ഉറക്കത്തിന് കട്ടിൽ പോലെ പ്രധാനമാണ് തലയിണയും. എന്നാൽ തലയിണ എത്രനാൾ കൂടുമ്പോഴാണ് കഴുകുന്നത് എന്ന ചോദിച്ചാൽ പലരും തലകുനിക്കും. തലയിണകളുടെ സംരക്ഷണവും വൃത്തിയും ഉറക്ക അന്തരീക്ഷം മെച്ചപ്പെടുത്തും. നമ്മൾ ഉപയോഗിക്കുന്ന തലയിണകൾ അഴുക്ക്, എണ്ണ, വിയർപ്പ്, എന്നിവ കൊണ്ട് നിറഞ്ഞതായിരിക്കും. അതുകൊണ്ട് ഇടയ്ക്കിടെ തലയിണ കവറുകൾ വൃത്തിയാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. പതിവായി കഴുകുന്നത് ശുചിത്വം നിലനിർത്തുന്നതിന് മാത്രമല്ല, ചർമ്മ ആരോഗ്യവും ഉറക്കത്തിൻ്റെ ഗുണനിലവാരവും ഉറപ്പാക്കുന്നതിനും പ്രധാനമാണ്.
1.ബെഡ്ഷീറ്റ് പോലെ തലയിണ കവറുകൾ ചർമ്മവും മുടിയുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നു. ചർമ്മത്തിലെ എണ്ണ, വിയർപ്പ്, മേക്കപ്പ്, പൊടി അഴുക്ക് എന്നിവയെല്ലാം തലയിണ കവറുകളിൽ പറ്റി പിടിച്ച് ഇരിക്കും. തലയിണ കവറുകൾ പതിവായി വൃത്തിയാക്കിയില്ലെങ്കിൽ മുഖക്കുരു, അലർജികൾ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് എല്ലാം കാരണമാകും.
2.തലയിണ കവറുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും കഴുകണം. ഇത് അടിഞ്ഞുകൂടിയ വിയർപ്പ്, എണ്ണ, അഴുക്ക് എന്നിവ നീക്കം ചെയ്യും. എന്നാൽ എണ്ണമയമുള്ള ചർമ്മമോ അലർജിയോ ഉള്ളവരാണെങ്കിൽ തലയിണ കവറുകൾ ആഴ്ചയിൽ രണ്ടുതവണ കഴുകണം. എതെങ്കിലും തരത്തിൽ അസുഖങ്ങൾ ഉള്ളവരാണെങ്കിൽ തലയിണ കവറുകൾ ദിവസേന കഴുകണം. ഇല്ലെങ്കിൽ ബാക്ടീരിയകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്.
3.ചൂടുള്ള കാലാവസ്ഥയിൽ അല്ലെങ്കിൽ വേനൽക്കാലത്ത് തലയിണ കവറുകളിൽ വിയർപ്പ് വേഗത്തിൽ അടിഞ്ഞു കൂടും. അതുകൊണ്ട് തലയിണ കവറുകൾ ഇടയ്ക്കിടെ വൃത്തിയാക്കണം.
4.നിങ്ങളുടെ വളർത്തുമൃഗങ്ങൾ നിങ്ങളോടൊപ്പം ഉറങ്ങുകയാണെങ്കിൽ തലയിണ കവറുകളിൽ കൂടുതൽ രോമങ്ങൾ, അഴുക്ക് എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് തലയിണ പതിവായി കഴുകേണ്ടത് അത്യാവശ്യമാണ്.
5.ഓരോ 6 മാസം മുതൽ ഒരു വർഷം വരെ തലയിണകൾ വൃത്തിയാക്കുകയോ മാറ്റുകയോ ചെയ്യണം. തലയിണ കവറുകൾക്കൊപ്പം, നിങ്ങളുടെ ബെഡ്ഷീറ്റുകൾ, പുതപ്പുകൾ, എന്നിവ പതിവായി കഴുകാറുണ്ട് എന്ന് ഉറപ്പ് വരുത്തുക.
Content Highlights: How Often Should You Wash Pillow Covers?