ലോകം ഇന്ന് എയ്‍ഡ്‍സ് ദിനമാചരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം മാത്രം 13 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 14 വയസുവരെയുള്ള കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്നു. ഐക്യരാഷ്ട്ര സഭ ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം 53,000 കുഞ്ഞുങ്ങളാണ് ജന്മനാ സിഫിലിസുമായാണ് ജനിക്കുന്നത്. പ്രധാനമായും അമ്മയില്‍ നിന്നാണ് കുഞ്ഞുങ്ങള്‍ക്ക് രോഗം പകരുന്നത്.
2023ല്‍ 3.99 കോടി പേരാണ് എയ്ഡ്‌സ് രോഗവുമായി ജീവിച്ചത്. 2025 എത്തുമ്പോഴേക്കും രോഗബാധിതരുടെ എണ്ണം 37,000,0 താഴെയാക്കണമെന്ന ലക്ഷ്യമാണ് ഇതോടെ നഷ്ടപ്പെടുന്നതെന്നും ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു. എയ്ഡ്‌സ് ദിനം ആചരിക്കുന്നതിന്റെ ഭാഗമായി സംഘടന പുറത്തിറക്കിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
ഒരു കാലത്ത് ആള്‍ക്കൂട്ടത്തില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടവരായിരുന്നു എയ്ഡ്‌സ് രോഗികള്‍. അവരെ ചേര്‍ത്ത്പിടിച്ച് അനുയോജ്യമായ ചികിത്സ നല്‍കാനും ബോധവല്‍ക്കരണം നല്‍കാനുമാണ് ഇന്ന് ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്നാം തീയതിയാണ് എയ്ഡ്‌സിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിന് ലോക എയ്ഡ്‌സ് ദിനമാചരിക്കുന്നത്. എയ്ഡ്‌സ് പകര്‍ച്ചവ്യാധി അവസാനിപ്പിക്കുന്നതിന് മനുഷ്യാവകാശങ്ങളുടെ മൂല്യം ഉയര്‍ത്തിക്കാട്ടുകയാണ് ഈ ദിവസത്തിന്റെ ലക്ഷ്യം.
'എന്റെ ആരോഗ്യത്തിനും അവകാശത്തിനും അനുയോജ്യമായ ശരിയായ പാL തിരഞ്ഞെടുക്കുക' (Take the Rights Path: My Health, My Right) എന്നതാണ് ഇത്തവണത്തെ എയ്ഡ്‌സ് ദിന സന്ദേശം. 2030ഓടെ എയ്ഡ്‌സിന്റെ പൂര്‍ണനിര്‍മാര്‍ജനമാണ് ലക്ഷ്യം. പ്രീ എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് (PrEP), പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് (PEP), ദീര്‍ഘനേരം പ്രവര്‍ത്തിക്കുന്ന ആന്റി റിട്രോവൈറലുകള്‍ തുടങ്ങിയ പുതിയ ബയോമെഡിക്കല്‍ ടൂളുകള്‍ എച്ച്‌ഐവി പകരുന്നത് കുറയ്ക്കുമെന്നാണ് യുഎന്നിന്റെ പ്രതീക്ഷ.
എന്നാല്‍ ഈ സംവിധാനങ്ങള്‍ എല്ലാവര്‍ക്കും, എല്ലായിടത്തും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകളും ദാതാക്കളും സഹകരിക്കണമെന്നും യുഎന്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. സാങ്കേതിക പുരോഗതിയുടെ ഇക്കാലത്ത് മൊബൈല്‍ ഹെല്‍ത്ത് ആപ്പുകള്‍, ഓണ്‍ലൈന്‍ കൗണ്‍സിലിങ്, ടെലിമെഡിസിന്‍, വെര്‍ച്വല്‍ സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ തുടങ്ങിയ നൂതനമായ വഴികളിലൂടെ എയ്ഡ്‌സ് ബോധവല്‍ക്കരണം നല്‍കാനും യുഎന്‍ ആവശ്യപ്പെടുന്നു.
യുഎന്‍ എയ്ഡ്‌സും ലോകാരോഗ്യ സംഘടനയും ചേര്‍ന്നാണ് എയ്ഡ്‌സ് ദിനമെന്ന ആശയത്തിലെത്തുന്നത്. 1988ലാണ് ആദ്യമായി ലോക എയ്ഡ്‌സ് ദിനം ആചരിച്ചത്. ലോകാരോഗ്യ സംഘടനയുടെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ ജെയിംസ് ഡബ്ല്യു ബന്നും തോമസ് നെട്ടറും ചേര്‍ന്നാണ് രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നല്‍കുന്നതിനും രോഗം ബാധിച്ച് മരിച്ചവര്‍ക്ക് ആദരവ് നല്‍കുന്നതിനുമായി എയ്ഡ്‌സ് ദിനമെന്ന ആശയം അവതരിപ്പിച്ചത്.
ആര്‍എന്‍എ വിഭാഗത്തില്‍പ്പെട്ട റിട്രോ വൈറസായ എച്ച്ഐവിയാണ് എയ്ഡ്സുണ്ടാക്കുന്നത്. 1984ല്‍ അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റോബര്‍ട്ട് ഗാലേ ആണ് ഈ വൈറസ് കണ്ടെത്തിയത്. എലിസ ടെസ്റ്റ്, വെസ്റ്റേണ്‍ ബ്ലോട്ട് ടെസ്റ്റ് തുടങ്ങിയവയിലൂടെ എയ്ഡ്‌സ് കണ്ടെത്തിയാലും എച്ച്ഐവിക്ക് നിലവില്‍ ചികിത്സാരീതികളില്ലെന്നതാണ് ഏറ്റവും ആശങ്കാജനകമായ കാര്യം. എങ്കിലും ചില മരുന്നുകള്‍ എയ്ഡ്‌സിനെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു.
Content Highlights: World Aids Day celebration