ഗർഭിണികളായ അമ്മമാരിൽ നിന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് മൈക്രോപ്ലാസ്റ്റിക് കടക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനം. നവജാത എലികളുടെ ശരീരത്തിലാണ് ആദ്യ ഘട്ടത്തിൽ പരീക്ഷണം നടത്തിയത്. പോളിമൈഡ്-12 അല്ലെങ്കിൽ പിഎ-12 ശ്വസിച്ച നവജാത എലികളുടെ ശ്വാസകോശങ്ങൾ, ഹൃദയങ്ങൾ, കരൾ, വൃക്കകൾ, തലച്ചോറ് എന്നിവയിൽ ചെറിയ പ്ലാസ്റ്റിക് കഷണങ്ങൾ കണ്ടെത്തിയതായി റട്‌ജേഴ്‌സ് സർവകലാശാലയിലെ ഗവേഷകർ പുറത്ത് വിട്ട് പഠന റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്. ഈ ഗവേഷണത്തിലൂടെ, ഗർഭാവസ്ഥയിൽ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് മൈക്രോപ്ലാസ്റ്റിക് കടന്നുപോകാൻ സാധ്യതയുള്ളതായി കണ്ടെത്തി. ശരീരത്തിലെ അവയവങ്ങളിൽ പ്ലാസ്റ്റിക്കിന്‍റെ സാന്നിധ്യം ഉണ്ടാകുന്നത് ഗർഭസ്ഥശിശുവിൻ്റെ ആരോഗ്യത്തിന് ദോഷകരമാണെന്നും കുഞ്ഞുങ്ങളിൽ ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
പരിസ്ഥിതിയിലുള്ള മൈക്രോ, നാനോപ്ലാസ്റ്റിക് എന്നിവ മനുഷ്യശരീരത്തിലേക്ക് എളുപ്പത്തിൽ കയറാം എന്നാണ് റട്‌ജേഴ്‌സ് ഹെൽത്ത് പ്രസിദ്ധീകരിച്ച സയൻസ് ഓഫ് ദ ടോട്ടൽ എൻവയോൺമെൻ്റ് എന്ന ജേണലിലെ റിപ്പോർട്ട് പറയുന്നത് . ഇത്തരം മൈക്രോ, നാനോപ്ലാസ്റ്റിക്കുകൾ ഗർഭസ്ഥ ടിഷ്യൂകളിൽ പറ്റി പിടിക്കാൻ സാധ്യതയുണ്ടെന്നും കണ്ടെത്തി. എന്നാൽ ഇത്തരം മൈക്രോ, നാനോപ്ലാസ്റ്റിക്കുകൾ കുഞ്ഞിൻ്റെ ജനനത്തിന് ശേഷം ടിഷ്യൂകളിൽ നിലനിൽക്കുന്നുണ്ടോ എന്ന് കണ്ടെത്തിയിട്ടില്ല. എലികളിൽ നടത്തിയ പരീക്ഷണത്തിൽ ഇത്തരം മൈക്രോ, നാനോപ്ലാസ്റ്റിക്കുകൾ ടിഷ്യൂകളിൽ നിലനിൽക്കുന്നുണ്ട് എന്ന് റട്‌ജേഴ്‌സ് ഹെൽത്ത് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
ഗർഭിണികളായ ആറ് എലികളെ പത്ത് ദിവസത്തേക്ക് എയറോസോലൈസ്ഡ് ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് പൊടിയിലേക്ക് തുറന്നുവിട്ടു. ജനിച്ച് രണ്ടാഴ്ച കഴിഞ്ഞ് ജനിച്ച രണ്ട് നവജാത എലികളിൽ മൈക്രോ നാനോപ്ലാസ്റ്റിക് എക്സ്പോഷറിനായി പരീക്ഷിച്ചു. രണ്ട് എലികളിലും ഗർഭകാലത്ത് അമ്മ എലികൾ ശ്വസിച്ച അതേ തരം പ്ലാസ്റ്റിക്കാണ് കണ്ടെത്തിയത്. ശ്വാസകോശം, കരൾ, വൃക്ക, ഹൃദയം, മസ്തിഷ്ക കോശങ്ങൾ എന്നിവയിൽ എല്ലാം മൈക്രോ നാനോപ്ലാസ്റ്റിക്കിൻ്റെ സാന്നിധ്യം കണ്ടെത്തി. പരിസ്ഥിതിയിൽ മൈക്രോ നാനോപ്ലാസ്റ്റിക് ഉള്ളതിന്‍റെ അപകടസാധ്യത വ്യക്തമാക്കുന്ന തെളിവാണ് ഈ കണ്ടെത്തലുകളെന്ന് ഗവേഷകർ പറയുന്നു.
Content Highlights: Plastics In Lungs, Hearts, And Brains Of Newborns