അല്‍സിമേഴ്‌സ് വരാന്‍ സാധ്യതയുണ്ടോ എന്ന് ആദ്യ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനും 20 വര്‍ഷം മുമ്പേ തിരിച്ചറിയാന്‍ സാധിക്കുമെന്ന് പഠനം. വയറിലെ കൊഴുപ്പ് ചിലപ്പോള്‍ ഇതിന്റെ സൂചനയായിരിക്കാമെന്നാണ് അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നത്. ഹൃദയം, ആമാശയം, കരള്‍ തുടങ്ങിയ അവയവങ്ങളുടെ ചുറ്റിനും അടിഞ്ഞുകൂടന്ന കൊഴുപ്പ് ഒരുപക്ഷെ അല്‍സിമേഴ്‌സ് അല്ലെങ്കില്‍ ഡിമെന്‍ഷ്യയുടെ കൂടെ സൂചനയായിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു.
ഡിമെന്‍ഷ്യയുടെ ആദ്യ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിന് 20 വര്‍ഷം മുമ്പ് തന്നെ ശരീരത്തിലുണ്ടാകുന്ന അധിക കൊഴുപ്പിന് രോഗ്യസാധ്യത പ്രവചിക്കാന്‍ കഴിയുമെന്നാണ് റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക(ആര്‍എസ്എന്‍എ)യുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട പഠന റിപ്പോര്‍ട്ടിലുള്ളത്.
മിസൗറിയിലെ സെന്റ് ലൂയിസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. മധ്യവയസ്‌കരായ 80 സാധാരണക്കാരെ നിരീക്ഷിച്ചാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ 57.5 ശതമാനം പേരും പൊണ്ണത്തടിയുള്ളവരായിരുന്നു. 32.31 ആയിരുന്നു ഇവരുടെ ശരാശരി ബോഡി മാസ് ഇന്‍ഡക്‌സ്. ശരീരത്തിലെ അധിക കൊഴുപ്പ്, നല്ല കൊളസ്‌ട്രോളിന്റെയും ചീത്ത കൊളസ്‌ട്രോളിന്റെയും അളവ്, പേശികളുടെ പ്രവര്‍ത്തനം, ഇന്‍സുലിന്‍ പ്രതിരോധം തുടങ്ങിയ ഘടകങ്ങളാണ് പരിശോധിച്ചത്.
ശരീരത്തില്‍ അടിഞ്ഞുകൂടുന്ന അമിത കൊഴുപ്പ് ചിലപ്പോള്‍ അല്‍സിമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്ന അമിലോയിഡിനെ സ്വാധീനിക്കാമെന്ന് പഠനം തെളിയിച്ചതായി ഗവേഷകരില്‍ ഒരാളായ മഹ്‌സ ഡൊലാത്ഷഹി പറഞ്ഞു. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെയും ജീവിതശൈലിയില്‍ മാറ്റം വരുത്തുന്നതിലൂടെയും അല്‍സിമേഴ്‌സ് രോഗത്തിന്റെ സാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും സംഘം അവകാശപ്പെടുന്നു.
Content Highlights: Study finds mid-life clue that you're likely to get Alzheimer's within the next 20 years