Jan 23, 2025
11:17 AM
കൊവിഡ് -19 ഒന്നാം തരംഗത്തിൽ രോഗ ബാധയേറ്റ, വാക്സിൻ എടുക്കാത്തവരിൽ ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ സാധ്യത കൂടുതലെന്ന് പഠനം. അമേരിക്കയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ പിന്തുണയോടെ ആർട്ടിരിയോസ്ക്ലെറോസിസ്, ത്രോംബോസിസ്, വാസ്കുലർ ബയോളജി ജേർണലിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിലാണ് കണ്ടെത്തൽ. കൊവിഡ് 19 രോഗം മൂർച്ഛിച്ച് ആശുപത്രിയിലായവരിൽ ഇതിനുള്ള സാധ്യത 4 മടങ്ങ് അധികമാണെന്നും റിപ്പോർട്ടിലുണ്ട്.
ഡയബറ്റിസ് ടൈപ്പ് 2 -ന് സമാനമായ ഹൃദയാഘാത സാധ്യതകളാണ് ഈ കൂട്ടർക്കുമുള്ളതെന്നാണ് പഠനത്തിൻ്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററായ ഡോ.ഹൂമാൻ അല്ലായിയുടെ പ്രതികരണം. 2010 മുതൽ 2019 വരെയുെള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഹൃദയാഘാട നിരക്കുകൾ കുറഞ്ഞ് വന്നിരുന്നു. എന്നാൽ 2020 മുതൽ 2022 വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഇതിൽ മാറ്റമുണ്ടായിട്ടുണ്ട്. ഈ കാലയളവിൽ ഹൃദയാഘാത നിരക്കുകൾ വർദ്ധിച്ചതായി കാണാൻ സാധിക്കുന്നുണ്ട്. അതോടൊപ്പം തന്നെ രക്തഗ്രൂപ്പുകളായ എ, ബി, എബി തുടങ്ങിയ ഗ്രൂപ്പുകാർക്ക് ഹൃദയാഘാത സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഒ രക്തഗ്രൂപ്പുള്ളവരിൽ ഈ സാധ്യത കുറവാണ്.
യുകെ ബയോബാങ്കിൽ എൻറോൾ ചെയ്ത 10,000 ആളുകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചപ്പോൾ 40 മുതൽ 69 വരെ പ്രായമുള്ള രോഗിളാണ് കൂടുതലെന്നും റിപ്പോർട്ട് പറയുന്നു. രോഗ ബാധയുണ്ടായതിന് ശേഷം ഉയർന്ന അപകടസാധ്യത മൂന്ന് വർഷം വരെ നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. വാക്സിൻ എടുത്തവരിൽ ഈ അപകട സാധ്യത കുറവാണ്. എന്നാൽ കാലക്രമേണ വാക്സിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് വരാൻ സാധ്യതയുണ്ട്. അതിനാൽ ബൂസ്റ്റർ വാക്സിനുകൾ എടുത്താൽ ഇതിനെ മറികടക്കാൻ കഴിഞ്ഞേക്കാമെന്നാണ് ഡോ. ഹൂമാൻ വ്യക്തമാക്കുന്നത്. അതിനായി കൃത്യമായ പരിശോധനകൾ നടത്തി രോഗലക്ഷണങ്ങളേ മുൻ കൂട്ടി കണ്ടെത്താമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Content Highlights- Covid-19 Infections From 1st Wave may lead to Heart Attack, Study Finds