ചിരിച്ചാല്‍ ആയുസ് കൂടുമെന്ന് പറയുന്നത് വെറുതെയല്ല കേട്ടോ… പലപ്പോഴും നമ്മള്‍ ആശയവിനിമയം നടത്തുന്നത് സംസാരിക്കുന്നതിലൂടെ മാത്രമല്ലല്ലോ, ചിരിക്കുന്നതിലൂടെയും, പുഞ്ചിരിക്കുന്നതിലൂടെയും, മുഖത്തിന്റെ പല ഭാവങ്ങളിലൂടെയുമെല്ലാം നാം മറ്റുള്ളവരുമായി 'സംസാരിക്കാറുണ്ട്'. ചിരിക്കുക എന്നത് ശക്തമായ വൈകാരിക പ്രകടനം തന്നെയാണ്. ഒരുരീതിയില്‍ ഇത് ഒരു 'പകര്‍ച്ചവ്യാധി'യാണെന്ന് കൂടി പറയാം. അതെങ്ങനെയെന്നാല്‍, നമ്മള്‍ മറ്റുള്ളവരെ നോക്കി ചിരിക്കുന്നതിലൂടെ ആ ചിരി അവരിലേക്ക് പടരുക കൂടിയാണ് ചെയ്യുന്നത്.
ചിരിക്കുന്നതിന് പല ഗുണങ്ങളുമുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ മാത്രമല്ല, സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്താനും ചിരി സഹായിക്കും. ഇത് മാനസികാരോഗ്യത്തിനുള്ള പ്രകൃതിദത്തമായ പ്രതിവിധി കൂടിയാണ്. സ്‌ട്രെസ് ഹോര്‍മോണുകളെ നിയന്ത്രിക്കാന്‍ ചിരിക്ക് കഴിവുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.
ചിരിക്കുന്നത് ഏറ്റവും ശക്തിയുള്ള മരുന്നുകളില്‍ ഒന്നാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. ഹാപ്പി ഹോര്‍മോണുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 'എന്‍ഡോര്‍ഫിന്‍സ്' ഉത്പാദനത്തിന് ചിരി സഹായിക്കുന്നുവെന്ന് പൂനെയിലെ ജൂപിറ്റര്‍ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധന്‍ ഡോ. സന്തോഷ് ചവാന്‍ പറയുന്നു. ശാരീരികവും മാനസികവുമായ സമ്മര്‍ദ്ദം കുറയുന്നതിന് ഇത് സഹായിക്കുന്നു. ചിരി ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഹൃദയം, ശ്വാസകോശം, പേശികള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളെയും ചിരി ഗുണകരമായ രീതിയില്‍ ബാധിക്കും. മാത്രമല്ല ഉറക്ക കുറവിന് ചിരി ഒരു പ്രതിവിധി കൂടിയാണെന്നും പഠനങ്ങള്‍ പറയുന്നു. പലരോഗങ്ങള്‍ ബുദ്ധിമുട്ടിക്കുന്നവരില്‍ നടത്തിയ പഠനത്തില്‍, ലാഫര്‍ തെറാപ്പി ഇവരുടെ ഉറക്കത്തെ സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ട് തവണ വീതം നാലാഴ്ചത്തേക്കാണ് ഇവര്‍ക്ക് 40 മിനിറ്റ് തെറാപ്പി നല്‍കിയത്. ഉറക്കം നല്‍കുക മാത്രമല്ല, ഇവരുടെ മാനസികാവസ്ഥയുടെ നിലവാരം ഉയര്‍ത്തുന്നതിനും ചിരി സഹായിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Content Highlights: Why laughter is the best therapy for your mind