ഷൈന്‍ ടോം ചാക്കോയും ഫഹദ് ഫാസിലും തങ്ങള്‍ അഭിമുഖീകരീക്കുന്നഎഡിഎച്ച്ഡി എന്ന അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ തുറന്നുപറഞ്ഞിരുന്നു. ഏറ്റവും ഒടുവിൽ ബോളിവുഡ് താരം ആലിയഭട്ടും താന്‍ കടന്നുപോകുന്ന ഈ അവസ്ഥയെക്കുറിച്ചും അത് മനസിലാക്കിയത് എങ്ങനെയാണെന്നും തുറന്ന് പറഞ്ഞിരുന്നു. ' ഒരു സൈക്കോളജിക്കല്‍ ടെസ്റ്റ് നടത്തിയപ്പോഴാണ് ഇക്കാര്യം മനസിലാക്കിയത്. കുട്ടിക്കാലം മുതല്‍തന്നെ സംസാരിക്കുമ്പോഴും ക്ലാസില്‍ ഇരിക്കുമ്പോഴും സോണ്‍ ഔട്ട് ആയിപ്പോകാറുണ്ട്. സുഹൃത്തുക്കളോട് പറഞ്ഞപ്പോള്‍ അവര്‍ ഇതൊരു പുതിയ അറിവല്ല എന്ന രീതിയിലാണ് സംസാരിച്ചത്. ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുമ്പോഴും മകളോടൊപ്പം സമയം ചെലവഴിക്കുമ്പോഴും മാത്രമാണ് ചിന്തകളില്‍ പെട്ടുപോകാതെയിരിക്കുന്നത്' എന്നായിരുന്നു ആലിയ ഭട്ട് തുറന്ന് പറഞ്ഞത്. സെലിബ്രിറ്റികൾ മാത്രം അഭിമുഖീകരിക്കുന്ന അവസ്ഥയെന്ന നിലയിൽ നമ്മൾ ഇതിനെ മനസ്സിലാക്കേണ്ടതില്ല. അവർ ഈ അവസ്ഥകളെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ സമൂഹം എഡിഎച്ച്ഡി എന്ന അവസ്ഥയെക്കുറിച്ച് കൂടുതൽ അറിയാനിടയായി എന്ന് മാത്രം. സെലിബ്രിറ്റികള്‍ മാത്രമല്ല നമുക്ക് ചുറ്റുമുള്ള പലരും ഈ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്.
സാധാരണയായി കുട്ടികളിലും അപൂര്‍വ്വമായി മുതിര്‍ന്നവരിലും ഉണ്ടാകുന്ന നാഡീവ്യൂഹ വികസനവുമായി ബന്ധപ്പെട്ട തകരാറാണ് എഡി എച്ച് ഡി അഥവാ (അറ്റന്‍ഷന്‍ ഡെഫിസിറ്റീവ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍). ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ, സ്‌കൂളുകളില്‍ ശ്രദ്ധിച്ചിരിക്കാന്‍ കഴിയാതെ വരിക, എളുപ്പത്തിലുണ്ടാകുന്ന വിരസത, അമിതമായ സംസാരം, ക്ഷമ ഇല്ലായ്മ, സുഹൃത്തുക്കളെ സമ്പാദിക്കാനുള്ള കഴിവില്ലായ്മ, പഠനത്തിലും സ്ഥിരം ചെയ്യുന്ന കാര്യങ്ങളിലും അശ്രദ്ധകൊണ്ട് തെറ്റുകള്‍ സംഭവിക്കുക, പല കാര്യത്തിലും അസ്വസ്ഥത പ്രകടിപ്പിക്കുക ഇവയൊക്കെ കുട്ടികളിലുണ്ടാകുന്ന എഡിഎച്ച്ഡിയുടെ ലക്ഷണങ്ങളാണ്. മുതിര്‍ന്നവരിലെ ലക്ഷണങ്ങള്‍ ഇങ്ങനെയാണ്. ഭയങ്കരമായ ദേഷ്യം, അമിതമായ ആവേശം, എന്തെങ്കിലും രീതിയിലുള്ള സമ്മര്‍ദ്ദം ഉണ്ടായാല്‍ അതൊക്കെ നേരിടാനുളള ബുദ്ധിമുട്ട്. മാറിക്കൊണ്ടിരിക്കുന്ന മൂഡ്, അസ്വസ്ഥമായ മനസ്, കാടുകയറിയ ചിന്ത, ഒരു കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, എടുത്തുചാട്ടം ഇവയെല്ലാം മുതിര്‍ന്നവരില്‍ കണ്ടുവരുന്ന ലക്ഷണങ്ങളാണ്.
