സ്മാർട്ട്ഫോണുകൾ മിക്കവാറും എല്ലാവരുടെയും ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായി മാറി കഴിഞ്ഞു. ഇന്ന് ഫോൺ ഇല്ലാത്ത ഒരു ജീവിതം പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല. കുട്ടികളുടെ ജീവിതത്തെ പോലും സ്വാധീനിക്കുന്ന ഒന്നായി ഫോൺ മാറിയിട്ടുണ്ട്. പലപ്പോഴും കുറച്ചൊരു അഭിമാനബോധത്തോടെ രക്ഷിതാക്കൾ പോലും പറയാറുണ്ട് ഫോൺ ഉണ്ടെങ്കിൽ അവന്/അവൾക്ക് മറ്റൊന്നും വേണ്ടെന്ന്. പഠനത്തിനായും മറ്റും വിദ്യാർത്ഥികൾ ഫോൺ ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും പ്രതികൂല ഫലമാണ് ഉണ്ടാക്കാറുള്ളത്. പലപ്പോഴും പഠനത്തിലുള്ള ഏകാഗ്രതയേയും ചിലപ്പോൾ ആരോഗ്യത്തെ തന്നെയും ബാധിക്കുന്ന നിലയിലേയ്ക്ക് ഫോൺ ഉപയോഗം മാറുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മാതാപിതാക്കൾക്ക് എന്തുചെയ്യാനാകും? കുട്ടികളെ ഇത് എങ്ങനെയെല്ലാം ബാധിക്കും എന്നതിൽ എല്ലാവർക്കും വ്യക്തമായ അവബോധം വേണ്ടതുണ്ട്.
ഒരു വ്യക്തിയുടെ ശ്രദ്ധ ആകർഷിക്കുക എന്നതാണ് സ്മാർട്ട്ഫോണുകളുടെ പ്രധാന ലക്ഷ്യം. ഇത്തരം സ്മാർട്ട്ഫോണുകളുടെ നിരന്തര ഉപയോഗം കുട്ടികളിൽ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾക്ക് കാരണമായേക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. നിരന്തരമായ ഫോൺ ഉപയോഗം കുട്ടികളുടെ അക്കാദമിക് പ്രവർത്തനങ്ങളിലുള്ള ശ്രദ്ധ കുറയ്ക്കുമെന്നും പഠനങ്ങൾ പറയുന്നുണ്ട്. ഇത്തരം കാര്യങ്ങളിൽ മാതാപിതാക്കൾ ഏറെ ശ്രദ്ധിക്കണം. കുട്ടികൾ ഫോൺ ഉപയോഗിക്കുന്ന കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടത് മാതാപിതാക്കളാണ്. കുട്ടികൾ എത്ര സമയം ഫോൺ ഉപയോഗിക്കണം, കുട്ടികൾ ഫോണിൽ എന്തെല്ലാം ചെയ്യുന്നു എന്നെല്ലാം മാതാപിതാക്കളുടെ ശ്രദ്ധ ഉണ്ടായിരിക്കണം. ഫോൺ ഉപയോഗിക്കാത്ത സമയങ്ങളിൽ പഠനത്തിൽ ശ്രദ്ധ കേന്ദീകരിക്കാൻ മാതാപിതാക്കൾ കുട്ടികളെ സഹായിക്കണം.
