കണ്‍പീലിയില്‍ ഉണ്ടാകുന്ന താരന്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തലയിലെ താരന്‍ പോലെ തന്നെ കണ്‍പീലികളിലും വെളുത്ത പൊടിപോലെ പ്രത്യക്ഷപ്പെടുന്ന ഇവ പലരുടേയും ആത്മവിശ്വാസം പോലും കെടുത്താറുണ്ട് . മാത്രമല്ല ഈ പ്രശ്‌നത്തെ അവഗണിക്കുകയോ തെറ്റായി രോഗനിര്‍ണ്ണയം നടത്തുകയോ ചെയ്യുന്നത് ബ്ലെഫറിറ്റീസ് അല്ലെങ്കില്‍ അലര്‍ജികള്‍ പോലെയുളള ചര്‍മ്മ പ്രശ്‌നമായും മാറിയേക്കാമെന്ന് വിദഗ്ധർ പറയുന്നു.
എന്തുകൊണ്ട് കണ്‍പീലിയില്‍ താരന്‍?
ഒരു സൗന്ദര്യപ്രശ്‌നം എന്നതിനേക്കാള്‍ ഉപരി ഇക്കാര്യം ചര്‍മ്മത്തിനുണ്ടാകുന്ന ആരോഗ്യ പ്രശ്‌നമായി വേണം കരുതാന്‍. ഈ അവസ്ഥയെ അവഗണിക്കുന്നത് പിന്നീട് അണുബാധയും മറ്റ് സങ്കീര്‍ണ്ണതകളും ഉണ്ടാകാന്‍ ഇടയാക്കും.
- കണ്‍പീലിയില്‍ ഉണ്ടാകുന്ന താരന്‍ ബെഫറിറ്റീസ്, സെബോറെഹിക് ഡെര്‍മറ്റെറ്റിസ് അല്ലെങ്കില്‍ വരണ്ട ചര്‍മ്മം പോലെയുള്ള അവസ്ഥകളുടെ അടയാളമായിരിക്കാം. എന്താണ് ഇത്തരത്തില്‍ ഉണ്ടാകാന്‍ കാരണം എന്ന് തിരിച്ചറിഞ്ഞുവേണം ചികിത്സിക്കാന്‍.
- എക്‌സിമ, സോറിയാസിസ് പോലെയുളള ത്വക്ക് രോഗങ്ങള്‍ കണ്‍പീലിക്ക് ചുറ്റും താരന്‍ ഉണ്ടാക്കും.
- കണ്ണുകളുടെ ക്ലെന്‍സിങും കണ്ണിന്റെ ആരോഗ്യവും തമ്മില്‍ വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. മേക്കപ്പ് ഉപയോഗിക്കുന്നവരാണെങ്കില്‍ ക്ലെന്‍സിങ് അത്യാവശ്യമാണ്. എണ്ണയോ അഴുക്കോ ഒക്കെ അടിഞ്ഞ് കൂടുന്നതും കണ്‍പീലിയിലെ താരന്‍ വര്‍ധിക്കുന്നതിന് കാരണമാകും.
- കണ്‍പീലിയിലുണ്ടാകുന്ന താരന്‍ കണ്ണുകളില്‍ ചുവപ്പ് ഉണ്ടാകാനും നീര്‍വീക്കവും ചൊറിച്ചിലും ഉണ്ടാകാനും കാരണമാകാറുണ്ട്. ഈ അവസ്ഥ വര്‍ധിക്കുന്നത് കാഴ്ച മങ്ങുന്നതിനുള്‍പ്പടെ കാരണമാകും.
- മൃദുവായ ക്ലെന്‍സറുകളോ മറ്റോ ഉപയോഗിക്കുന്നതും ഇടയ്ക്കിടയ്ക്ക് കണ്ണുകള്‍ കഴുകുന്നതും താരന്‍ കുറയാനും ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനും സഹായിക്കും.
- ചെറിയ ബുദ്ധിമുട്ടുകളൊക്കെ ശുചിത്വം കൊണ്ട് മെച്ചപ്പെടുമെങ്കിലും സ്ഥിരമായി ഈ അവസ്ഥ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.
- നല്ല ശുചിത്വം പാലിക്കുകയും അലര്‍ജി രഹിതമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നതും ഒരു പരിധിവരെ കണ്‍പീലികളില്‍ താരന്‍ വരാതെ സംരക്ഷിക്കും.
Content Highlights :Understanding the causes and treatments of the disease is essential to maintain eye health and hygiene