ബ്ലഡ് പ്രഷർ ചെക്ക് ചെയ്യുന്ന സമയത്ത് കൈയ്യ് വെക്കുന്ന രീതിയും പ്രധാനമാണ്. എന്നാൽ പലപ്പോഴും നമ്മൾ പ്രഷർ ചെക്ക് ചെയ്യുമ്പോൾ കൈയ്യ് ഏത് രീതിയിലെന്നത് ശ്രദ്ധിക്കാറില്ല. എന്നാൽ അത് ശരിയല്ല. പ്രഷർ ചെക്ക് ചെയ്യുന്ന സമയത്ത് കൈയ്യ് ശരിയായ രീതിയിൽ അല്ല എങ്കിൽ പരിശോധന ഫലവും തെറ്റായിരിക്കും. ഫലം കൂടുതലായി കാണിക്കും. അതിനാല്‍ ബിപി കൂടുതലാണെന്ന് കരുതി തെറ്റായ ചികിത്സാ രീതിയിലേക്ക് കടക്കാനും സാധ്യതയുണ്ട്. ജെഎഎംഎ ഇൻ്റേണൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
പ്രഷർ നോക്കുന്ന സമയത്ത് കൈ തുടയിലാണ് വെയ്ക്കുന്നതെങ്കിൽ 3.9 എംഎം എച്ച്ജി വരെ കൂടുന്നതായി പഠനത്തിൽ പറയുന്നുണ്ട്. കൈയ്യ് താഴേക്ക് തൂക്കിയാണ് ഇടുന്നതെങ്കിൽ 4.4 എംഎം എച്ച്ജി വരെ വർദ്ധിക്കാനും സാധ്യതയുണ്ട്.
ശരിയായ രീതിയിൽ എങ്ങനെ ബ്ലഡ് പ്രഷർ ചെക്ക് ചെയ്യണമെന്നതിനെപ്പറ്റി ആരോഗ്യ പ്രവർത്തകരുടെ ഇടയിൽ ഒരു അവബോധം ഉണ്ടാകണമെന്ന് ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിലെ പീഡിയാട്രിക്‌സ് വിഭാഗത്തിൽ ക്ലിനിക്കൽ റിസർച്ച് വൈസ് ചെയർമാനും ജോൺസ് ഹോപ്കിൻസ് ചിൽഡ്രൻസ് സെൻ്ററിലെ പീഡിയാട്രിക് ഹൈപ്പർടെൻഷൻ പ്രോഗ്രാമിൻ്റെ മെഡിക്കൽ ഡയറക്റ്ററുമായ ഡോ. ടാമി ബ്രാഡി പറഞ്ഞു. ഇത്തരം അവബോധം പ്രഷർ ചെക്ക് ചെയ്യാൻ വരുന്ന ആളുകൾക്കിടയിലും ഉണ്ടാകണം എന്നതും പ്രധാനമാണ്. അതിനാല്‍ ഈ പഠനം അവരെ ബോധവല്കരിക്കാന്‍ സഹായിക്കുമെന്നും ഡോ. ടാമി ബ്രാഡി പറഞ്ഞു. പലരും വീടുകളിൽ തന്നെ പ്രഷർ ചെക്ക് ചെയ്യുന്നവരാണ്. ശരിയായ രീതി അറിയാതെ ചെക്ക് ചെയ്യുന്നതു കൊണ്ട് പലപ്പോഴും ബ്ലഡ് പ്രഷർ കൂടുന്നതായും കാണപ്പെടുന്നുണ്ട്.
Content Highlights: Arm Position Could Be A Reason For Your High Blood Pressure Reading