കുട്ടികൾക്ക് പലപ്പോഴും ഫോൺ കൊടുത്താൽ അത് തിരിച്ചുകിട്ടാൻ ഏറെ ബുദ്ധിമുട്ടാണ്. ഇവരിൽ പലരും ഓൺലൈൻ ഗെയിമുകൾക്കായി മണിക്കൂറുകളാണ് ചെലവഴിക്കുക. ഇത് കുട്ടികളിൽ ഉറക്കകുറവിന് വരെ കാരണമാകാറുണ്ട്. മാതാപിതാക്കൾ സമയം കണക്കാക്കി കുട്ടികൾക്ക് ഫോൺ കൊടുക്കുക. ഒപ്പം സ്‌പോർട്‌സ്, വായന അടക്കമുള്ള മറ്റ് മാനസിക വ്യാപാരങ്ങളിലേയ്ക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചു വിടാൻ ബോധപൂർവ്വമായ ശ്രമങ്ങൾ ഉണ്ടാകണം.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മണിക്കൂറുകൾ ചെലവഴിക്കുക എന്നത് മുതിർന്നവർക്ക് പോലും ഒഴിവാക്കാൻ കഴിയാത്ത ശീലമായി മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ ഉപയോഗം കുട്ടികളെയും സ്മാർട്ട്ഫോണുകളുടെ അടിമകളാക്കാറുണ്ട്. ഇത് കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കാനും സാധ്യതയുണ്ട്. സോഷ്യൽ മീഡിയയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് മാതാപിതാക്കൾ കുട്ടികളെ പഠിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. സോഷ്യൽ മീഡിയ ഉപയോഗം ട്രാക്ക് ചെയ്യുകയും പരിമിതപ്പെടുത്തുകയും ചെയ്യുന്ന മാതാപിതാക്കൾക്ക് നിയന്ത്രിക്കാവുന്ന ആപ്പുകളും ഇപ്പോൾ ലഭ്യമാണ്.
ഏത് തരത്തിലുള്ള വിവരങ്ങൾക്കും ഉത്തരം നൽകാൻ സ്മാർട്ട്ഫോണുകൾക്ക് കഴിയും എന്നൊരു ചിന്ത കുട്ടികളിലുണ്ട്. ഏതെങ്കിലും പ്രത്യേക വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ കുട്ടികളെ ഫോൺ സഹായിക്കാറുമുണ്ട്. എന്നാൽ പഠനത്തിൻ്റെ എല്ലാ ആവശ്യങ്ങൾക്കും കുട്ടികൾ ഫോണിനെ ആശ്രയിക്കുന്ന രീതി ഇപ്പോഴുണ്ട്. സ്വയം കണ്ടത്തേണ്ട കാര്യങ്ങൾക്ക് പോലും ഫോണിനെ ആശ്രയിക്കുന്നത് കുട്ടികളുടെ പഠനമികവിനെ തന്നെ ഇല്ലാതാക്കിയേക്കാം. അറിവ് ആർജ്ജിക്കാൻ സ്വന്തമായി ശേഷിയില്ലാതെ വരുന്ന സാഹചര്യത്തിലേയ്ക്കും ഇത് നയിച്ചേക്കാം.ഫോൺ ഉപയോഗിക്കാതെ ഗൃഹപാഠം ചെയ്യാൻ കുട്ടികളെ ശീലിപ്പിക്കണം. അവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ, വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ ആവശ്യമെങ്കിൽ മാത്രം രക്ഷിതാക്കളുടെ മേൽനോട്ടത്തിൽ അത്തരം വിവരങ്ങൾ തിരയാൻ അനുവദിക്കണം.
രാത്രി വൈകിയും സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് ഉറക്കത്തെ ബാധിക്കുന്നതുപോലെ തന്നെ ആരോഗ്യത്തെയും ബാധിക്കും. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം ഉറക്കം തടസ്സപ്പെടുത്തും. ഉറങ്ങാൻ പോകുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും "സ്‌ക്രീൻ പാടില്ല" എന്ന കർശന നിർദ്ദേശം കുട്ടികൾക്ക് നൽകേണ്ടതുണ്ട്. സ്‌ക്രീനുകൾ പുറപ്പെടുവിക്കുന്ന നീല വെളിച്ചം കുട്ടികളുടെ ഉറക്കചക്രത്തെ തടസ്സപ്പെടുത്തും.
ഫോൺ ഉപയോഗിക്കുമ്പോൾ ശരിയായ രീതിയിൽ ഉപയോഗിക്കണം. കുട്ടികളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഉള്ളടക്കങ്ങൾ ഫോണിൽ നിന്ന് അവരിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്. സുരക്ഷിതമായി ഇൻറർനെറ്റ് ഉപയോഗിക്കേണ്ടതിൻ്റെ ബോധ്യം കുട്ടികളെ പഠിപ്പികേണ്ടത് മാതാപിതാക്കളാണ്.
Content Highlight: smartphone habit is negatively impacting kids' studies and how to fix the issue