രോഗങ്ങള്‍ പിടിപെടാതെ തടയുവാനുള്ള ശക്തമായ ഒരു മാര്‍ഗം വാക്‌സിനേഷനാണ്. നിലവില്‍ ലോകത്താകെ ഓരോ വര്‍ഷവും ഏകദേശം 3.5 മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെ മരണങ്ങള്‍ തടയുവാന്‍ ഇമ്യൂണൈസേഷനിലൂടെ സാധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍ പല പകര്‍ച്ചവ്യാധികളും വേഗത്തില്‍ പകര്‍ന്നുപിടിക്കുവാന്‍ കാരണമാകുന്നു. വാക്‌സിനുകളിലൂടെ ഈ അപകട സാധ്യതയെ പ്രതിരോധിക്കുവാന്‍ ഒരളവ് വരെ നമുക്ക് സാധിക്കും.
ബാക്ടീരിയല്‍, വൈറല്‍ ഇന്‍ഫക്ഷനുകളില്‍ നിന്നും വ്യക്തികള്‍ക്ക് സംരക്ഷണം നല്‍കുക മാത്രമല്ല വാക്‌സിനുകള്‍ ചെയ്യുന്നത്. അതോടൊപ്പം സമൂഹത്തില്‍ ആര്‍ജിത പ്രതിരോധശേഷി (ഒരു രോഗത്തിനെതിരെ സമൂഹത്തിലെ വ്യക്തികള്‍ക്ക് ആകെ പ്രതിരോധശേഷിയുണ്ടാകുന്നതിനെയാണ് ആര്‍ജിത പ്രതിരോധശേഷി അഥവാ ഹെര്‍ഡ് ഇമ്യൂണിറ്റി എന്ന് പറയുന്നത്) വളര്‍ത്തുവാനും വാക്‌സിനുകള്‍ സഹായിക്കുന്നു.
ഏതൊരു സമൂഹത്തിലെയും പ്രായമേറിയ വ്യക്തികളേയും, ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരേയും താരതമ്യേന ദുര്‍ബല ആരോഗ്യശേഷിയുള്ളവരേയും സംബന്ധിച്ച് ഹെര്‍ഡ് ഇമ്യൂണിറ്റിയെന്ന ഈ കമ്യൂണല്‍ പ്രൊട്ടക്ഷന്‍ പരമപ്രധാനമാണ്. മലേറിയ, മഞ്ഞപ്പിത്തം, മസ്തിഷ്‌ക ജ്വരം, ജപ്പാന്‍ ജ്വരം, ടൈഫോയ്ഡ്, കോളറ തുടങ്ങിയ കാലാവസ്ഥാ ജന്യ രോഗങ്ങളെ പ്രതിരോധിക്കുവാന്‍ ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്യൂണൈസേഷന്‍ വാക്‌സിന്‍ പോര്‍ട്ട്‌ഫോളിയോയിലൂടെ ലക്ഷ്യമിടുന്നു.
നമ്മുടെ പ്രദേശത്തും കാലാവസ്ഥാ മാറ്റങ്ങളുടെ സമയത്ത് ചില വാക്‌സിനുകള്‍ക്ക് പ്രാധാന്യമുണ്ട്.
മണ്‍സൂണ്‍ സമയത്തും തണുപ്പ് കാലത്തുമാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഫ്‌ളൂ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. മഴക്കാലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന 20 മുതല്‍ 40 ശതമാനം വരെ കുട്ടികളും ഇന്‍ഫ്‌ളുവന്‍സ ബാധിക്കപ്പെട്ടവരാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്‍ഫ്‌ളുവന്‍സയെ പ്രതിരോധിക്കുന്നതിനായി 70 മുതല്‍ 90 ശതമാനം വരെ കാര്യക്ഷമതയും ഒപ്പം സുരക്ഷിതത്വവും ഉറപ്പുനല്‍കുന്ന ഫലപ്രദമായ വാക്‌സിന്‍ ലഭ്യമാണ്. ഇന്‍ട്രാമസ്‌കുലര്‍ ഇന്‍ജക്ഷനിലൂടെ നല്‍കുന്ന ഇനാക്ടിവേറ്റഡ് ഇന്‍ഫ്‌ളുവന്‍സ വാക്‌സിനാണ് പൊതുവേ ഉപയോഗിക്കുന്നത്. അടിക്കടിയുള്ള ജനിതക മാറ്റങ്ങളിലൂടെ വൈറസ് കടന്നുപോകുന്നതിനാല്‍ ഏകദേശം 1 വര്‍ഷമാണ് ഈ സുരക്ഷയുടെ കാലയളവായി കണക്കാക്കുവാന്‍ സാധിക്കുക. ഒന്നാം വയസ്സില്‍ 2 ഡോസുകള്‍, പിന്നീട് വര്‍ഷാവര്‍ഷം ബൂസ്റ്റര്‍ ഡോസുകള്‍ എന്നീ രീതിയിലാണ് ഇതിന്റെ ഡോസേജ് നിശ്ചയിച്ചിരിക്കുന്നത്. ഏത് പ്രായത്തിലുള്ള ആള്‍ക്കും ഈ വാക്‌സിനേഷന്‍ സ്വീകരിക്കാവുന്നതാണ്.
