ശരീരത്തിലെ കാത്സ്യവും ഫോസ്‌ഫേറ്റും നിയന്ത്രിക്കുന്നതിന് അവശ്യം വേണ്ട വിറ്റാമിനാണ് വൈറ്റമിന്‍ ഡി. ശക്തമായ എല്ലുകളും, പ്രതിരോധ സംവിധാനങ്ങളും തുടങ്ങി മൊത്തത്തിലുള്ള ആരോഗ്യത്തിന് വൈറ്റമിൻ ഡി ആവശ്യമാണ്. പ്രധാനമായും രാവിലെയും വൈകുന്നേരവുമുള്ള ഇളം വെയില്‍ കൊണ്ടാല്‍ വൈറ്റമിൻ ഡി ശരീരത്തിനാവശ്യമുള്ള രീതിയില്‍ ലഭിക്കും. കൂടാതെ സാല്‍മണ്‍, സാര്‍ഡിന്‍സ് പോലുള്ള മീനുകള്‍, റെഡ് മീറ്റ്, മുട്ടയുടെ മഞ്ഞ തുടങ്ങിയവയും വൈറ്റമിൻ ഡി നല്‍കുന്നു.
ആവശ്യത്തിലധികം സൂര്യപ്രകാശം ലഭിച്ചിട്ടും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ വൈറ്റമിൻ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നവരാണ്. എന്തുകൊണ്ടായിരിക്കാം ഇന്ത്യക്കാരിൽ വൈറ്റമിൻ ഡിയുടെ കുറവ് അനുഭവപ്പെടുന്നത്.
ശരീരത്തില്‍ വൈറ്റമിൻ ഡി ലഭിക്കാത്തതിന് നിരവധി കാരണങ്ങളുണ്ട്. ജീവിത ശൈലിയും കാലാവസ്ഥയുമായി ബന്ധപ്പെട്ടുള്ള കാരണങ്ങളും നമ്മുടെ ശീലങ്ങളുമെല്ലാം ഇതിനുള്ള ഘടകങ്ങളാണ്. സൂര്യപ്രകാശം ലഭിക്കുന്നതിലൂടെ ചര്‍മം ആവശ്യത്തിനുള്ള വൈറ്റമിൻ ഡി ഉല്‍പ്പാദിപ്പിക്കും. സൂര്യന്റെ അള്‍ട്രാ വയലറ്റ് രശ്മികള്‍ ചര്‍മത്തിലെത്തുമ്പോള്‍ വൈറ്റമിൻ ഡി ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. വൈറ്റമിൻ ഡിയുടെ ഉല്‍പ്പാദനം മാത്രമല്ല, സെറേട്ടോണിന്‍ ഉത്തേജിപ്പിച്ച് മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, കൃത്യമായ ഉറക്കം ലഭിക്കുന്നതിനും സൂര്യപ്രകാശം സഹായിക്കുന്നു. ദിവസവും ഏതാനും മിനിറ്റുകള്‍ സൂര്യപ്രകാശമേല്‍ക്കുന്നത് ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു.
എന്നാല്‍ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഗുണങ്ങള്‍ നല്‍കുന്ന സൂര്യപ്രകാശം ഇന്ത്യയിലുണ്ടെങ്കിലും വൈറ്റമിൻ ഡിയുടെ അപര്യാപ്തത കൂടുന്നുവെന്നാണ് മെയ് മാസം പുറത്തിറക്കിയ പഠനത്തില്‍ വ്യക്തമാക്കുന്നത്.
സയന്റിഫിക് റിപ്പോര്‍ട്ട്‌സ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ദക്ഷിണേന്ത്യയിലെ നഗരവാസികളില്‍ വൈറ്റമിൻ ഡിയുടെ അപര്യാപ്തത കാണിക്കുന്നുവെന്ന് സൂചിപ്പിക്കുന്നു. 'ഉത്തരേന്ത്യയില്‍ മുമ്പ് നടത്തിയ പഠനത്തിലും സമാനമായ നിരീക്ഷണങ്ങളാണ് കണ്ടെത്തിയത്. 50 വയസിന് മുകളിലുള്ളവരില്‍ വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത റിപ്പോര്‍ട്ട് ചെയ്യുന്നു (91.2 ശതമാനം). വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത 50 മുതല്‍ 94 ശതമാനം വരെയുള്ള ആളുകളിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്'- പഠനത്തില്‍ പറയുന്നു.
മൂന്ന് മാസത്തിലേറെ നടുവേദനയുള്ള 30നും 34നുമിടയിലുള്ള 50 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവ് കണ്ടെത്തിയിട്ടുണ്ട്.
