മൈഗ്രേന്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണോ നിങ്ങള്‍. തലവേദന സഹിക്കാതായാല്‍ വേദനസംഹാരികളെ ആശ്രയിച്ച് നിസ്സഹായരായി ഇരിക്കാറുണ്ടോ. എന്നാല്‍ കേട്ടോളൂ ചൂടുവെള്ള പ്രയോഗം കൊണ്ട് മൈഗ്രേന്‍ വേദന കുറയ്ക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുകയാണ് ഒരു യുവതി. തലവേദനയുള്ളപ്പോള്‍ പാദങ്ങള്‍ ചൂടുവെള്ളത്തില്‍ ഇറക്കിവച്ച് കുറച്ച് സമയം ഇരുന്നാല്‍ മതിയത്രേ. പ്രശസ്ത അനസ്‌തേഷ്യേളജിസ്റ്റ് ഡോ. മൈറോ ഫിഗുര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു റീലിലാണ് ഒരു യുവതി ഇപ്രകാരം പറയുന്നത്. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് പല ചര്‍ച്ചകളും നടന്നു. പല ആരോഗ്യ വിദഗ്ധരും അഭിപ്രായങ്ങളുമായി രംഗത്തുവന്നു.
ബെംഗളൂരു മണിപ്പാല്‍ ഹോസ്പിറ്റലിലെ ന്യൂറോളജി ആന്‍ഡ് എപ്പിലെപ്‌റ്റോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റും ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഡോ. ശിവകുമാര്‍ ആറിന്റെ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. 'പറയുന്നത് ശരിയാണ്. ചൂടുവെള്ളം ഇക്കാര്യത്തിന് ഫലപ്രദമാണ്. രണ്ട് കാലും മുക്കിവയ്ക്കാന്‍ പാകത്തില്‍ ഒരു ബേസനില്‍ ചൂടുവെള്ളമെടുക്കുക. 100-110F (37-43ഡിഗ്രി സെല്‍ഷ്യസ് ) ആയിരിക്കണം ചൂട്. പാദങ്ങള്‍ ചൂടുവെള്ളത്തില്‍ 15 മിനിറ്റ് മുക്കി വയ്ക്കുന്നത് രക്തക്കുഴലുകള്‍ വികസിക്കാനും രക്തയോട്ടം സുഖകരമാക്കാനും സഹായിക്കും. ഇത്തരത്തില്‍ കാലുകള്‍ മുക്കിവച്ച് സുഖകരമായി ഇരുന്ന ശേഷം നെറ്റിയില്‍ തണുത്ത കംപ്രസ് കൂടിവെച്ച് ഇരുന്നാല്‍ മതി, ആശ്വാസം ലഭിക്കും' ഡോക്ടര്‍ പറയുന്നു.
ചൂടുവെള്ളത്തില്‍ പാദങ്ങള്‍ മുക്കിവയ്ക്കുന്നത് പാദങ്ങളിലെ രക്തക്കുഴലുകള്‍ വികസിക്കുന്നതിനും ഇത് തലയിലെ രക്തയോട്ടം ശരിയായിരീതിയിലാക്കാനും സാഹായിക്കും. ചെറുചൂടുവെള്ളത്തിന് പാദങ്ങളിലെ നാഡീവ്യൂഹങ്ങള്‍ ഉത്തേജിപ്പിക്കാന്‍ കഴിയും.
എന്നാല്‍, സെന്‍സിറ്റീവ് സ്‌കിന്‍ ഉള്ളവരും എക്‌സിമ പോലുള്ള അവസ്ഥയുളളവരും രക്തചംക്രമണ പ്രശ്‌നങ്ങള്‍ ഉള്ളവരും ഇത് ഒഴിവാക്കുന്നതാണ് നല്ലത്.
Content Highlights :Migraine pain relief technique by soaking feet in hot water