ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇന്ന് ലോകവ്യാപകമായ കൺസേണാണ്. ദാരിദ്ര്യം, രാഷ്ട്രീയ അനിശ്ചിതാവസ്ഥ, അപര്യാപ്തമായ ആരോഗ്യ സംരക്ഷണ സംവിധാനം, മോശം ഭക്ഷണ ശീലം എന്നിങ്ങനെ ആരോഗ്യപ്രശ്നങ്ങൾക്കുള്ള കാരണങ്ങൾ പലതാണ്. ഈ നിലയിൽ ഏറ്റവും ഗുരുതരമായ ആരോഗ്യപ്രശ്ങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടിക വേൾഡ് പോപ്പുലേഷൻ റിവ്യൂവിൽ ലിസ്‌റ്റ് ചെയ്‌തിരുന്നു. ഇത്തരത്തിൽ ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന എട്ടു രാജ്യങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം.
ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്നങ്ങളുടെ നീണ്ട പട്ടികയാണ് അഫ്ഗാനിസ്ഥാനുമായി ബന്ധപ്പെട്ട് ചൂണ്ടിക്കാണിക്കപ്പെടുന്നത്. വ്യാപകമായ പോഷകാഹാരക്കുറവാണ് അഫ്ഗാനിസ്ഥാൻ നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രശ്നം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളാണ് ഈ നിലയിൽ ഏറ്റവും ഗുരുതരമായ പോഷകാഹാര പ്രശ്നങ്ങൾ നേരിടുന്നത്. ദാരിദ്ര്യം, പ്രകൃതി ദുരന്തങ്ങൾ, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ തുടങ്ങിയ പ്രതികൂല ഘടകങ്ങൾ ഇവിടുത്തെ പൊതു ആരോഗ്യത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. കൂടാതെ ഏതാണ്ട് നാലുപതിറ്റാണ്ടിലേറെയായി നീണ്ടുനിൽക്കുന്ന അഭ്യന്തര സംഘർങ്ങളും ശരിയായ വൈദ്യ പരിചരണത്തിൻ്റെയും പോഷകാഹാരത്തിൻ്റെയും ലഭ്യതക്കുറവും അനാരോഗ്യകരമായ സാഹചര്യത്തിന് കാരണമാകുന്നുണ്ട്.
മോശം ഭക്ഷണക്രമവും പരിമിതമായ ആരോഗ്യ സേവനങ്ങളും നൈജീരിയയിൽ പോഷകാഹാര കുറവിൻ്റെ നിരക്ക് വർദ്ധിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ പത്തിൽ അഞ്ച് പേരും പോഷകാഹാരക്കുറവ് അനുഭവിക്കുന്നതായാണ് കണക്ക്. പോഷകാഹാരക്കുറവിന് പുറമേ ഗുതുതരമായ മറ്റൊരു പൊതുജനാരോഗ്യ പ്രശ്‌നവും നൈജീരിയ അഭിമുഖീകരിക്കുന്നുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന മലേറിയയാണ് പൊതുജനാരോഗ്യ മേഖലയിൽ നൈജീരിയ നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇവിടുത്തെ മരണങ്ങളിൽ പ്രധാന കാരണങ്ങളിലൊന്നായി അടയാളപ്പെടുത്തപ്പെടുന്നതും മലേറിയയാണ്.
അപര്യാപ്തമായ ആരോഗ്യ സേവനങ്ങൾ, രാഷ്ട്രീയ അസ്ഥിരത, വ്യാപകമായ ദാരിദ്ര്യം എന്നിവയാണ് അംഗോള നേരിടുന്ന ഗൗരവമായ അനാരോഗ്യ പ്രശ്നത്തിൻ്റെ കാരണങ്ങൾ. മലേറിയയും അംഗോളയെ സംബന്ധിച്ച് വെല്ലുവിളിയാണ്. രാജ്യത്ത് മരണത്തിൻ്റെ ഒരു പ്രധാന കാരണം മലേറിയയാണ്. രോഗത്തിൻ്റെ ഉയർന്ന വ്യാപന നിരക്കാണ് ഇതിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധി അംഗോളക്കാർക്ക് അടിസ്ഥാന വൈദ്യചികിത്സകൾ പോലും ലഭ്യമല്ലെന്നാണ് കണക്ക്. ഇത്തരം അടിസ്ഥാന വിഷയങ്ങളുടെ അപര്യാപ്തതയാണ് താമസിക്കാൻ ഏറ്റവും അനാരോഗ്യകരമായ സ്ഥലങ്ങളിൽ ഒന്നായി അംഗോളയെ അടയാളപ്പെടുത്തുന്നത്.
ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലെ വിഭവശേഷിയുടെ അപര്യാപ്തതയാണ് ലൈബീരിയ നേരിടുന്ന ഏറ്റവും പ്രധാനവെല്ലുവിളി. ഇത് മൂലം മലേറിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികൾക്കിടയിലെ മരണത്തിൻ്റെ പ്രധാന കാരണമായി ഇത് മാറുന്നു. രാജ്യത്തെ മോശം അടിസ്ഥാന സൗകര്യങ്ങളും മരുന്നുകളുടെ ലഭ്യതക്കുറവും രാജ്യത്ത ആരോഗ്യ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകമാണ്. ഇതുമൂലം രോഗികൾക്ക് മതിയായ പരിചരണം നൽകാൻ ലൈബീരിയയിലെ ആരോഗ്യപരിരക്ഷാ സംവിധാനത്തിന് സാധിക്കാതെ പോകുന്നു.
മാതൃമരണനിരക്കും നവജാതശിശു മരണനിരക്കും ഉയരുന്നതാണ് സിയറ ലിയോണിനെ ലോകത്തെ ഏറ്റവും മോശം ആരോഗ്യസാഹചര്യമുള്ള രാജ്യമാക്കി മാറ്റുന്നത്. മലേറിയ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ വ്യാപനമാണ് രാജ്യത്തെ പരിമിതമായ ആരോഗ്യസംരക്ഷണ സംവിധാനത്തിന് തിരിച്ചടിയാകുന്നത്. വർഷങ്ങളായി നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ആരോഗ്യ സംരക്ഷണത്തിനായുള്ള ഫണ്ടിലെ അപര്യാപ്തതയും ഇവിടെ പ്രശ്നങ്ങളെ അനുദിനം വഷളാക്കുന്നുണ്ട്.
സൊമാലിയയിൽ തുടരുന്ന ആഭ്യന്തര സംഘർഷവും രാഷ്ട്രീയ അസ്ഥിരതയും പൊതുജനാരോഗ്യ സംരക്ഷണത്തെ വിനാശകരമായി ബാധിച്ചിട്ടുണ്ട്. വ്യാപകമായ ക്ഷാമവും ദാരിദ്ര്യവും സൊമാലിയയിൽ ദശലക്ഷക്കണക്കിന് ആളുകളെയാണ് പോഷകാഹാരക്കുറവിലേക്ക് നയിച്ചത്. രാജ്യത്ത് സാധാരണമായി മാറിയിരിക്കുന്ന കോളറയും അഞ്ചാംപനിയും ആരോഗ്യപരിപാലന മേഖലയ്ക്ക് വെല്ലുവിളി ഉയർത്തുന്നു. ആരോഗ്യ പരിപാലന മേഖല അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം നേരിടുമ്പോഴാണ് ഇത്തരം സമ്മർദ്ദങ്ങളെ ആരോഗ്യമേഖലയ്ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്.
മലേറിയ, അഞ്ചാംപനി, മെനിഞ്ചൈറ്റിസ്, മഞ്ഞപ്പിത്തം, കോളറ തുടങ്ങിയ മാരക രോഗങ്ങൾ ചാഡിൻ്റെ ആരോഗ്യ പരിപാലന സംവിധാനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും അടിസ്ഥാന സാമൂഹിക സുരക്ഷാ പദ്ധതികളും ആരോഗ്യ പരിരക്ഷയും ലഭ്യമല്ലാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന കുട്ടികളും ഗർഭിണികളും ദുരിതസമാനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധികളിലൂടെ കടന്ന് പോകുന്ന പ്രദേശമാണ് ഇപ്പോൾ ദക്ഷിണസുഡാൻ. നവജാത ശിശുക്കളുടെ മരണനിരക്കുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന കണക്കുകളാണ് ദക്ഷിണ സുഡാനിൽ നിന്നും പുറത്തുവരുന്നത്. ദക്ഷിണസുഡാനിൽ 100,000 കുട്ടികൾ ജനിക്കുമ്പോൾ 1,223-ലധികം ശിശുക്കളാണ് മരിക്കുന്നത്. ഇതിന് പുറമെ ലോകത്തെ ഏറ്റവും ഉയർന്ന മാതൃമരണനിരക്കും ദക്ഷിണ സുഡാനിലാണ്. അടിസ്ഥാന വൈദ്യസഹായം, ശുദ്ധജലം, സാനിറ്ററി സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതക്കുറവ് ദക്ഷിണ സുധാനിലെ ആരോഗ്യ പ്രതിസന്ധിയെ കൂടുതൽ ഗുരുതരമാക്കുന്നു.
Content Highlights: Eight unhealthiest countries in the world. Here are some of the countries in the world, as listed in World Population Review, where people are facing a variety of public health problems