ഗുരുതര ന്യൂമോണിയ, മസ്തിഷ്‌കജ്വരം, കുട്ടികളിലും പ്രായമായവരിലും കൂടുതല്‍ അപകടകാരികളാകുന്ന ഇൻവേസീവ് ന്യൂമോകോക്കല്‍ ഡിസീസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന ബാക്ടീരിയ സ്‌ട്രെപ്‌റ്റോകോക്കസ് ന്യൂമോണിയ്‌ക്കെതിരെ ഈ വാക്‌സിന്‍ സംരക്ഷണം നല്‍കുന്നു. എല്ലാ ശ്വാസകോശ സംബന്ധരോഗങ്ങളും അധികരിക്കുന്നത് മഴക്കാലത്തും തണുപ്പുകാലത്തുമാണ്. ഈ രണ്ട് സീസണുകളിലും ഈ വാക്‌സിന് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്തെ നാഷണല്‍ ഇമ്യൂണൈസേഷന്‍ പ്രോഗ്രാമില്‍ ന്യൂമോകോക്കല്‍ വാക്‌സിന്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാച്ച് അപ്പ് വാക്‌സിന്‍ ഏത് പ്രായത്തിലുമെടുക്കാം.
വൃത്തിഹീനമായ ഭക്ഷണപാനീയങ്ങളിലൂടെയാണ് ടൈഫോയ്ഡ്, കോളറ എന്നീ രോഗങ്ങള്‍ പകരുന്നത്. എല്ലാ സീസണുകളിലും ഈ രോഗബാധകള്‍ക്കുള്ള സാധ്യതകളുണ്ടെങ്കിലും മഴക്കാലത്ത് ഇവ അതിവേഗത്തില്‍ പടര്‍ന്നുപിടിക്കും.
ടൈഫോയ്ഡ് കോണ്‍ജുഗേറ്റ് വാക്‌സിന്‍ ഒറ്റ ഡോസില്‍ ജീവിതകാലം മുഴുവന്‍ സുരക്ഷിതത്വം നല്‍കും. 6 മാസം പ്രായമെത്തിയ കുഞ്ഞുങ്ങള്‍ക്ക് മുതല്‍ ഈ വാക്‌സിന്‍ സ്വീകരിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാനാകും.
നിലവില്‍ ലഭ്യമായിട്ടുള്ള കോളറ വാക്‌സിനുകള്‍ ഹ്രസ്വകാലത്തിലേക്കുള്ള സംരക്ഷണം മാത്രമാണ് നല്‍കുന്നത്. ഏറ്റവും ഉയര്‍ന്ന അപകട സാധ്യതകളുള്ള സമൂഹങ്ങളിലും എന്‍ഡമിക് ഏരിയകളിലും മാത്രമാണ് ലോകാരോഗ്യ സംഘടന കോളറ വാക്‌സിന്‍ നിര്‍ദേശിക്കുന്നത്.
ഇന്ത്യയില്‍ പൊതുവേ ധാരാളമായി കാണപ്പെടുന്ന ഒന്നാണ് ഡങ്കിപ്പനി. മണ്‍സൂണ്‍ സമയത്തും മണ്‍സൂണ്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെയും ഡെങ്കിപ്പനി വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. ഡെങ്കി വാക്‌സിനുകള്‍ നിര്‍മാണ ഘട്ടത്തിലാണുള്ളത്. നിലവില്‍ അംഗീകൃത ഡങ്കു വാക്‌സിനുകളൊന്നും ഇന്ത്യയില്‍ ലഭ്യമല്ല. കൊതുകുകള്‍ വഴി പകരുന്ന രോഗമായതിനാല്‍ പരമവധി കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടത്തുക എന്നതുമാത്രമാണ് ഇപ്പോള്‍ ഡങ്കുപ്പനി പകര്‍ച്ച തടയുന്നതിനായി സ്വീകരിച്ചുവരുന്ന മാര്‍ഗം.
കൊതുക് വഴി പകരുന്ന രോഗമാണ് ജാപ്പനീസ് എന്‍കെഫലൈറ്റിസ്. രാജ്യത്തെ ചില ഭാഗങ്ങള്‍ ഇത് കണ്ടുവരാറുണ്ട്. അത്തരം പ്രദേശങ്ങളില്‍, ജാപ്പനീസ് എന്‍കെഫലൈറ്റിസ് വാക്‌സിന്‍ നാഷണല്‍ ഇമ്യൂണൈസേഷന്‍ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗുരുതരമായ ന്യൂമോണിയ്ക്കും സെപ്‌സിസിനും കാരണമാകുന്നവയാണ് മെനിഞ്ചോകോക്കല്‍ ബാക്ടീരിയ. ഇന്ത്യയില്‍ നവംബര്‍ മുതല്‍ മാര്‍ച്ച് മാസം വരെയുള്ള ചൂട് കൂടിയ സമയത്താണ് മിക്ക പകര്‍ച്ചവ്യാധികളും കാണപ്പെടാറുള്ളത്. അതിവേഗത്തില്‍ പകരുന്ന ഒരു രോഗമാണിത്. പ്രത്യേകിച്ച് ഹോസ്റ്റലുകള്‍, ഡോര്‍മിറ്ററി എന്നിങ്ങനെ ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞ് താമസിക്കുന്ന സ്ഥലങ്ങളിലാണ് മെനിഞ്ചോകോക്കല്‍ ഇൻഫെക്ഷൻ പെട്ടെന്ന് പടർന്ന് പിടിക്കുന്നത്. 9 മാസം പ്രായം മുതല്‍ 2 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് രണ്ട് ഡോസും 2 വയസ്സിന് ശേഷം ഒരു ഡോസ് മെനിഞ്ചോകോക്കല്‍ കോഞ്ചുഗേറ്റ് വാക്‌സിനാണ് നിശ്ചയിച്ചിരിക്കുന്നത്.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുകയും വ്യാപിക്കുകയും ചെയ്യുന്ന പകര്‍ച്ചവ്യാധികളില്‍ നിന്നും രക്ഷനേടാന്‍ ഫലപ്രദമായ വാക്‌സിനേഷന്‍ നമ്മെ സഹായിക്കും.
Content Highlights: Why vaccination is important for our health