ശസ്ത്രക്രിയ കൂടാതെ രക്തധമനികളിലെ തടസങ്ങള്‍ നീക്കാം; എ ഐ നാനോടെക്‌നോളജി സാങ്കേതിക വിദ്യ പരീക്ഷിക്കാം

ഹൃദയ സംബന്ധമായ അപകടങ്ങള്‍ നിയന്ത്രിക്കാനും രക്തധമനികളിലെ തടസങ്ങള്‍ നീക്കാനും എഐ സാങ്കേതിക വിദ്യ

dot image

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഓരോ വര്‍ഷവും 18 ദശലക്ഷം ആളുകളാണ് ഹൃദ്രോഗം മൂലം മരിക്കുന്നത്. ഹൃദയ സംബന്ധമായ എല്ലാ രോഗങ്ങളും ധമനികളിലെ രക്തപ്രവാഹവുമായി ബന്ധപ്പെട്ട് കിടക്കുന്നു. ഹൃദയ പേശികളിലേക്ക് പോകുന്ന രക്തക്കുഴലുകളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി രക്തക്കുഴലുകള്‍ ചുരുങ്ങുന്നതാണ് ഹൃദയാഘാതം ഉണ്ടാകാന്‍ കാരണം. ഇത്തരത്തില്‍ രക്തസഞ്ചാരം കുറഞ്ഞ് രക്തം കട്ടപിടിക്കുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാല്‍ ഇനിമുതല്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് ആശങ്ക വേണ്ട. കാരണം ഹൃദ്രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമായി സിംഗപ്പൂർ നാഷണല്‍ യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത നാനോപാര്‍ട്ടിക്കിള്‍ സാങ്കേതികവിദ്യ വലിയ പ്രതീക്ഷ മുന്നോട്ട് വയ്ക്കുന്നു. ഈ പുത്തന്‍ സാങ്കേതിക വിദ്യ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാനും ശസ്ത്രക്രിയ കൂടാതെ ധമനികളിലെ തടസങ്ങള്‍ നീക്കാനും സഹായിക്കുന്നുവെന്ന് തെളിഞ്ഞിട്ടുണ്ട്.

സാധാരണഗതിയില്‍ ധമനികളില്‍ കൊഴുപ്പ് കുറേശ്ശെയായി അടിഞ്ഞുകൂടി പിന്നീടത് രക്തപ്രവാഹത്തിന് തടസ്സമുണ്ടാക്കുന്ന വിധമെത്തുമ്പോള്‍ മാത്രമാണ് ഇവ കണ്ടെത്താറുളളത്. അതുകൊണ്ടുതന്നെ അപകട സാധ്യതയും വളരെ കൂടുതലാണ്. ആന്‍ജിയോഗ്രാം പോലുള്ള ടെസ്റ്റുകളൊക്കെ ബ്ലോക്കുകള്‍ കണ്ടെത്തിയതിന് ശേഷമേ ചെയ്യാനും കഴിയൂ. പക്ഷേ നാനോ പാര്‍ട്ടിക്കിള്‍ സാങ്കേതിക വിദ്യ നേരത്തെ രോഗനിര്‍ണയം നടത്താനും അതുവഴി ചികിസ മെച്ചപ്പെടുത്താനും സഹായിക്കും എന്നാണ് കരുതുന്നത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മെഷീന്‍ ലേണിങ് എന്നിവയിലൊക്കെയുളള പുരോഗതി രക്തപ്രവാഹത്തിന്റെ തോതിനെക്കുറിച്ച് മുന്‍കൂട്ടി മനസിലാക്കാന്‍ ഡോക്ടര്‍മാരെ സഹായിക്കുന്നു. സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഹൃദയത്തിന്റെ ആരോഗ്യം തുടര്‍ച്ചയായി നിരീക്ഷിക്കാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകുന്നതിന് മുന്‍പ് കണ്ടെത്താനും കഴിയും. ഈ ടെക്‌നോളജിയുടെ സഹായത്തോടെ സിങ്കപ്പൂരിലുള്ള ഒരുകൂട്ടം ഗവേഷകര്‍ ഇത്തരത്തില്‍ രോഗനിര്‍ണയം നടത്തുകയും ചികിത്സിക്കുകയും ചെയ്തിട്ടുണ്ട്.

പുതിയതായി കണ്ടെത്തിയ നാനോപാര്‍ട്ടിക്കിള്‍ സാങ്കേതിക വിദ്യ രക്ത പ്രവാഹത്തെക്കുറിച്ച് അറിയാനും രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെയും മറ്റും കണ്ടെത്താനും സഹായിക്കും. ഇതിലേ നാനോ കണങ്ങള്‍ രക്തപ്രവാഹത്തിന് തടസമായ പ്ലാക്കുകളെ വിഘടിപ്പിക്കുന്നു. രക്തധമനികളിലെ തടസങ്ങള്‍ കണ്ടെത്തുമ്പോള്‍ നാനോപാര്‍ട്ടിക്കിള്‍ ഗാഡോലിനിയം എന്ന രാസമൂലകം പുറത്തുവിടുന്നു.ഈ രാസമൂലകത്തിന് അടിഞ്ഞുകൂടിയ കൊഴുപ്പിന്റെ കാഠിന്യം എത്രത്തോളമുണ്ടെന്ന് കണ്ടുപിടിക്കാൻ കഴിയും. ഇത്തരം കാര്യങ്ങള്‍ ഹൃദയ സംബന്ധമായ അപകട സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

Content Highlights : AI nanotechnology technology to remove blockages in blood vessels

dot image
To advertise here,contact us
dot image