കാര്യങ്ങള്‍ നീട്ടി വയ്ക്കാതെ ചെയ്യാം
എഡിഎച്ച്ഡി ഉള്ളവരില്‍ കാണപ്പെടുന്ന പ്രധാനമായ ഒരു കുറവാണ് കാര്യങ്ങള്‍ നീട്ടിവയ്ക്കുന്ന പ്രവണത. ജോലികള്‍ മാറ്റി മാറ്റി വയ്ക്കുന്നത് ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കും. ഉത്തരവാദിത്തം വര്‍ദ്ധിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂട്ടുകയേ ഉള്ളൂ. കാര്യങ്ങള്‍ വച്ച് താമസിപ്പിക്കുന്നത് കൊണ്ട് പലതും തിരക്കിട്ട് ചെയ്ത് പല തെറ്റുകളും ഉണ്ടാകാനിടയുണ്ട്. ഇത് മാനേജ് ചെയ്യാനായി നിങ്ങളുടെ മുന്നിലുള്ള ടാസ്‌കുകളെ ചെറുതും കൂടുതല്‍ നന്നായി ചെയ്യാന്‍ കഴിയുന്ന ഘട്ടങ്ങളായി തിരിക്കുക. ഓരോ ഘട്ടത്തിനും സമയ പരിധി നിശ്ചയിക്കുകയും ചെയ്താല്‍ കാര്യങ്ങള്‍ എളുപ്പത്തില്‍ ചെയ്യാന്‍ സാധിക്കും.
മള്‍ട്ടി ടാസ്‌കിങ് വേണ്ട
എഡിഎച്ച്ഡി ഉള്ളവര്‍ക്ക് ഒരേസമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഒരേസമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നത് തെറ്റുകള്‍, ജോലിയിലെ അപൂര്‍ണത, നിരാശ എന്നിവയിലേക്ക് നയിച്ചേക്കും. അതുകൊണ്ടുതന്നെ എഡിഎച്ച്ഡി ഉള്ളവര്‍ ഒരേ സമയം ഒരു ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് ചെയ്യുന്ന കാര്യത്തില്‍ പൂര്‍ണ്ണതയും തൃപ്തിയും നല്‍കും.
ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക
കൃത്യമായ ദിനചര്യയും ഉത്തരവാദിത്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ ബുദ്ധിമുട്ടുമെല്ലാം ഇത്തരക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങളാണ്. വ്യക്തമായ പ്ലാനിംഗ് ഇല്ലാതെ പല കാര്യങ്ങളും മറക്കുകയും എല്ലാം കൂടി മാനേജ് ചെയ്യാനാവാതെ തളര്‍ന്ന് പോവുകയും ചെയ്യും. അതുകൊണ്ട് കൃത്യമായ ദിനചര്യ സൃഷ്ടിച്ചെടുത്ത് അത് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രദ്ധിക്കുക. ഉദാഹരണമായി ഭക്ഷണം, വ്യായാമം, വീട്ട് ജോലി എന്നിവയ്ക്കായി പ്രത്യേക സമയം ക്രമീകരിക്കുക. ഇത് കൃത്യനിഷ്ടതയോടെ മുന്നോട്ട് പോകാന്‍ സഹായിക്കും.
