പ്രമേഹമുള്ള ഇന്ത്യക്കാരില്‍ 86 ശതമാനം ആളുകളും ഉത്കണ്ഠയും വിഷാദവും ഉള്ളവരെന്ന് പഠനം

ലോക പ്രമേഹദിനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പ്രമേഹമുളള ഇന്ത്യക്കാരില്‍ 5 ല്‍ 4 ശതമാനവും മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍

dot image

ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്റെ (IDF) ന്റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പ്രമേഹമുളള ഇന്ത്യക്കാരില്‍ 86 ശതമാനം ആളുകളും ഉത്കണ്ഠ, വിഷാദം , മറ്റ് മാനസിക ആരോഗ്യ അവസ്ഥകള്‍ തുടങ്ങിയവ നേരിടുന്നവരാണ്. ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. നവംബര്‍ 14 ലോക പ്രമേഹദിനത്തിന് മുന്നോടിയായാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 18 വയസിന് മുകളിലുളള 77 ദശലക്ഷം ആളുകള്‍ ടൈപ്പ്2 പ്രമേഹ ബാധിതരും 25 ദശലക്ഷത്തിലധികം പ്രി ഡയബറ്റിസ് ഉളളവരാണെന്നും പറയപ്പെടുന്നു. മാത്രമല്ല ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്‍ (IDF) ന്റെ കണക്കുകള്‍ അല്‍പ്പം കൂടി ആശങ്കയുയര്‍ത്തുന്നതാണ്. ആഗോള തലത്തില്‍ 20 നും 79നും ഇടയില്‍ പ്രായമുള്ള 537 ദശലക്ഷം മുതിര്‍ന്നവര്‍ പ്രമേഹബാധിതരാണ്. അത് മാത്രമല്ല 2030ല്‍ ഈ കണക്ക് 643 ദശലക്ഷമായും 2045 ല്‍ 783 ദശലക്ഷമായും ഉയരുമെന്നുമുളളത് ഞെട്ടിപ്പിക്കുന്ന വിവരമാണ്. ആഗോളതലത്തില്‍ പ്രമേഹമുള്ളവരില്‍ 77 ശതമാനം പേരും പ്രമേഹം മൂലം ഉത്കണ്ഠയും വിഷാദവും അനുഭവിക്കുന്നുമുണ്ട്.


പ്രമേഹം ബാധിച്ചിട്ടുണ്ടോ? - ഡോക്ടറെ കാണേണ്ടത് എപ്പോള്‍

പ്രമേഹം ബാധിച്ചാല്‍ ശരീരം പലവിധ ലക്ഷണങ്ങളും കാണിച്ചുതുടങ്ങും. ഇനിപറയുന്ന ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ ഡോക്ടറെ കാണേണ്ടതാണ്.

  • ഇടയ്ക്കിടെയുളള മൂത്രമൊഴിക്കല്‍

    രക്തത്തില്‍ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ വൃക്കകള്‍ അധികമായി ഉണ്ടാകുന്ന ഗ്ലൂക്കോസ് ഫില്‍റ്റര്‍ ചെയ്യുന്നു. തന്‍മൂലം ഇടയ്ക്കിടെ മൂത്രമൊഴിക്കാനുള്ള പ്രേരണ ഉണ്ടാകുന്നു. പോളിയൂറിയ എന്ന് വിളിക്കുന്ന അവസ്ഥയാണിത്.
  • അമിത ദാഹം

    ഇടയ്ക്കിടെ മൂത്രമൊഴിക്കുന്നതുകൊണ്ട് ശരീരത്തില്‍നിന്ന് ജലാംശം ധാരാളമായി നഷ്ടപ്പെടുന്നു. അതുകൊണ്ടുതന്നെ അമിതമായി ദാഹമുണ്ടാകാന്‍ ഇത് കാരണമാകുന്നു. ഈ അവസ്ഥയ്ക്ക് പറയുന്ന പേരാണ് പോളിഡിപ്‌സിയ.
  • അമിത വിശപ്പ്

    പ്രമേഹമുളളവര്‍ക്ക് ചിലപ്പോള്‍ അമിതമായി വിശപ്പ് ഇനുഭവപ്പെടാം. ഭക്ഷണം കഴിച്ചിട്ടും ഗ്ലൂക്കോസിനെ ഊര്‍ജ്ജമാക്കി മാറ്റാന്‍ ശരീരം പാടുപെടുന്നതുകൊണ്ട് വ്യക്തികള്‍ക്ക് നിരന്തരമായി വിശപ്പ് അനുഭവപ്പെടുന്നുണ്ട്. പോളിഫാഗിയ എന്നാണ് ഈ അവസ്ഥയുടെ പേര്.
  • ഭാരക്കുറവ്

    വിശപ്പുണ്ടായാലും മതിയായ ഇന്‍സുലിന്റെ അഭാവത്തില്‍ പേശികളും കൊഴുപ്പും ഊര്‍ജത്തിനായി വിഘടിക്കുന്നതിനാല്‍ ശരീരഭാരം കുറയുന്നു.
  • ക്ഷീണം

    രക്തത്തിലെ അമിതമായ പഞ്ചസാരയുടെ അളവ് മൂലം അമിതമായ ക്ഷീണവും മന്ദതയും അനുഭവപ്പെടും.
  • കാഴ്ച മങ്ങല്‍

    രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ കണ്ണുകളുടെ ലെന്‍സുകളില്‍ ദ്രാവകവ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഇത് മൂലം കാഴ്ച മങ്ങാന്‍ സാധ്യതയുണ്ട്.
  • മുറിവുകളും അണുബാധയും സുഖപ്പെടാന്‍ താമസം

    പ്രമേഹം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെയും രക്ത പ്രവാഹത്തെയും തടസപ്പെടുത്തുന്നു. ഇത് ശരീരത്തിലുണ്ടാവുന്ന മുറിവുകള്‍ ഉണങ്ങാന്‍ താമസിക്കുകയും ചര്‍മ്മത്തിലോ,മോണയിലോ മൂത്രനാളിയിലോ അണുബാധകള്‍ പതിവായി ഉണ്ടാവാനും കാരണമാകുന്നു.
  • മരവിപ്പ്

    രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവ് ഞരമ്പുകള്‍ക്ക് കേട് വരുത്തും, പ്രത്യേകിച്ച് കൈകാലുകളിലെ ഞരമ്പുകള്‍ക്ക്. അത് മരവിപ്പ് പോലെയോ, കുത്തുന്നതുപോലെയോ ഇക്കിളി പോലെയോ ഉള്ള അനുഭവങ്ങള്‍ ഉണ്ടാക്കിയേക്കാം.

    ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ രോഗനിര്‍ണ്ണയത്തിനായി ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.

Content Highlights :A new report by the International Diabetes Federation (IDF) found that 86 percent of Indians with diabetes suffer from anxiety, depression or other mental health conditions

dot image
To advertise here,contact us
dot image