വിറ്റാമിന്‍ ഡി കുറയുന്നതിൻ്റെ കാരണങ്ങൾ
സൂര്യപ്രകാശമേല്‍ക്കുന്നില്ല
മിക്ക ഇന്ത്യക്കാരും പുറത്തിറങ്ങി സൂര്യപ്രകാശമേല്‍ക്കുന്നില്ലെന്നതാണ് വൈറ്റമിൻ ഡി വലിയ രീതിയില്‍ കുറയാന്‍ കാരണമാകുന്നത്. നഗരവല്‍ക്കരണവും ഇന്‍ഡോര്‍ ജീവിത രീതിയും ഇതിന് കാരണമാകുന്നു. മാത്രവുമല്ല, സ്‌കൂള്‍, ഓഫീസ് തുടങ്ങി പകല്‍ നേരം കൂടുതല്‍ സമയവും സ്ഥാപനങ്ങള്‍ക്കുള്ളിലാണ് മിക്കവരും ചെലവഴിക്കുന്നത്.
ചര്‍മത്തിന്റെ നിറം
ഇരുണ്ട നിറമുള്ള ആളുകള്‍ക്ക് വൈറ്റമിൻ ഡി ഉല്‍പ്പാദനം കുറവായിരിക്കും.
ഭക്ഷണം
വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ പൊതുവേ ഇന്ത്യന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടാറില്ല. കൊഴുപ്പുള്ള മത്സ്യം, മുട്ടയുടെ മഞ്ഞ തുടങ്ങിയ വൈറ്റമിൻ ഡിയുടെ കലവറയാണെങ്കിലും വളരെ കുറവ് അളവില്‍ മാത്രമേ ഇന്ത്യക്കാര്‍ ഈ ഭക്ഷണം കഴിക്കുന്നുള്ളു.
വായു മലിനീകരണം
ഇന്ത്യന്‍ നഗരങ്ങളിലെ വായു മലിനീകരണം സൂര്യപ്രകാശത്തെയും അള്‍ട്രാവയലറ്റ് രശ്മികള്‍ ഭൂമിയില്‍ പതിക്കുന്നതിനെയും തടയുന്നു.
വൈറ്റമിൻ ഡി വർധിക്കാൻ എന്തൊക്കെ ചെയ്യാം
വൈറ്റമിൻ ഡി ലഭിക്കുന്നതിന് വേണ്ടി ഏതെങ്കിലും സമയത്ത് സൂര്യപ്രകാശമേല്‍ക്കുന്നതും അപകടം ചെയ്യും. പ്രത്യേകിച്ച് രാവിലെ 10 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളില്‍ വെയിലേല്‍ക്കുന്നത് നല്ലതല്ല. നമ്മുടെ ചര്‍മത്തിന്റെ പ്രത്യേകതയും സ്ഥലവും പരിഗണിച്ച് ആഴ്ചയില്‍ പല തവണയായി പത്ത് മുതല്‍ 30 മിനിറ്റ് വരെ സൂര്യപ്രകാശമേല്‍ക്കുന്നുവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
കൈകള്‍, കാലുകള്‍ തുടങ്ങി ശരീരത്തിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം സൂര്യപ്രകാശമേല്‍ക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ഈ സമയത്ത് സണ്‍സ്ക്രീന്‍ ഉപയോഗിക്കാതെ നോക്കണം. സൂര്യപ്രകാശമേറ്റതിന് ശേഷം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക.
പുറത്തിറങ്ങുന്ന സമയത്ത് നേരിയ വസ്ത്രങ്ങള്‍ ധരിക്കാൻ ശ്രമിക്കുക. ഫോര്‍ട്ടിഫൈഡ് പാല്‍, ധാന്യങ്ങള്‍, കൂണുകള്‍, മുട്ടയുടെ മഞ്ഞ, ഫാറ്റി മീനുകള്‍ തുടങ്ങിയ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സസ്യാഹാരികള്‍ സമാനമായ ഗുണങ്ങളുള്ള പച്ചക്കറികള്‍ കഴിക്കാന്‍ ശ്രമിക്കുക. സൂര്യപ്രകാശമേല്‍ക്കുന്നതും വിറ്റാമിന്‍ ഡിയുള്ള ഭക്ഷണം കഴിക്കാത്തതുമായ സാഹചര്യമാണെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ വൈറ്റമിൻ ഡി ഗുളികകള്‍ കഴിക്കുക. ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് ഇടയ്ക്കിടെ പരിശോധിക്കുക.
Content Highlights: Vitamin D deficiency in Indian s and reasons