ഒന്നിലധികം ഉത്തരവാദിത്തങ്ങള്‍ വേണ്ട
ഒരേസമയം ഒന്നിലധികം ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നത് എഡിഎച്ച്ഡിക്കാരില്‍ മാനസികമായ തളര്‍ച്ചയ്ക്കും സമ്മര്‍ദ്ദത്തിനും ഇടയാക്കും. ഉദ്ദാഹരണത്തിന് ഒന്നിലധികം വര്‍ക്ക് പ്രോജക്ടുകള്‍ ഏറ്റെടുക്കുക, ഒരേ ദിവസം തന്നെ പല കാര്യങ്ങള്‍ ചെയ്യാനായി മാറ്റിവയ്ക്കുക എന്നിവയൊക്കെ അമിത ഭാരമായി തോന്നാം. അമിത ഭാരം ഒഴിവാക്കാനായി 'നോ' പറയാന്‍ ശീലിക്കുക.
സ്വയം പരിചരണത്തിന് സമയം കണ്ടെത്തുക
എഡിഎച്ച്ഡി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ഏറ്റവും അത്യാവശ്യം വേണ്ട കാര്യം നമ്മളെ പരിചരിക്കാന്‍ സ്വയം സമയം കണ്ടെത്തുകയാണ്. ശരിയായ ഉറക്കം,പോഷകാഹാരം ഇവയൊക്കെ നമുക്ക് ആവശ്യമാണ്. ഇതിനൊക്കെ ശ്രദ്ധകൊടുക്കുക. ഇത്തരം കാര്യങ്ങളൊക്കെ അവഗണിക്കുന്നത് ശ്രദ്ധക്കുറവ്, ഹൈപ്പര്‍ ആക്ടിവിറ്റി, ദേഷ്യം തുടങ്ങിയവയ്ക്ക് കാരണമാകും. ചിട്ടയായ വ്യായാമം, സമീകൃതമായ പൊഷകാഹാരം, മതിയായ വിശ്രമം എന്നിവയെല്ലാം നിങ്ങളില്‍ ഊര്‍ജവും പോസിറ്റീവ് എനര്‍ജിയും നിറയ്ക്കും.
പ്രൊഫഷണല്‍ സഹായം ആവശ്യമാണ്
എഡിഎച്ച്ഡി കൈകാര്യം ചെയ്യുന്നതിന് പ്രൊഫഷണലായ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ്. തെറാപ്പിയിലൂടെയോ, കൗണ്‍സിലിംഗ് വഴിയോ, മരുന്നുകള്‍ വഴിയോ രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. ഉദ്ദാഹരരണത്തിന് കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പിയോ മരുന്നുകളോ കൊണ്ട് വ്യത്യാസം ഉണ്ടാവാം.
ശാന്തമായ ഇടങ്ങള്‍ സൃഷ്ടിക്കുക
ഈ അവസ്ഥയില്‍ കൂടി കടന്നുപോകുന്നവര്‍ക്ക് അലങ്കോലമായതോ ശ്രദ്ധതിരിക്കാന്‍ കാരണമായ എന്തെങ്കിലുമോ ഉള്ള ജോലിസ്ഥലമോ, പഠനസ്ഥലമോ ബുദ്ധിമുട്ടാണ്. എഡിഎച്ച്ഡി ഉള്ള കുട്ടിയ്ക്ക് ശബ്ദമുഖരിമായ അന്തരീക്ഷത്തില്‍ പഠിക്കാന്‍ സാധിക്കില്ല. അതിനായി പഠിക്കാനും ജോലി ചെയ്യാനും ശാന്താമായ ഇടങ്ങള്‍ സൃഷ്ടിച്ചെടുക്കുക.
സമയം ചിട്ടപ്പെടുത്താം
ഫലപ്രദമായി സമയം മാനേജ് ചെയ്യുക എന്നത് ഇവര്‍ക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതുകൊണ്ട് സമയം മാനേജ് ചെയ്യാനായി ടൈമറുകളോ, ദൈനംദിന ജോലികള്‍ ഓര്‍മപ്പെടുത്താന്‍ കഴിയുന്ന കലണ്ടറോ ഒക്കെ സെറ്റ് ചെയ്യാവുന്നതാണ്.
Content Highlights: How to Manage Difficulties with ADHD