പലപ്പോഴും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ചിലർക്കെല്ലാം സ്ഥിരമായി ഒരു ഷിഫ്റ്റിൽ തന്നെ കയറേണ്ടി വരാറുണ്ട്. അത്തരത്തിൽ സ്ഥിരമായി രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഇത് അറിഞ്ഞിരിക്കണം. നിരന്തരം രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ ഒരു വിഷാദരോഗിയായി നിങ്ങൾ മാറാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനറിപ്പോര്‍ട്ട് പറയുന്നു. 30 വര്‍ഷം കൊണ്ട് ഏഴായിരം അമേരിക്കക്കാരെ ഉള്‍പ്പെടുത്തി എന്‍വൈയു സില്‍വര്‍ സ്‌കൂള്‍ ഓഫ് സോഷ്യല്‍ വര്‍ക്കിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ.
പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര്‍ക്ക് മാത്രമായിരുന്നു പകല്‍ സമയം ജോലിയുണ്ടായിരുന്നത്. രാത്രി സമയങ്ങളില്‍ ജോലി ചെയ്യുന്നതും ജോലി സമയം തുടര്‍ച്ചയായി മാറുന്നതും ഉറക്കത്തെ ബാധിക്കുമെന്നും ഇത് 50 വയസ്സാകുമ്പോഴേക്കും വിഷാദം ഉള്‍പ്പെടെയുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും പഠനം പറയുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാത്തവര്‍ക്ക് പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും സാധ്യതയുണ്ട്.
അമേരിക്കയിലെ വെളുത്ത വംശജരെ അപേക്ഷിച്ച് കറുത്ത വംശജരാണ് ഉറക്കമില്ലായ്‌മ മൂലമുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ നേരിടുന്നതെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. ജോലി മൂലം ശാരീരികവും മാനസികവുമായി അവശരാവുന്നവരെ പിന്തുണയ്‌ക്കാനുള്ള സാഹചര്യം
മെച്ചപ്പെടുത്തി അത് മറികടക്കാന്‍ കഴിയണമെന്ന് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
Content Highlights: Studies have shown that if you are a regular night shift worker, you are more likely to become a depressive