അമിതമായ മുടികൊഴിച്ചില്‍, ഒരാഴ്‌കൊണ്ട് മുടി പൂര്‍ണമായും പോയ അവസ്ഥയിലാണ് ചിലര്‍. മഹാരാഷ്ട്രയിലെ ഭുല്‍ദാന ജില്ലയിലെ ഗ്രാമങ്ങളിലുള്ളവരാണ് അസാധാരണമായ അവസ്ഥ നേരിടുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. എന്തുകൊണ്ടാണ് ഈ അവസ്ഥയുണ്ടാകുന്നതെന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. പ്രദേശങ്ങളില്‍ ആരോഗ്യവിദഗ്ധരുടെ പരിശോധന തുടരുകയാണ്.
ഭുല്‍ദാനയിലെ ബുര്‍ഗാവോണ്‍, കല്‍വാദ്, ഹിംഗ്ന എന്നീ മൂന്ന് ഗ്രാമങ്ങളിലുള്ളവരിലാണ് അമിതമായ മുടികൊഴിച്ചില്‍ കാണപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായാണ് സ്ത്രീകളുടെ അടക്കം മുടി അമിതമായി കൊഴിയാന്‍ തുടങ്ങിയതെന്ന് ഗ്രാമവാസികള്‍ പറയുന്നു. മുടികൊഴിച്ചില്‍ ആരംഭിച്ചാല്‍ ഒരാഴ്ചക്കുള്ളില്‍ തന്നെ കഷണ്ടിയാകുമെന്നും കൈകള്‍ കൊണ്ട് വെറുതെ തൊടുമ്പോള്‍ പോലും വലിയ അളവില്‍ മുടി കൊഴിഞ്ഞ് പോവുകയാണെന്നും ഇവര്‍ പറയുന്നു.
നിരവധി ആളുകള്‍ക്ക് സമാനമായ അവസ്ഥയുണ്ടായതോടെയാണ് ജില്ലാമെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചത്. കൃഷിക്ക് അമിത അളവില്‍ ഉപയോഗിക്കുന്ന വളങ്ങള്‍ മൂലം ജലമലിനീകരണം സംഭവിച്ചതാകാം ജനങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടാകുക എന്നാണ് ആരോഗ്യവിദഗ്ധരുടെ പ്രാഥമിക വിലയിരുത്തല്‍. പ്രദേശത്തെ വെള്ളത്തിന്റെ സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്.
ഏകദേശം അമ്പതോളം പേര്‍ക്ക് നിലവില്‍ ഈ അവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ആരോഗ്യ വിദഗ്ധര്‍ പറഞ്ഞത്. ഈ എണ്ണം കൂടാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ പറയുന്നു. ആളുകളുടെ മുടിയുടെയും സ്‌കിന്നിന്റെയും സാമ്പിളുകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനാഫലം ലഭിക്കുന്നതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Content Highlights: Mass Hair Loss At 3 Maharashtra Villages Sparks Panic