്ട്. ഒറ്റയ്ക്കാണെന്നും കൂടെ ആരുമില്ലായെന്നുമൊക്കെ തോന്നുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ട്. അതിനെ വെറുതെ അങ്ങ് തള്ളി കളയേണ്ടതില്ല . അതിന് പിന്നില്‍ പല കാരണങ്ങളുമുണ്ട്.
ഒരു വ്യക്തി പ്രായപൂർത്തിയാകുന്ന കാലഘട്ടമാണ് ടീനേജ്. കുട്ടിയിൽ നിന്ന് ഒരു മുതിർന്ന വ്യക്തിയിലേക്കുള്ള മാറ്റം സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ വളരെ ആശയക്കുഴപ്പമുണ്ടാക്കുന്ന നിരവധി വിഷയങ്ങളുണ്ട്. അതിനിടയിലെ ഹോർമോണിൽ ഉണ്ടാവുന്ന മാറ്റങ്ങൾ വലിയ മൂഡ് സ്വിങ്സിലേക്കും ഏകാന്തതയിലേക്കും നയിച്ചേക്കാം. വികാരങ്ങളെ മനസ്സിലാക്കാനും അതിനെ വ്യക്തമായി മനസ്സിലാക്കാനും കഴിയാത്ത ഈ സമയത്ത് അതുകൊണ്ട് തന്നെ തെറ്റിദ്ധാരണകളും ഉണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്.
ഒരു കുട്ടിയായോ ഒരു മുതിർന്ന വ്യക്തിയായോ എന്ന് പൂർണ്ണമായും പറയാൻ സാധിക്കാത്ത സമയമാണ് ടീനേജ്. അതുകൊണ്ട് തന്നെ ഐഡൻ്റിറ്റി ക്രൈസിസ് ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശനമാണ്. സമൂഹത്തോട് എങ്ങനെ പെരുമാറണമെന്നും സമൂഹത്തിന് എങ്ങനെ ഇവരോട് പെരുമാറണമെന്നും കൃത്യമായി അറിയില്ല. ഇതെല്ലാം കൂടുതൽ ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചേക്കാം.
ഉയർന്ന പിയർ പ്രഷർ ഇവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണെന്നതിൽ സംശയമില്ല. തൻ്റെ സഹപാഠികളോടോ സമപ്രായക്കാരോടോ നിരന്തരം താരതമ്യം ചെയുക, താൻ എല്ലാവരേക്കാളും പിന്നിൽ ആണെന്ന് തോന്നുക തുടങ്ങി നിരവധി വിഷയങ്ങളടങ്ങുന്നതാണ് പിയർ പ്രഷർ. റിജക്ഷൻ ഒറ്റപ്പെടൽ തുടങ്ങിയവയും ഇവരെ അലട്ടുന്ന പ്രശനങ്ങളാണ്.
സംസാരിക്കുന്ന ടോണുകളിൽ വരെ സൂഷ്മതയോടെ ശ്രദ്ധിച്ച് അതിനെ തെറ്റായി വ്യാഖ്യാനിക്കാനും ഈ സമയത്ത് സാധ്യതയുണ്ട്. അതേസമയം തങ്ങളുടെ ഉള്ളിലെന്താണെന്ന് മറ്റുള്ളവരോട് പറയാനും മനസ്സിലാക്കാനും ടീനേജേഴ്സിനും ബുദ്ധിമുട്ടുണ്ടായേക്കാം.
മുതിർന്നവരുടെ അഭിപ്രായങ്ങളുമായി വലിയ വൈരുധ്യം ഇവർ പ്രകടമാക്കാൻ സാധ്യതയുണ്ട്. അനുഭവ സമ്പത്ത് കൊണ്ട് മുതിർന്നവർ സംസാരിക്കുമ്പോൾ പുതിയ ആശയങ്ങളാവും ടീനേജേഴസിന് ഉണ്ടാവുക. ഇവ തമ്മിലുള്ള വൈരുധ്യം ആശയ വിനിമയത്തെയും ബന്ധത്തേയും പ്രശ്നത്തിലാക്കിയേക്കാം. ഇതെല്ലാം മനസ്സിലാക്കുകയും കൃത്യമായ കൗമാര കൗൺസ്സിലിംഗ് കുട്ടികൾക്കും മുതിർന്നവർക്കും നൽകുകയും ചെയ്യേണ്ടത് അനിവാര്യമാണ്.