അധിക നേരം ഇരുന്നാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധര്‍. ഇരുന്നുള്ള ജോലിക്കപ്പുറം സോഷ്യല്‍ മീഡിയ ഉപയോഗവും ടിവിയുമൊക്കെയായി മണിക്കൂറുകളാണ് ഓരോ ദിവസവും ആളുകള്‍ സോഫയിലെ കസേരയിലോ ഒക്കെയായി ചെലവിടുന്നത്. മതിയായ ശാരീരിക വ്യായാമങ്ങള്‍ ചെയ്യാതെ അധിക സമയം ഇരിക്കുന്നത് ശരീരഭാരം കൂടാന്‍ മാത്രമല്ല, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം തുടങ്ങി അപകടകരമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
അമേരിക്കയിലെ അയോവ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പിന്തുടരേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമായത്. ചെറിയ ജീവിതശൈലീ മാറ്റങ്ങള്‍ പോലും ആരോഗ്യത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വ്യക്തമായി. കൃത്യമായ വ്യായാമങ്ങളുടെയോ ദൈനംദിന പ്രവര്‍ത്തനങ്ങളുടെയോ അഭാവം കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാമെന്നും ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടായേക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
40,000 പേരുടെ വിവരങ്ങള്‍ പരിശോധിച്ചായിരുന്നു പഠനം നടത്തിയത്. പ്രതിവാരം 150 മിനിറ്റോ അതില്‍ കൂടുതലോ സമയം വ്യായാമം ചെയ്യുന്നവരുടെ ആരോഗ്യം വ്യായാമം ചെയ്യാത്തവരേക്കാള്‍ കൂടുതലാണെന്ന് കണ്ടെത്തി. യാതൊരു തരത്തിലുമുള്ള വ്യായാമങ്ങള്‍ ചെയ്യാത്തവര്‍ക്ക് അമിതവണ്ണം, വിഷാദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ പത്തൊമ്പതോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. രോഗാവസ്ഥകളെ നിയന്ത്രിക്കുന്നതിലും തടയുന്നതിലും പതിവായുള്ള വ്യായാമത്തിന്റെ സ്വാധീനം അടിവരയിടുന്നതായിരുന്നു പഠനമെന്നും ഗവേഷകര്‍ പറയുന്നു.
Content Highlights: Report that sitting for too long could be behind 19 diseases