അലർച്ച ശബ്ദം തുടർച്ചയായി കേട്ടാൽ നിങ്ങളുടെ കേൾവി തന്നെ തകരും!; മനുഷ്യന് കേൾക്കാൻ പറ്റുന്ന ശബ്ദത്തിന്റെ അളവുകൾ

കങ്കുവയുടെ പല സീനുകളിലെയും ശബ്ദം 100 ഡെസിബലിനും മുകളിൽ ആയിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു

dot image

കഴിഞ്ഞ ദിവസമാണ് സൂര്യ നായകനായ കങ്കുവ എന്ന ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ശബ്ദ മിശ്രണം അസഹനീയമാണെന്നും സിനിമ കണ്ടിറങ്ങിയപ്പോൾ പോലും തിയേറ്ററികത്തെ ശബ്ദം കൊണ്ടുണ്ടായ ബുദ്ധിമുട്ട് അവസാനിച്ചില്ലെന്നും ചിലർ പറഞ്ഞിരുന്നു. കങ്കുവയുടെ പല സീനുകളിലെയും ശബ്ദം 100 ഡെസിബലിനും മുകളിൽ ആയിരുന്നെന്ന് തെളിയിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിമർശനം ശക്തമായതോടെ തിയേറ്റർ ഉടമകളോട് ശബ്ദം കുറച്ച് സിനിമ കാണിക്കാൻ നിർദ്ദേശം നൽകിയതായി കങ്കുവയുടെ നിർമാതാവ് ടി ജെ ജ്ഞാനവേൽ മാധ്യമങ്ങളോട് പറയുകയും ചെയ്തിരുന്നു.

കങ്കുവയുടെ ശബ്ദത്തെ കുറിച്ച് ചർച്ചകൾ ഉയരുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അത് അകാലത്തിൽ കേൾവി ശക്തി കുറയുന്നതിനെക്കുറിച്ചാണ്. ശരാശരി ആരോഗ്യമുള്ള ഒരു മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ശബ്ദത്തിനേക്കാളും കൂടുതൽ അളവിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നതാണ് പലപ്പോഴും ആകാലത്തിലുള്ള കേൾവി കുറയാനുള്ള കാരണം. ഡെസിബൽ എന്ന അളവിലാണ് ശബ്ദത്തിന്റെ തോത് അളക്കാറുള്ളത്.

അമിതമായ ശബ്ദം മൂലം കേൾവി കുറയുന്നതിനെ നോയിസ്-ഇൻഡ്യൂസ്ഡ് ഹിയർ ലോസ് (NIHL) എന്ന പേരിലാണ് അറിയപ്പെടുന്നത്. അമിത ശബ്ദം കേൾക്കുന്നതിലൂടെ ചെവിക്കകത്ത് നിന്ന് മൂളൽ കേൾക്കുന്ന ടിന്നടസ് എന്ന അവസ്ഥയ്ക്കും കാരണമാവും. ഏത് പ്രായത്തിലുള്ള ആളുകൾക്കും നോയിസ്-ഇൻഡ്യൂസ്ഡ് ഹിയർ ലോസ് ഉണ്ടാവാനുള്ള സാധ്യതയുണ്ട്. യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അനുസരിച്ച്, 20 മുതൽ 69 വരെ പ്രായമുള്ള 40 ദശലക്ഷം യുഎസ് പൗരന്മാർക്ക് എൻഐഎച്ച്എൽ ഉണ്ട്. മുതിർന്നവരിൽ നാലിൽ ഒരാൾക്ക് വീതം ഒന്നോ രണ്ടോ ചെവികളിൽ കേൾവി തകരാറുണ്ടെന്നും കണ്ടെത്തിയിരുന്നു.

