ഒരു ചായ കുടിയ്ക്കണമെന്ന് തോന്നുമ്പോള്‍ എളുപ്പത്തിന് ചൂടുവെള്ളത്തിലേക്ക് ഒരു ടീബാഗ് ഇട്ട് ചായ റെഡിയാക്കുന്നവരാണ് നമ്മളില്‍ പലരും. സാധാരണ ചായ ആണെങ്കിലും ഗ്രീന്‍ടീ കുടിയ്ക്കുന്നവരാണെങ്കിലും ഒക്കെ അങ്ങനെ തന്നെ. പക്ഷേ ഇനി മുതല്‍ ടീബാഗ് ഉപയോഗിക്കുന്നതിന് മുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്താണെന്നല്ലേ?
ടീ ബാഗുകളുടെ പുറംപാളികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും പോളിമര്‍ അധിഷ്ഠിത മെറ്റീരിയല്‍ കൊണ്ട് നിര്‍മ്മിക്കുന്ന വാണിജ്യ ടീ ബാഗുകള്‍ ദശലക്ഷക്കണക്കിന് നാനോ പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും അടങ്ങിയവയുമാണെന്നാണ് പുതിയ കണ്ടുപിടുത്തം. ബാഴ്‌സലോണയിലെ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയുടെ ഒരു പഠനമനുസരിച്ച് മൈക്രോ, നാനോപ്ലാസ്റ്റിക് കണങ്ങള്‍ മനഷ്യന്റെ കുടല്‍ കോശങ്ങളാല്‍ ആഗീരണം ചെയ്യപ്പെടുകയും അങ്ങനെ അവ രക്തപ്രവാഹത്തില്‍ എത്തുകയും ശരീരത്തില്‍ ഉടനീളം വ്യാപിക്കുകയും ചെയ്യും. ഈ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യ ഹോര്‍മോണുകളെ ബാധിക്കുകയും ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന എന്‍ഡോക്രൈന്‍ ഡിസ്‌റപ്റ്ററുകള്‍ എന്ന രാസവസ്തുക്കള്‍ പുറത്തുവിടുകയും ചെയ്യുന്നു. ഇവ നമ്മുടെ കോശങ്ങളിലെ ജനിതക വസ്തുക്കളുമായി ഇടപഴകുന്നതിലൂടെ ക്യാന്‍സറിനുള്ള സാധ്യത വര്‍ദ്ധിക്കുമെന്ന് പഠനം പറയുന്നു.
ഗവേഷണത്തിന് ഉപയോഗിച്ച ടീ ബാഗുകളില്‍ നൈലോണ്‍-6 പോളിപ്രൊഫൈലിന്‍, സെല്ലുലോസ് എന്നീ പോളിമറുകള്‍ അടങ്ങിയിട്ടുണ്ടായിരുന്നു. ചൂടുവെള്ളത്തില്‍ ടീ ബാഗുകള്‍ ഇട്ട് വച്ച് ചായ ഉണ്ടാക്കുമ്പോള്‍ പോളിപ്രൊഫൈലിന്‍ ഒരു മില്ലി ലിറ്ററിന് ഏകദേശം 1.2 ബില്യണ്‍ കണികകള്‍ പുറത്തുവിടുന്നു. സെല്ലുലോയിഡ് ഒരു മില്ലി ലിറ്ററിന് ഏകദേശം 135 കണികള്‍ പുറത്തുവിടുന്നു. നൈലോണ്‍ 8.18 ദശലക്ഷം കണികള്‍ പുറത്തുവിടുന്നു.
അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് മനുഷ്യന്റെ ആരോഗ്യത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന കണികകളെക്കുറിച്ച് ഗവേഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്.
Content Highlights : Before using teabags, you should know some things