എഴുപത് ഡെസിബലിന് താഴെയുള്ള ശബ്ദമാണ് മനുഷ്യന് തുടർച്ചയായി എത്ര കേട്ടാലും പ്രശ്‌നമില്ലാത്ത ശബ്ദം. സാധാരണമായിട്ടുള്ള ഒരു സംഭാഷണം അറുപത് മുതൽ എഴുപത് ഡെസിബലിലാണ് ഉണ്ടാവുക. എന്നാൽ എൺപത് ഡെസിബലിന് മുകളിലുള്ള ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവി ശക്തിയെ കാര്യമായി ബാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. 85 ഡെസിബലിൽ കൂടുതലുള്ള ശബ്ദം കേൾവി നഷ്ടത്തിന് പോലും കാരണമാവും. മനുഷ്യന് കേൾക്കാൻ സാധിക്കുന്ന ഡെസിബലും എത്രസമയം തുടർച്ചയായി കേട്ടാലാണ് കേൾവിയെ ബാധിക്കുകയെന്നും പരിശോധിക്കാം.

എൺപത് ഡിബി ശബ്ദം ഒരാഴ്ചയിൽ 40 മണിക്കൂറിലധികം കേൾക്കുകയാണെങ്കിൽ കേൾവിയെ ബാധിക്കും. 85 ഡെസിബൽ ശബ്ദമാണെങ്കിൽ 12 മണിക്കൂറും 30 മിനിറ്റും കേട്ടാലാണ് കേൾവിയെ ബാധിക്കുക. 90 ഡിബിയിലുള്ള ശബ്ദം നാല് മണിക്കൂർ നേരം കേട്ടാൻ കേൾവിക്ക് പ്രശ്‌നമാകും. 95 ഡിബി ശബ്ദം വെറും ഒരു മണിക്കൂറും 15 മിനിറ്റും തുടർച്ചയായി കേൾക്കുന്നതും 100 ഡിബി ശബ്ദം 20 മിനിറ്റ് തുടർച്ചയായി കേൾക്കുന്നതും കേൾവിക്ക് പ്രശ്‌നമാണ്.

105 ഡിബി ശബ്ദം 8 മിനിറ്റ്, 110 ഡിബി 2.5 മിനിറ്റ്, 120 ഡിബി 12 സെക്കന്റ്, 130 ഡിബി <1 സെക്കന്റ്, 140 ഡിബിയും അതിന് മുകളിലും 0 സെക്കന്റ് എന്നിങ്ങനെയാണ് കേൾവി ശക്തിയെ ബാധിക്കുന്ന അളവുകൾ. ഓഡിയോഗ്രാം ഉപയോഗിച്ച് ശ്രവണ പരിശോധനയ്ക്കിടെ ഒരു വ്യക്തിയുടെ ശബ്ദം മൂലമുണ്ടാകുന്ന കേൾവിക്കുറവ് ഓഡിയോളജിസ്റ്റുകൾക്ക് അളക്കാൻ കഴിയും ഒരു വ്യക്തിക്ക് വ്യത്യസ്ത ആവൃത്തികളിൽ കേൾക്കാൻ കഴിയുന്ന ശബ്ദ തരംഗങ്ങളുടെ ഗ്രാഫാണ് ഓഡിയോഗ്രാം.

ഇനി നമുക്ക് ചുറ്റുമുള്ള ഓരോ ശബ്ദങ്ങളുടെയും ശരാശരി ഡിബി എന്താണെന്ന് നോക്കാം. സാധാരണ സംഭാഷണങ്ങൾ 60 മുതൽ 70 വരെ ഡിബിയാണ് ഉണ്ടാവുക. പുല്ലുവെട്ടുന്ന മെഷീൻ പോലുള്ളയുടെ ശബ്ദം 80 മുതൽ 100 ഡിബി വരെയും ഉണ്ടാകും സ്റ്റേഡിയങ്ങളിൽ കായികം ഇനങ്ങൾ നടക്കുമ്പോൾ 94 മുതൽ 110 ഡിബി വരെ ശബ്ദം ഉണ്ടായേക്കാം. ആംബുലൻസ് പോലുള്ള വാഹനങ്ങൾക്ക് 110 മുതൽ 120 വരെ ഡിബി ശബ്ദം ഉണ്ടാവും വെടിക്കെട്ടുകളും മറ്റും 140 മുതൽ 160 വരെ ഡിബിയിലാണ് ശബ്ദം ഉൽപാദിപ്പിക്കുന്നത്.

Content Highlights: Kanguva Movie Noise issue Constantly listening to noise will damage your hearing

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us